കാലിക്കറ്റ് സർവകലാശാലാ പരീക്ഷകൾക്ക് ഈ അധ്യയന വർഷം മുതൽ തന്നെ ഓൺലൈൻ ചോദ്യങ്ങൾക്ക് തീരുമാനം. ആദ്യ ഘട്ടത്തിൽ യൂണിവേഴ്സിറ്റിയുടെ തേഞ്ഞിപ്പലം, തൃശൂർ ക്യാംപസുകളിലെ 35 പഠന വിഭാഗങ്ങളിൽ നടപ്പാക്കും. ചോദ്യങ്ങൾ ഓൺലൈനിൽ എത്തിച്ച് പരീക്ഷാകേന്ദ്രങ്ങളിൽനിന്ന് കടലാസിൽ പ്രിന്റ് എടുത്ത് നൽകും വിധമാണ് സംവിധാനം. പരീക്ഷയ്ക്ക് അര മണിക്കൂർ മുൻപ് ഓൺലൈനിൽ ചോദ്യങ്ങൾ പരീക്ഷാ കേന്ദ്രങ്ങളിൽ ലഭ്യമാക്കാനാണ് നീക്കം.
ഇതിനുള്ള സോഫ്റ്റ്‌വെയർ തയാറാക്കാൻ സർക്കാർ ഏജൻസിയെ നിയോഗിക്കാൻ സിൻഡിക്കറ്റിന്റെ പരീക്ഷാ സ്ഥിരസമിതി തീരുമാനിച്ചു. യൂണിവേഴ്സിറ്റി പഠന വകുപ്പുകളിലെ പിജി വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കാണ് ആദ്യമായി ഓൺലൈനിൽ ചോദ്യങ്ങൾ ലഭ്യമാക്കുക. യൂണിവേഴ്സിറ്റി പഠന കേന്ദ്രങ്ങളിൽ നടപ്പാക്കുന്ന പദ്ധതി വാഴ്സിറ്റി പരിധിയിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ഇക്കൊല്ലം തന്നെ നടപ്പാക്കാനാണ് തീരുമാനം.
കോപ്പിയടി തടയാനും സംവിധാനം
കോപ്പിയടി തടയാൻ വിദ്യാർഥിയുടെ പേരും റജിസ്റ്റർ നമ്പറും സഹിതമുള്ള ചോദ്യ പേപ്പറുകളാണ് നൽകുക. 3 സെറ്റ് ചോദ്യങ്ങൾ ഓരോ പരീക്ഷയ്ക്കും തയാറാക്കി നൽകും. അതിൽ ഒരു സെറ്റ് ചോദ്യങ്ങളാണ് കൺട്രോളറുടെ നിർദേശാനുസരണം കോൺഫിഡൻഷ്യൽ സെക്‌ഷനിൽ നിന്ന് ഓൺലൈൻവഴി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കുക. ചോദ്യങ്ങൾ ഡൗൺലോഡ് ചെയ്യാൻ പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോണിൽ ഒടിപി നമ്പർ ലഭിക്കുന്നതുൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ടാകും.


