ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു. എഡി 571 ല്‍ മക്കയില്‍ ജനിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1493ആം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. ഹിജ്റ വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. നബിദിനത്തിന്‍റെ ഭാഗമായി വിവിധ മതസംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മദ്രസകളും പള്ളികളും കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങളില്‍ പ്രവാചക കീര്‍ത്തനങ്ങള്‍, നബിദിന സന്ദേശ റാലി, മതപ്രഭാഷണങ്ങള്‍, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ഭക്ഷണ വിതരണം തുടങ്ങിയ ചടങ്ങളുകള്‍ നടക്കും. വിവിധ മഹല്ലുകള്‍ കേന്ദ്രീകരിച്ചാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
മാനവികതയുടെ പ്രതിജ്ഞ പുതുക്കാനുള്ള അവസരമാണ് നബിദിനമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. ധാർമികമൂല്യങ്ങളെ ജീവിതചര്യയായി സ്വീകരിക്കാനും അധാർമിക പ്രവണതകളെ തിരുത്താനും തയാറാകണം. കുടുംബ, സാമൂഹിക ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലും അനാഥരോട് കരുണാർദ്രമായ സമീപനം സ്വീകരിക്കുന്നതിലും പ്രവാചകജീവിതം മാതൃകയാകണം. വൈരവും വിദ്വേഷവുമില്ലാത്ത, സ്‌നേഹപൂർണമായ ലോകമാണ് പ്രവാചകന്റെ സന്ദേശം. നബിദിന ഘോഷയാത്ര ഗതാഗത തടസ്സമുണ്ടാക്കാതെ നടത്തണം. പരിസര ശുചിത്വം പാലിക്കണമെന്നും തങ്ങൾ ആവശ്യപ്പെട്ടു.
എ.പി. അബൂബക്കർ മുസല്യാർ
കോഴിക്കോട്∙ പരസ്പര വിശ്വാസവും നീതിപൂർവകമായ പങ്കുവയ്പിന്റെ സംസ്കാരവും വളർത്താനുള്ള പ്രതിജ്ഞ പുതുക്കലാകണം നബിദിനാഘോഷങ്ങളെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ.പ്രവാചകൻ നിർദേശിച്ച ഉൽകൃഷ്ടവും മാതൃകായോഗ്യവുമായ ജീവിതത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളുകയും പകർത്തുകയും ചെയ്യാനുള്ള പ്രേരണ നൽകുകയാണ് റബീഉൽ അവ്വൽ മാസം. ആഘോഷങ്ങൾ ജാതി, മത വ്യത്യാസമില്ലാതെ ജനങ്ങൾ പരസ്പരം സന്തോഷം പങ്കുവയ്ക്കുന്ന വേദികളാണ്. – കാന്തപുരം പറഞ്ഞു.
സമസ്ത വിദ്യാഭ്യാസ ബോർഡ്
തേഞ്ഞിപ്പലം ∙ നബിദിനാഘോഷം അതിന്റെ പവിത്രത കാത്തുസൂക്ഷിച്ചു വേണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ.പി.അബ്ദുൽ സലാം മുസല്യാരും ജനറൽ സെക്രട്ടറി എം.ടി.അബ്ദുല്ല മുസല്യാരും സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടു വരുത്താതെ വേണം ആഘോഷ പരിപാടികൾ നടത്താൻ. ആഘോഷം അർഥപൂർണമാക്കാനും പ്രവാചകചര്യ പിൻപറ്റി ജീവിത വിജയം നേടാനും സാധിക്കട്ടെയെന്ന് ഇരുവരും നബിദിന സന്ദേശത്തിൽ പറഞ്ഞു.
ഒ.പി.എം. മുത്തുക്കോയ തങ്ങൾ
മലപ്പുറം ∙ മാനവചരിത്രത്തെ ഏറെ സ്വാധീനിച്ച പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിത ദർശനങ്ങൾ ശാന്തിയുടെ പ്രതീകമാണെന്നും അതു പിന്തുടരുവാൻ മുസ്‌ലിം സമൂഹം മുന്നോട്ടുവരണമെന്നും മലപ്പുറം ഖാസി ഒ.പി.എം.സയ്യിദ് മുത്തുക്കോയ തങ്ങൾ നബിദിന സന്ദേശത്തിൽ പറഞ്ഞു. പരസ്പര സഹകരണവും പങ്കിടലും മനുഷ്യജീവിതത്തിന്റെ ഉൾക്കാമ്പാണെന്നാണു നബി പഠിപ്പിച്ചത്. ആധുനിക സമൂഹത്തിൽ അതിന്റെ അനിവാര്യത കൂടുതൽ തെളിഞ്ഞുവരികയാണ്.
കാരുണ്യത്തിന്റെ നീരുറവയിലൂടെ ഹൃദയങ്ങളെ സ്ഫുടം ചെയ്യാനുള്ള ശേഷി നബിയുടെ ദർശനങ്ങൾക്കുണ്ട്. അതിന്റെ പ്രയോഗവൽക്കരണത്തിലൂടെ സാമൂഹികവും ആത്മീയവുമായ ഔന്നത്യം കൈവരിക്കാൻ വിശ്വാസികൾക്കു നബിദിനം പ്രേരണയാവട്ടെയെന്ന് ഖാസി പറഞ്ഞു.
എസ്‍വൈഎസ്
മലപ്പുറം ∙ മറ്റുള്ളവരെ ഉൾകൊള്ളാനുള്ള വിശാല മനസ്സാണ് തിരുനബിയുടെ ജീവിത സന്ദേശം നമുക്ക് നൽകുന്നതെന്ന് എസ്‍വൈഎസ്ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, ജനറൽ സെക്രട്ടറി എം.അബൂബക്കർ എന്നിവർ നബിദിന സന്ദേശത്തിൽ പറഞ്ഞു. അസഹിഷ്‌ണുതയും സങ്കുചിത വീക്ഷണങ്ങളും മാനവിക മൂല്യങ്ങളെ തകർക്കുകയാണ്. സ്വന്തം ആദർശത്തിൽ ഉറച്ചുനിൽക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്നതൊടൊപ്പം ഇതര ആദർശങ്ങളെക്കൂടി ഉൾക്കൊള്ളുന്നതാണ് സഹിഷ്‌ണുതയെന്നും നബിദിന സന്ദേശത്തിൽ പറഞ്ഞു.


