ജിദ്ദ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൗദിയിൽ നടപ്പിലാക്കിയ ലോക്‌ഡൗൺ കാരണം ജോലി നഷ്ടപ്പെട്ടും, ലീവിന് വന്ന് തിരിച്ച് പോകാൻ സാധിക്കാതെയും ജോലിയും ശമ്പളവുമില്ലാതെയും പ്രയാസപ്പെടുന്ന മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കുടുംബസുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ പ്രവാസികൾക്ക് അവരുടെ കുടുംബത്തിന്റെ നിത്യജീവിത ചെലവുകൾ നിറവേറ്റുന്നതിനായി പലിശ രഹിത വായ്പ നൽകാൻ പ്രസിഡണ്ട് പി.എം.എ. ഗഫൂർ പട്ടിക്കാടിന്റെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫ്രൻസ് വഴി ചേർന്ന ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ജില്ലാ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയിൽ കഴിഞ്ഞ മൂന്ന് വർഷം തുടർച്ചയായി അംഗത്വം നിലനിർത്തിയ ഏറ്റവും അനുയോജ്യരായവർക്കാണ് പലിശ രഹിത വായ്‌പ അനുവദിക്കുക. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉൽഘാടനം ചെയ്തു, പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികളെ ചേർത്ത് പിടിച്ച് സെൻട്രൽ കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുന്ന "കാരുണ്യ ഹസ്തം" റിലീഫ് കിറ്റ് വിതരണവുമായ് ബന്ധപ്പെട്ട് സാമ്പത്തികമായി സഹായിച്ചും, കിറ്റിലേക്ക് വേണ്ട ധാന്യങ്ങൾ സമാഹരിച്ചും വലിയ പിന്തുണ നൽകി കൊണ്ടിരിക്കുന്ന ജില്ലാ കമ്മിറ്റി, ഇപ്പോൾ മുന്നോട്ട് വെക്കുന്ന പലിശ രഹിത വായ്പാ പദ്ധതി തികച്ചും മതൃകാപരവും അവസരോചിതവുമാണെന്ന് അദ്ധേഹം പറഞ്ഞു.
കുടുംബത്തിൻറെ ഏക ആശ്രയമായ പ്രവാസി ലോക് ഡൗൺ കാരണം വരുമാനമില്ലാതെ ജോലിയും ശമ്പളവുമില്ലാതെ പ്രവാസ ലോകത്ത് റൂമിൽ ഇരിക്കേണ്ട അവസ്ഥയിൽ നാട്ടിലെ കുടുംബത്തിൻറെ നിത്യ ചെലവിന് പോലും മറ്റ് മാർഗ്ഗങ്ങളില്ലാതെ വിഷമിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഏറ്റവും അനുയോജ്യരായവർക്ക് 10,000 രൂപ വീതം പലിശ രഹിത വായ്‌പ അനുവദിക്കുന്നതിന് മലപ്പുറം ജില്ലാ കെ.എം.സി.സി പദ്ധതി തയ്യാറാക്കിയത്.
ജില്ലാ കമ്മിറ്റിയുടെ കീഴ്‌ഘടകമായ മണ്ഡലം കമ്മിറ്റികളുടെ ശുപാർശക്ക് വിധേയമായിട്ടായിരിക്കും വായ്പ അനുവദിക്കുക.
കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ഇക്കൊല്ലത്തെ കുടുംബ സുരക്ഷാ പദ്ധതി കാമ്പയിൻ വൻ വിജയമാക്കിയ മുഴുവൻ മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത്, ഏരിയ കമ്മിറ്റികളേയും കോർഡിനേറ്റർമാരേയും യോഗം അഭിനന്ദിച്ചു.
ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത് കാരണം പ്രയാസത്തിലായ പ്രവിസികൾക്ക് താങ്ങാവേണ്ടിയിരുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അലംഭാവം പ്രകടിപ്പിച്ചപ്പോൾ, ജാതി മത - രാഷ്ടീയ വ്യവ്യസ്ഥതകൾക്കതീതമായി അവിടങ്ങളിൽ സഹായം എത്തിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നത് കെ.എം.സി.സി മാത്രമായിരുന്നുവെന്ന് യോഗം വിലയിരുത്തി.
ജിദ്ദയിൽ ലോക് ഡൗണിൽ പ്രയാസപ്പെട്ടവർക്ക് ആവശ്യമരുന്നുകളെത്തിച്ചും ഭക്ഷണ കിറ്റുകളെത്തിച്ചും സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങൾ നടത്തിയ സെൻട്രൽ കമ്മിറ്റിയെ യോഗം അഭിനന്ദിച്ചു, ജില്ലാ കെ.എം.സി.സി ചെയർമാൻ ബാബു നഹ്ദിയുടെ നേതൃത്വത്തിൽ മെഡിക്കൽ എയ്ഡുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് അദ്ധേഹം വിശീദീകരിച്ചു.
പകർച്ചവ്യാധിയുള്ളപ്പോൾ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുന്നതിന് വിശ്വാസപരമായ ബാധ്യതയുള്ളവരാണ് നമ്മൾ എന്നതിനാൽ, നാട്ടിലേക്ക് മടങ്ങിപോവുന്നതിന് പരിമിതമായ സൗകര്യങ്ങൾ ഇപ്പോൾ ലഭ്യമാണെങ്കിലും, നാട്ടിലെ അവസ്ഥ മനസ്സിലാക്കി വിസാ കാലാവധിയുള്ളവർ പ്രവാസ ലോകത്ത് തന്നെ തുടരുന്നതാണ് ഭാവി ജീവിതത്തിന് അഭികാമ്യമെന്നും യോഗം അഭിപ്രായപ്പെട്ടു.
കേരളത്തിൽ ലോക് ഡൗൺ കാരണം വിദേശത്തേക്ക് മടങ്ങിപ്പോവാൻ കഴിയാത്തവർക്കായി നോർക്ക വഴി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായം എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നും, ഇപ്പോൾ പ്രവാസലോകത്ത് നിന്നും ജോലി നഷ്ട്ടപ്പെട്ട് മടങ്ങിവരുന്നവർക്ക് കൂടി ധനസഹായം ലഭിക്കുന്നതിന് വേണ്ടി അപേക്ഷിക്കുവാനുള്ള സമയ പരിധി ദീർഘിപ്പിക്കണമെന്നും അവർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനും മറ്റുമായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിസാം മമ്പാട്, വി.പി. മുസ്തഫ, സി.സി. കരീം, ഇസ്ഹാഖ് പൂണ്ടോളി, ജില്ലാ ഭാരവാഹികളായ മജീദ് അരിമ്പ്ര, സീതി കൊളക്കാടൻ, ഇൽയാസ് കല്ലിങ്ങൽ, നാസർ കാടാമ്പുഴ, അബ്ബാസ് വേങ്ങൂർ, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സുൽഫീക്കർ ഒതായി, വി.വി. അഷ്റഫ്, അബ്ദുൽ ഗഫൂർ വടക്കാങ്ങര തുടങ്ങിയവരും വിവിധ മണ്ഡലം പ്രസിഡണ്ട് സെക്രട്ടറിമാരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും ഓർഗ: സെക്രട്ടറി കെ.ടി. ജുനൈസ് നന്ദിയും പറഞ്ഞു, യാസിദ് തീരൂർ ഖിറാഅത്ത് നടത്തി.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !