തയ്യൽകടയിലെത്തി യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ പോലീസ് തെളിവെടുപ്പ് നടത്തി. യുവതിയുടെ ഭർത്താവായ പ്രതി കൊല്ലം വടക്കേവിള സ്വദേശി റഹ്‌മത്ത് മഹലിൽ അഷ്‌റഫിന്റെ(52) അറസ്റ്റ് വെള്ളിയാഴ്ച പോലീസ് രേഖപ്പെടുത്തി.
തുടർന്നാണ് സബ് ഇൻസ്‌പെക്ടർ വി. വിജയരാജന്റെ നേതൃത്വത്തിൽ ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തത്. ബ്ലേഡ് ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി. കൃത്യം നടത്തിയ കെട്ടിടത്തിന് താഴേനിന്നും ബ്ലേഡ് കണ്ടെടുത്തു. സംഭവസ്ഥലത്ത് ഫോറൻസിക് വിഭാഗവും തെളിവെടുത്തു.
ആക്രമണത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന എടവണ്ണ പാലോളി ഫൗസിയ(40)അപകടനില തരണംചെയ്തു. മുൻ വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
അഷ്‌റഫും ഫൗസിയയും ഇപ്പോൾ അകന്നുകഴിയുകയാണ്. കഴിഞ്ഞദിവസം ഫോൺ ചെയ്തപ്പോൾ ഭാര്യ പ്രകോപനപരമായി സംസാരിച്ചതായും പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ഇയാൾ കൃത്യം നടത്തിയതെന്നും പോലീസ് പറയുന്നു.
സംഭവത്തിനുശേഷം ദേഹാസ്വസ്ഥ്യത്തെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് എടവണ്ണ പോലീസ് സബ് ഇൻസ്‌പെക്ടർ വി. വിജയരാജൻ അറസ്റ്റുചെയ്ത് തെളിവെടുപ്പിനെത്തിച്ചത്.


