പൊന്നാനി: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട 'മഹ' ചുഴലിക്കാറ്റിന്റെ തുടർച്ചയെന്നോണം പൊന്നാനി തീരദേശത്ത് രൂക്ഷമായ കടലാക്രമണം. പൊന്നാനി അഴിമുഖം മുതൽ പാലപ്പെട്ടി കാപ്പിരിക്കാട് വരെ തീരദേശത്ത് ആയിരത്തിൽ പരം വീടുകളിലേക്ക് വെള്ളം കയറി. കടലിനോട് ചേർന്ന് താമസിക്കുന്ന തീരദേശത്തെ മുഴുവൻ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പൊന്നാനി അഴീക്കൽ മുതൽ പുതുപൊന്നാനി വരെയുള്ള നഗരസഭ പരിധിയിലും വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് കടലാക്രമണം രൂക്ഷമായത്. പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, മുക്കാലി, അലിയാർ പളളി, എം.ഇ.എസിന് പിറകുവശം, മുറിഞ്ഞഴി,പൊലീസ് സ്റ്റേഷന്റെ പിറകുവശം, മുല്ലറോഡ്, പുതുപൊന്നാനി, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പാലപ്പെട്ടി അജ്മീർ നഗർ എന്നിവിടങ്ങളിൽ കടൽ ആഞ്ഞടിക്കുകയാണ്.
അതിശക്തമായ തിരമാലകളിൽ കടൽവെള്ളം നിരവധി വീടുകളിലേക്ക് കയറി. മുറിഞ്ഞഴി മേഖലയിലാണ് കടലാക്രമണം ഭീതി വിതയ്ക്കുന്നത്. കൂടാതെ തണ്ണിത്തുറയിലും കടലാക്രമണം ശക്തമാണ്. കടൽവെള്ളം തീരത്ത് കെട്ടി നിൽക്കുകയാണ്. കടൽഭിത്തി ഭേദിച്ചെത്തുന്ന തിരമാലകൾ തീരത്ത് വെള്ളക്കെട്ട് തീർത്തു. കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനുള സാദ്ധ്യത കണക്കിലെടുത്ത് തീരത്തുള്ളവരോട് വീടൊഴിയാൻ നഗരസഭ, റവന്യൂ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. പൊന്നാനി എം ഐ ബോയ്സ് എച്ച്.എസ്.എസ്, വെളിയങ്കോട് ജി.എഫ്.എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരിക്കുന്നത്.
വേലിയേറ്റ സമയമായ ഉച്ചമുതൽ വൈകിട്ട് വരെയുള്ള സമയങ്ങളിലാണ് കടൽ തിരമാലകൾ ആഞ്ഞടിച്ചെത്തിയത്. ഈ ഭാഗത്തെ നൂറുകണക്കിന് തെങ്ങുകൾ ഏത് നിമിഷവും നിലം പൊത്തുമെന്ന സ്ഥിതിയിലാണ്. കടൽഭിത്തികൾ പൂർണ്ണമായും, ഇല്ലാത്ത ഭാഗങ്ങളിൽ തിരമാലകൾ നേരിട്ട് വീടുകളിലേക്കെത്തുന്ന സ്ഥിതിയുണ്ട്. കടലാക്രമണത്തെ പ്രതിരോധിക്കാൻ ചാക്കുകളിൽ മണൽ നിറച്ച് വീടിന് മുന്നിൽ ഇടുന്നുണ്ടെങ്കിലും ശക്തമായ തിരയിൽ ഇവയും കടലെടുക്കുകയാണ്. തീരത്ത് മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും ഇടിയോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നവംബർ മൂന്നുവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
അർദ്ധരാത്രി രണ്ടരയോടെ കാതടപ്പിക്കുന്ന ശബ്ദത്തിൽ ചുഴലിക്കാറ്റ്. തൊട്ടുപിന്നാലെ തീരത്തെ വീഴുങ്ങുന്ന തരത്തിൽ തിരമാലകൾ. വീശിയടിച്ച കാറ്റും നിലയ്ക്കാത്ത കൂറ്റൻ തിരമാലകളും ഒരേ സമയമെത്തുന്നത് അപൂർവ്വ അനുഭവമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ചു നിന്നു തീരത്തള്ളുവർ. നേരം വെളുത്തിട്ടും തിരമാലകൾക്കും കാറ്റിനും ശമനമില്ല. 'മഹ' ചുഴലിക്കാറ്റിന്റെ അനുരണനങ്ങൾ തീർത്ത ഭീകരതയിൽ പേടിച്ചു വിറച്ചിരിക്കുകയാണ് പൊന്നാനി തീരദേശത്തുള്ളവർ.
