കോഴിക്കോട് വിമാനത്താവളം: സൗകര്യങ്ങൾ ഒരുക്കുന്നതിനായി 5 മാസത്തേക്കു റൺവേ ഭാഗികമായി അടച്ചിടും


കരിപ്പൂർ: വലിയ വിമാനങ്ങൾ സർവീസിന് എത്തുന്നതിനു മുന്നോടിയായി കോഴിക്കോട് വിമാനത്താവളം റൺവേയിൽ ചില സൗകര്യങ്ങൾ ഒരുക്കുന്നതിനായി നാളെ (തിങ്കൾ 28/10/2019) മുതൽ 5 മാസത്തേക്കു റൺവേ ഭാഗികമായി അടച്ചിടും. പക്ഷേ, വിമാന സർവീസുകളെ കാര്യമായി ബാധിക്കില്ല. ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) എയർപോർട്ട് അതോറിറ്റിക്കു നൽകിയ നിർദേശങ്ങളുടെ ഭാഗമായാണു നവീകരണം. ശീതകാല സമയപ്പട്ടിക നിലവിൽ വരുന്ന നാളെ മുതൽ ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് 6 വരെയാണു റൺവേ അടച്ചിടുക. എന്നാൽ ജോലികൾ നാളെ ആരംഭിക്കില്ല.
വിമാനങ്ങൾ നിർത്തിയിടാൻ റൺവേയിൽനിന്നു പാർക്കിങ് ബേയിലേക്കു പോകുന്ന ടാക്സി ബേകളിലാണു നവീകരണം. ടാക്സി ബേയിൽ വിമാനങ്ങൾ തിരിയുന്ന ഭാഗത്ത് കൂടുതൽ സൗകര്യം ഏർപ്പെടുത്തുകയാണു ലക്ഷ്യം. കരിപ്പൂരിലെ  4 ടാക്സി ബേകളിലും നവീകരണം നടക്കും. 4.5 കോടി രൂപയാണ് ഇതിനു ചെലവു കണക്കാക്കുന്നത്. ഇതോടൊപ്പം വൈദ്യുതീകരണം ഉൾപ്പെടെയുള്ള മറ്റു ജോലികളും നിർദേശിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കുക, ചില ലൈറ്റുകൾ മാറ്റി സ്ഥാപിക്കുക തുടങ്ങി ഒരു കോടി രൂപയുടെ ജോലികൾ വേറെയും നടക്കും.

എയർ ഇന്ത്യ ഡിസംബറിൽ;എമിറേറ്റ്സ് തീരുമാനമായില്ല

 2015 റൺവേ നവീകരണത്തിന്റെ ഭാഗമായി പിൻവലിക്കപ്പെട്ട 2 വലിയ വിമാനങ്ങളാണ് എയർ ഇന്ത്യയും എമിറേറ്റ്സും. രാജ്യത്തെ വലിയ വിമാനമായ ജംബോ ബോയിങ് 747-400 വിമാനവുമായാണ് എയർ ഇന്ത്യ തിരിച്ചെത്താൻ ഒരുങ്ങുന്നത്. അതുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ പരിഹരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന റൺവേ സുരക്ഷാ സംഘത്തിന്റെ യോഗത്തിൽ തീരുമാനമായി. ഡിസംബറിൽ സർവീസ് പുനഃരാരംഭിക്കാനാണു ശ്രമം. എന്നാൽ, എമിറേറ്റ്സ് കോഴിക്കോട്ടേക്കു മടങ്ങിയെത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും എന്നു വരും എന്ന കാര്യത്തിൽ ധാരണയായിട്ടില്ല.

‘നോട്ടാം’ പ്രഖ്യാപിച്ചിട്ടില്ല

കോഴിക്കോട് വിമാനത്താവളം റൺവേ അടച്ചിടുന്നതുമായി ബന്ധപ്പെട്ടു നോട്ടാം (നോട്ടിസ് ടു എയർമാൻ) അധികൃതർ പുറപ്പെടുവിച്ചിട്ടില്ല. കൊച്ചി വിമാനത്താവളം റൺവേയും ഭാഗികമായി ഈ സമയം അടച്ചിടുന്നുണ്ട്. വിമാനവും വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട എല്ലാവർക്കുമുള്ള മുന്നറിയിപ്പാണു നോട്ടാം. റൺവേ നാളെ മുതൽ അടയ്ക്കുമെങ്കിലും നവീകരണ ജോലി തുടങ്ങുന്നതിന്റെ മുന്നോടിയായി മാത്രമേ നോട്ടാം ഉണ്ടാകൂ എന്നാണു വിവരം.

3 വിമാനങ്ങൾക്കു സമയമാറ്റം

 ശീതകാല സമയപ്പട്ടികയും നവീകരണ ജോലിയും കണക്കിലെടുത്ത് 3 വിമാന സർവീസുകളിലാണ് മാറ്റം. എയർ ഇന്ത്യയുടെ ഡൽഹി -കണ്ണൂർ -കോഴിക്കോട് വിമാന സർവീസ് നാളെ മുതൽ ഡൽഹി -കോഴിക്കോട് -കണ്ണൂർ വഴിയാകും യാത്ര. റൺവേ അടച്ചിടുന്ന സമയത്തെ സർവീസ് മാറ്റുന്നതിനാണു യാത്രാവഴി മാറ്റിയത്.ഡൽഹിയിൽനിന്നു കോഴിക്കോട് എത്തുന്ന വിമാനം 12.55നു കണ്ണൂരിലേക്കു പുറപ്പെടും. ആഴ്ചയിൽ ചൊവ്വ, ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തന്നെയാകും സർവീസ്.

ഉച്ചയ്ക്ക് 1.10നുള്ള സൗദി എയർലൈൻസിന്റെ കോഴിക്കോട്-ജിദ്ദ വിമാനം 12.55 നു പുറപ്പെടും.‌ ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണു സർവീസുകൾ.ഇൻഡിഗോയുടെ കോഴിക്കോട് -അബുദാബി വിമാനം ശീതകാല സമയപ്പട്ടികയിൽ തിരിച്ചെത്തും. നേരത്തേ രാത്രിയിലായിരുന്ന സർവീസ് പുതിയ സമയപ്പട്ടികയിൽ ഉച്ചയ്ക്ക് 12.25ലേക്കു മാറ്റി.

ശീതകാല സമയപ്പട്ടിക നാളെ മുതൽ;കൂടുതൽ വലിയ വിമാനങ്ങൾ ഉറപ്പായില്ല

 ‍വേനൽക്കാല സമയപ്പട്ടിക അവസാനിക്കുന്നതോടെ നാളെ മുതൽ ശീതകാല സമയപ്പട്ടിക നിലവിൽ വരും. ഈ സമയപ്പട്ടിക തയാറാക്കുമ്പോൾ കൂടുതൽ വലിയ വിമാനങ്ങളെ കോഴിക്കോട് വിമാനത്താവളം പ്രതീക്ഷിച്ചിരുന്നു. ഫ്ലൈനാസ് വിമാനം മാത്രമാണു പുതുതായി കോഴിക്കോട്ടേക്ക് എത്തിയത്. താൽക്കാലികമായി നിർത്തിയ കോഴിക്കോട് -അബുദാബി സെക്ടറിലെ ഇൻഡിഗോ സർവീസ് തിരിച്ചെത്തുന്നുണ്ട്. എന്നാൽ, മറ്റു വിമാനങ്ങളുടെ കാര്യത്തിൽ തീരുമാനമായില്ല.

പാർക്കിങ് ഏരിയ നവീകരിക്കും

വിമാനങ്ങൾ നിർത്തിയിടുന്ന പാർക്കിങ് ബേയും നവീകരിക്കും. റൺവേ അടയ്ക്കുന്ന സമയത്തുതന്നെ ജോലികൾ പൂർത്തിയാക്കും. അതേസമയം, കൂടുതൽ വിമാനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം ഏർപ്പെടുത്തുന്ന കാര്യത്തിൽ നടപടിയായിട്ടില്ല. റൺവേയുടെ വശങ്ങളിൽ മണ്ണിട്ട് നിരപ്പാക്കുന്നതുമായി ബന്ധപ്പെട്ട ജോലികളും നടക്കും.അതിനായി 3.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ ജോലികളും ഈ സമയം നടക്കും.
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !