സുവർണ ജൂബിലി പിന്നിട്ട കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി വൈസ് ചാൻസലർക്കും പ്രോ വൈസ് ചാൻസലർക്കും സെനറ്റിന്റെ യാത്രയയപ്പ്. സെനറ്റ് ഹൗസിൽനടന്ന ചടങ്ങിൽ പ്രോ ചാൻസലർ കൂടിയായ മന്ത്രി കെ.ടി. ജലീലാണ് പരിപാടി ഉദ്ഘാടനംചെയ്തത്.
വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീറിന്റെയും പ്രോ വൈസ് ചാൻസലർ ഡോ. പി. മോഹനന്റെയും നേതൃത്വത്തിൽ നാലുവർഷത്തിനിടെ നിശ്ശബ്ദവിപ്ലവമാണ് കാലിക്കറ്റിൽ നടന്നതെന്ന് മന്ത്രി പറഞ്ഞു. കലുഷിതമായ അന്തരീക്ഷത്തിൽ കാലിക്കറ്റിലെത്തുകയും മാനുഷികമായി കാര്യങ്ങളെ സമീപിക്കുകയും ചെയ്തയാളാണ് ഡോ. ബഷീറെന്നും മന്ത്രി പറഞ്ഞു.
അടുത്ത് നാക് റാങ്കിങ്ങിൽ എ ഡബിൾ പ്ലസ് നേടുന്നതിന് സർവകലാശാലാ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് വി.സി. ഓർമപ്പെടുത്തി. സർവകലാശാലയുടെ ഡിജിറ്റൽ ടെക്‌നോളജി കൂടുതൽ മൂന്നോട്ടു കൊണ്ടുപോകണമെന്ന് പ്രോ വി.സി. ഡോ. പി. മോഹൻ പറഞ്ഞു.
ചടങ്ങിൽ സിൻഡിക്കേറ്റംഗം ഡോ. എം.എം. നാരായണൻ അധ്യക്ഷനായി. സിൻഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, എൻ.വി. അബ്ദുറഹ്‌മാൻ, സെനറ്റംഗങ്ങളായ അഡ്വ. എം. രാജൻ, ഡോ. ടി. മുഹമ്മദലി, പ്രൊഫ. കെ.കെ. ഗീതാകുമാരി, വിനോദ് എൻ. നീക്കാമ്പുറത്ത്, ഡി.എസ്.യു. ചെയർമാൻ ഇ. ബിതുൽ, പരീക്ഷാ കൺട്രോളർ ഡോ. സി.സി. ബാബു, രജിസ്ട്രാർ ഡോ.സി.എൽ. ജോഷി, തുടങ്ങിയവർ സംസാരിച്ചു.


