എടക്കര: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന് പൊലീസിൽ വ്യാജപരാതി നൽകുകയും പരാതി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവമോർച്ച നേതാവിനെതിരെ കേസെടുത്തു. പോത്തുകല്ല് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അജേഷ് പോത്തുകല്ലിന്റെ പരാതിയിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസിനെതിരെയാണ് എടക്കര പൊലീസ് കേസെടുത്തത്.
പോത്തുകല്ല് ഉൾപ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ എംപി കൂടിയായ രാഹുലിനെ കാണാനില്ല എന്ന് ഇന്നലെ എടക്കര പൊലീസിൽ വ്യാജപരാതി നൽകുകയും പരാതിയും രസീതും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത് രാഹുലിന്റെ ഖ്യാതിക്ക് ക്ഷതമുണ്ടാക്കിയതിനാണ് കേസ്. കോൺഗ്രസ് – ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് അജി തോമസ് പ്രചാരണം നടത്തിയതെന്നും അജേഷിന്റെ പരാതിയിൽ പറയുന്നു.



