താനൂർ കൊലപാതകം: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം



താനൂരിലെ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ ഇസഹാഖിന്റെ കൊലപാതകത്തില്‍ സിപിഎം നേതാവ് പി.ജയരാജന് ബന്ധമെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷം. ജയരാജനെതിരായ ആരോപണത്തെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന്  പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന്  സഭ ഇന്നത്തേക്ക് പിരി‍ഞ്ഞു.

പതിനൊന്നാം തീയതി പി ജയരാജന്‍ താനൂരിലെത്തി മടങ്ങിയതിന്ശേഷമാണ് ഇസ്ഹാക്കിന്റ കൊലപാതകത്തിനുള്ള കൗണ്ട് ടൗണ്‍ വാട്സാപ് വഴി തുടങ്ങിയതെന്ന് ആരോപിച്ചത് അടിയന്തരപ്രമേയത്തിന്റ അവതരണാനുമതി തേടിയ എം.കെ മുനീറാണ് . പ്രതികള്‍ക്കൊപ്പം പി.ജയരാജന്‍ നില്‍ക്കുന്ന ചിത്രങ്ങളും കൗണ്ട് ഡൗണ്‍ രേഖപ്പെടുത്തിയ വാട്സാപ്പ് സ്റ്റാറ്റസുകളും എം.കെ.മുനീര്‍ പുറത്തുവിടുകയും ചെയ്തു. കൂടത്തായി കൊലപാതകങ്ങളില്‍ ജോളി എന്നതുപോലെയാണ് എല്ലാ രാഷ്ട്രീയകൊലപാതകങ്ങളിലും സിപിഎമ്മിന്റെ സാന്നിധ്യമെന്നും മുനീര്‍. 

60 കൊല്ലം താനൂരില്‍ ലീഗ് എം.എല്‍.എ ഉണ്ടായിട്ടും ഒരു സിപിഎം പ്രവര്‍ത്തകന്‍ പോലും കൊല്ലപ്പെട്ടില്ലെന്നും പറഞ്ഞതോടെ സ്ഥലം എം.എല്‍.എ വി.അബ്ദുറഹ്മാന്‍ എഴുന്നേറ്റു. സിനിമാതിരക്കഥ പോലെ ഇമ്പമുള്ളതാണ് മുനീറിന്റെ അവതരണമെന്ന അബ്ദുറഹ്മാന്റെ പരാമര്‍ശം വന്‍പ്രതിഷേധത്തിനിടയാക്കി

തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി ആരെയും സംരക്ഷിക്കില്ലെന്നും മുഖംനോക്കാതെ നടപടിയെടുക്കുമെന്നും പറഞ്ഞു. സഭയിലില്ലാത്ത ജയരാജനെതിരെ പ്രതിപക്ഷം ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പ്രതിരോധിക്കാന്‍ എത്തിയില്ലെന്നതും ശ്രദ്ധേയം. ലീഗിന്റെ പേരെടുത്തുപറഞ്ഞ മുഖ്യമന്ത്രി സിപിഎം പ്രവര്‍ത്തകരുടെ പേര് പറയാന്‍ തയ്യാറാകാത്തതെന്തെന്ന് പ്രതിപക്ഷനേതാവ്. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചിട്ടും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം തുടര്‍ന്നതോടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !