സംസ്ഥാനത്ത് പിൻസീറ്റിൽ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധം.ബൈക്കിലെ രണ്ടു യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കികൊണ്ട് കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവിറക്കിയത്.
ആദ്യ ഘട്ടത്തിൽ പിഴ ഒഴിവാക്കി ബോധവൽക്കരണം നടത്താനാണ് തീരുമാനം. പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ഹെൽമറ്റ് ധരിക്കാത്തവർ വാഹനത്തിലുണ്ടെങ്കിൽ ഉടമയിൽനിന്ന് 500 രൂപ പിഴ ഈടാക്കും. കുറ്റം ആവർത്തിച്ചാൽ 1000 രൂപയാവും പിഴ. നിയമലംഘനം തുടർന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ഈടാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
നിയമലംഘനങ്ങൾ തടയാൻ 85 സ്ക്വാഡുകളാണ് സംസ്ഥാനത്തുള്ളത്. കുട്ടികളുൾപ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുൻപാണ് ഹൈക്കോടതി ഉത്തരവിട്ടത്. പിൻസീറ്റുകാർക്കും ഹെൽമറ്റ് നിർബന്ധമാണെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.