കടൽ ഇത്രയേറെ പ്രക്ഷുബ്ധമായി അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്ന് തീരവാസികൾ പറയുന്നു. ചെളി കലങ്ങി വെള്ളമുയർന്നാണ് കടലിന്റെ പ്രക്ഷുബ്ധത. കടൽഭിത്തി മറികടന്ന് മൂന്നാൾ ഉയരത്തിലാണ് തിരമാലകൾ തീരത്തേക്കെത്തിയത്. ഇടതടവില്ലാത്ത തിരമാല പ്രവാഹമാണുണ്ടാകുന്നത്. തീരത്തേക്ക് കടൽ അനിയന്ത്രിതമായി കയറിയിട്ടുണ്ട്. ശക്തമായ കാലവർഷത്തിൽ പോലും കടൽ ഇത്രയേറെ തീരത്തേക്ക് കയറാറില്ലെന്ന് തീരവാസികൾ പറഞ്ഞു. ഒരൊറ്റ ദിവസം കൊണ്ടാണ് കടലിന്റെ സ്വഭാവം മാറിമറിഞ്ഞത്. ആഴക്കടലിലും കടലിന്റെ പ്രക്ഷുബ്ധത പ്രകടമായിരുന്നു. പൊന്നാനി അഴിമുഖം മുതൽ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള തീരദേശം പൂർണ്ണമായും കടലിന്റെ പ്രക്ഷുബ്ധത നേരിട്ടു.
തീരത്തെ വീടുകളൊക്കെയും കടൽ വെള്ളവും ചളിയും കൊണ്ട് ചുറ്റപ്പെട്ട നിലയിലാണ്. വ്യാഴാഴ്ച രാത്രിയും കടലാക്രമണവും കാറ്റും തുടർന്നാൽ വലിയ നാശനഷ്ടങ്ങളുണ്ടാവും. കഴിഞ്ഞ കടലാക്രമണങ്ങളിൽ മണ്ണ് മൂടിയും അല്ലാതെയും ഭാഗികമായി തകർന്ന മുറിഞ്ഞഴി മേഖലയിലെ വീടുകൾ ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഓഖി മുതൽ തുടർച്ചയായുണ്ടായ കടലാക്രമണം മുറിഞ്ഞഴി തീരത്തെ വിടാതെ പിന്തുടരുകയാണ്. ദുരന്തമേഖലയ്ക്ക് സമാനമാണ് മുറിഞ്ഞഴി തീരം. കടൽഭിത്തിയില്ലാത്ത ഭാഗങ്ങളിലേക്ക് കടൽ പരന്നു കയറുകയാണ്. കടൽഭിത്തിയുള്ള ഭാഗങ്ങളിൽ കല്ലുകൾ ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്.
ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും കടലാക്രമണം അപ്രതീക്ഷിതമായിരുന്നു. അതിനാൽ യാതൊരു മുന്നൊരുക്കങ്ങളും തീരത്തെ വീട്ടുകാർ നടത്തിയില്ല. കടൽ പ്രക്ഷുബ്ധമായതോടെ സഞ്ചികളിൽ മണൽ നിറച്ച് വീടുകൾക്ക് മുന്നിൽ തടയണ തീർത്തെങ്കിലും കാര്യമുണ്ടായില്ല. തിരമാലകൾ പത്തടിയിലേറെ ഉയരത്തിലാണ് തീരത്തേക്കെത്തിയത്. തീരത്തെ റോഡുകളൊക്കെ മണൽ മൂടി ഗതാഗതം തടസപ്പെട്ടു.
നൂറിൽ പരം കുടുംബങ്ങൾ വീടൊഴിഞ്ഞിട്ടുണ്ട്. മരക്കടവ് മേഖലയിൽ തീരത്തു നിന്ന് ബദർപള്ളി വരെയുള്ള ഇരുന്നൂറ് മീറ്ററോളം ഭാഗം വെള്ളക്കെട്ടിലാണ്. വെളളിയാഴ്ച്ചയും കാറ്റും മഴയും തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ തീരത്തുള്ളവർ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറ്റിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വർഷത്തിൽ പലതവണ കടലാക്രമണം നേരിടേണ്ടി വരുന്നതിനാൽ തീരം വിട്ട് മറ്റെവിടേക്കെങ്കിലും താമസം മാറാൻ സൗകര്യമൊരുക്കിയാൽ പോകാൻ തയ്യാറായിരിക്കുകയാണ് പൊന്നാനി തീരത്തുള്ളവർ.


