മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ൾ ഇ​നി ’പ​രി​വാ​ഹ​ൻ’ സോ​ഫ്റ്റ്‌വെയ​റി​ലൂ​ടെ



മലപ്പുറം : മോട്ടോർവാഹന വകുപ്പിന്റെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവൻ വാഹനവിവരങ്ങളും കേന്ദ്രീകൃത സോഫ്റ്റ്‌വേറായ ‘പരിവാഹനി’ലേക്ക് മാറ്റുന്നു. നിലവിൽ ഉപയോഗിക്കുന്ന ‘സ്‌മാർട്ട്‌ മൂവിൽ’ നിന്നാണ് വാഹനങ്ങളുടെ വിവരങ്ങൾ പുതിയ സോഫ്റ്റ്‌വേറിലേക്ക് മാറ്റുന്നത്. ഇങ്ങനെ മാറ്റിയ വാഹനമുടമകൾക്കുള്ള മുഴുവൻ സേവനങ്ങളും പരിവാഹനിലൂടെ മാത്രമേ ഇനി ലഭിക്കൂ.

പുതിയ സോഫ്റ്റ്‌വേറിലേക്ക് മാറ്റുന്ന വാഹനങ്ങളുടെ വിവരങ്ങൾ parivahan.gov.in എന്ന വെബ്‌സൈറ്റിലും mparivahan.gov.in എന്ന മൊബൈൽ ആപ്പിലും ഡിജി ലോക്കറിലും ലഭ്യമാകും. ഉൾപ്പെടുത്തിയ വിവരങ്ങളിൽ തെറ്റുകളുണ്ടെങ്കിലും വിവരങ്ങൾ ലഭ്യമല്ലെങ്കിലും ബന്ധപ്പെട്ട റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസറെയോ ജോയിന്റ് ആർ.ടി.ഒയെയോ രേഖാമൂലം അറിയിക്കണം.

പരിവാഹൻ സോഫ്റ്റ്‌വേർ വഴി സേവനങ്ങൾ ലഭ്യമാകാൻ വാഹനമുടമകൾ സ്വന്തം മൊബൈൽനമ്പർ അപ്‌ഡേറ്റ് ചെയ്യണം. സേവനങ്ങൾക്ക് ഓൺലൈനിലാണ് അപേക്ഷകൾ നൽകേണ്ടത്.

പുതിയ സോഫ്‌റ്റ്‌വേർ ഉപയോഗിച്ച് ആദ്യതവണ നികുതിയടയ്ക്കുമ്പോൾ നികുതികാലയളവിലോ തുകയിലോ വ്യത്യാസമുണ്ടായാൽ ഓഫീസുമായി ബന്ധപ്പെടണം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒരിക്കൽ പരിഹരിച്ചാൽ പിന്നീട് ആവർത്തിക്കാത്ത വിധത്തിലാണ് സോഫ്റ്റ്‌വേർ ഒരുക്കിയിരിക്കുന്നത്.

ഘട്ടംഘട്ടമായാണ് സോഫ്റ്റ്‌വേറിൽ വിവരങ്ങൾ ചേർക്കുന്നത്. മുഴുവൻ രജിസ്‌ട്രേഷൻ സീരീസിലും ഒന്നുമുതൽ 500 വരെ നമ്പർ വാഹനങ്ങളുടെ വിവരങ്ങൾ ഇതിനകം പരിവാഹനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ളവ ഉൾപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇക്കാലയളവിൽ ടാക്‌സ്, ഫീസ്, രജിസ്‌ട്രേഷൻ, രജിസ്‌ട്രേഷൻ പുതുക്കൽ, പെർമിറ്റ് പുതുക്കൽ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾക്ക് നേരത്തേതന്നെ അപേക്ഷകൾ സമർപ്പിക്കണമെന്ന് മലപ്പുറം റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !