മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ( 13-11-2019 )


ചുമടിന്‍റെ ഭാരം കുറയ്ക്കാന്‍ നിയമഭേദഗതി

ചുമട്ടുത്തൊഴിലാളികള്‍ എടുക്കുന്ന ചുമടിന്‍റെ പരമാവധി ഭാരം 75 കിലോഗ്രാമില്‍ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നതിന് കേരള ഹെഡ്ലോഡ് വര്‍ക്കേഴ്സ് ആക്ടില്‍ ഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരടുബില്‍ മന്ത്രിസഭ അംഗീകരിച്ചു. സ്ത്രീകളും പതിനഞ്ചിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ള ചെറുപ്പക്കാരും എടുക്കുന്ന ചുമടിന്‍റെ പരമാവധി ഭാരം 35 കിലോഗ്രാമായി നിജപ്പെടുത്തുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ജനീവയില്‍ നടന്ന അന്താരാഷ്ട്ര തൊഴില്‍ സമ്മേളനം അംഗീകരിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ചുമടിന്‍റെ ഭാരം കുറയ്ക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരുന്നത്.

നിയമനങ്ങള്‍ / മാറ്റങ്ങള്‍

ആനന്ദ് സിംഗിനെ ജി.എസ്.ടി കമ്മീഷണറായി നിയമിക്കും. ഇദ്ദേഹം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ ചുമതല തുടര്‍ന്നും വഹിക്കും.

ജി.എസ്.ടി കമ്മീഷണര്‍ ടിങ്കു ബിസ്വാളിനെ പാര്‍ലമെന്‍ററി അഫയേഴ്സ് സെക്രട്ടറിയായി മാറ്റി നിയമിക്കും.

മലബാര്‍ സിമന്‍റ്സിന്‍റെ മാനേജിംഗ് ഡയറക്ടറായി മുഹമ്മദലിയെ (ആനന്ദ് നഗര്‍, തൃശ്ശിനാപ്പള്ളി) നിയമിക്കാന്‍ തീരുമാനിച്ചു.

കൊച്ചി മെട്രോയിലെ 12 തസ്തികകള്‍ക്ക് 2019 ഏപ്രില്‍ 1 മുതല്‍ തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.

അഗ്നിരക്ഷാ സേവന വകുപ്പിനു കീഴില്‍ ഫോര്‍ട്ടു കൊച്ചി കേന്ദ്രമായി ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രം അനുവദിക്കുന്നതിന് 11 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതിനു പുറമെ പരിശീലന കേന്ദ്രത്തിന്‍റെ മേല്‍നോട്ടത്തിന് ഓരോ റീജിയണല്‍ ഫയര്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ തസ്തികകള്‍ കൂടി സൃഷ്ടിക്കും.

അഭിജിത്തിന്‍റെ കുടുംബത്തിന് പത്തു ലക്ഷം രൂപയും വീടും

ജമ്മു കാശ്മീരില്‍ മൈന്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച പുനലൂര്‍ അറയ്ക്കല്‍ സ്വദേശി അഭിജിത്തിന്‍റെ കുടുംബത്തിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു. അഭിജിത്തിന്‍റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് വീടും നല്‍കാനും തീരുമാനിച്ചു.

കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് വൈസ് പ്രസിഡന്‍റ് (ഓപ്പറേഷന്‍സ്) കെ.സി. ജയകുമാറിനെ അന്യത്രസേവന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചു.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഉന്നതാധികാര സമിതി അംഗീകരിച്ച വിവിധ പദ്ധതി നിര്‍ദേശങ്ങള്‍ ലോക ബാങ്കിന്‍റെ വികസന നയ വായ്പയില്‍ നിന്ന് തുക കണ്ടെത്തി നടപ്പിലാക്കാന്‍ തീരുമാനിച്ചു.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !