മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിയാണ് സിനാന് വീട് നിർമ്മിച്ച് നൽകുക. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിർദ്ദേശ പ്രകാരം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് സിനാന്റെ എടക്കരയിലെ വീട്ടിൽ നേരിട്ടെത്തിയാണ് വീട് നൽകുന്ന പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ പ്രളയത്തിൽ സിനാനും കുടുംബവും താമസിക്കുന്ന വാടക വീട്ടിൽ വെള്ളം കയറി സകലതും നഷ്ടപ്പെട്ടിരുന്നു. വീട്ടുപകരണങ്ങൾ ക്കൊപ്പം സിനാൻ ജീവന് തുല്യം സ്നേഹിച്ച പാട്ട് പുസ്തകവും നശിച്ചു. മാതാവ് ജുമൈലത്തിന്റെ സഹായത്തോടെ പാട്ട് പുസ്തകം പകർത്തി എഴുതിയാണ് സിനാൻ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ മിന്നും താരമായത്.
ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഇസ്മായിൽ മൂത്തേടം, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി, ജസ്മൽ പുതിയറ, സെറീന മുഹമ്മദാലി, സി.എച്ച് അബ്ദുൽ കരീം, എ.അബ്ദുള്ള, സത്താർ മാഞ്ചേരി, അനീസ് കൂരാട്, കെ.ആലിക്കുട്ടി, സി.പി കുഞ്ഞാപ്പ, എൻ.കെ അഫ്സൽ എന്നിവർ സംബന്ധിച്ചു.


