ലൈലത്തുൽ ഖദ്ർ; വിധി നിർണയ രാവ്. പി.എം.എസ്.ഉബൈദുല്ല തങ്ങൾ ഐദറൂസി, മേലാറ്റൂർ

0

ഇസ്ലാമിക വീക്ഷണത്തിൽ മനുഷ്യന്, അവന്റെ പ്രവർത്തനമേഖലകൾ സാമൂഹിക അന്തരീക്ഷവുമായി ബന്ധപ്പെട്ടുള്ളതാണ്. വൈയക്തികവും കുടുംബപരവുമായ അടിസ്ഥാന വ്യവഹാരങ്ങൾ ഉൾപ്പെടെ, വിശ്വാസപരവും ആരാധനാ സംബന്ധവുമായ നിഖില മേഖലകളിലും ഒരു കൂട്ടംചേരലിന്റെ വ്യവസ്ഥ പിന്തുടരാൻ ജൈവിക പ്രേരണയും ദൈവീക ശാസനയും ഉള്ള വിഭാഗം.

എന്നാൽ ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം മാനവ സമൂഹത്തെ, ആഗോള തലത്തിൽ തന്നെ  ഈ അടിസ്ഥാനപരമായ കൂട്ടം ചേരലുകളിൽ നിന്നും വിലക്കുന്ന അതി നിർണായകമായ ഒരു ഘട്ടത്തിലാണ് ഇന്ന് നാം ഉളളത്. കൊവിഡ് 19  എന്ന മഹാമാരിയുടെ വ്യാപനം തടയുകയോ അതിന്റെ സംഹാര ശേഷി ലഘൂകരിക്കുകയോ ചെയ്യാനെങ്കിലും സാമൂഹ്യ അകലം പാലിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല എന്ന യാഥാർഥ്യം ലോകം ഉൾക്കൊണ്ടു കഴിഞ്ഞു. മാനവ സമൂഹം അനിവാര്യതയുടെ ഭാഗമായി  സ്വയം തെരഞ്ഞെടുത്ത ഒറ്റപ്പെടലിന്റെ വർത്തമാനകാല സാഹചര്യത്തിൽ, സമാഗതമായ പുണ്യ റമദാൻ മാസത്തിലെ നിർദ്ദിഷ്ട സമൂഹ ആരാധനാ കർമങ്ങൾക്കു നേരിട്ട തടസങ്ങൾ മുസ്ലിം സമൂഹത്തെ അക്ഷരാർത്ഥത്തിൽ ആത്മ നൊമ്പരപ്പെടുത്തുമെന്നതിൽ സംശയമില്ല. ജുമുഅ ജമാഅത്തുകളും, റമദാനിലെ വിശിഷ്ട നിശാ നിസ്കാരങ്ങളും തുടങ്ങി അനേകം കർമങ്ങൾ.
എന്നാൽ, അടിമകൾക്ക്  വിധിവിലക്കുകൾ അംഗീകരിക്കുന്നതിൽ, ഉദാരമായ വഴി തുറന്നു തരുന്ന, ഉടമസ്ഥനായ അല്ലാഹുവിന്റെ കാരുണ്യങ്ങൾക്കപ്പുറം നഷ്ട ചിന്തകൾ ആസ്ഥാനത്താകുന്നു. ലോക്‌ഡൌൺ കാലത്തെ ഒറ്റപ്പെടൽ, പൂർണാർത്ഥത്തിൽ ദൈവീക സാമീപ്യം ലഭ്യമാക്കാൻ ഉപയുക്തമാകുന്ന സുവർണാവസരമാക്കി  പരിവർത്തിപ്പിക്കുകയാണ് നാം വേണ്ടത്. സൃഷ്ടാവും സൃഷ്ടിയും തമ്മിൽ ഇത്രമേൽ അടുക്കാൻ പറ്റിയ മറ്റൊരവസരം കുറവായിരിക്കും. ഏകാന്തതയുടെയും ഐഹീക പരിത്യാഗങ്ങളുടെയും ചരിത്രങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത്, സമ്പൂർണ്ണ  ജീവിതാസ്വാദന പരിത്യാഗമല്ല. വിധിവിലക്കുകളുടെ അതിർവരമ്പുകൾ പാലിച്ചു കൊണ്ടുള്ള സൂക്ഷ്മതയും ആത്മ  സംസ്കരണവുമാണ്. ഏകാന്തതയുടെ രാപകലുകൾ സൂക്ഷ്മതയോടെ ആരാധനാ ധന്യമാക്കുക വഴി,സമൂഹനന്മകൾ എത്ര മാത്രം നഷ്ടമാകുന്നുവോ അതിലേറെ നന്മകൾ ഈ സോഷ്യൽ ഡിസ്റ്റൻസ് കാലത്ത്  നേടിയെടുക്കാൻ നമുക്ക് സാധ്യമാകും.
വിശുദ്ധ റമദാനിലെ ആയിരം മാസങ്ങളേക്കാൾ പുണ്യം നിറഞ്ഞ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന ഈ അവസരത്തിൽ വിശേഷിച്ചും.  

വിശ്വാസിയെ സംബന്ധിച്ചിടത്തോളം ലൈലത്തുൽ ഖദ്റിനുള്ള പ്രാധാന്യം വിവരണാതീതമാണ്. വിധി, തീരുമാനം, മഹത്വം എന്നൊക്കെയാണ് ഖദ്‌റിന്റെ അര്‍ഥം. ഈ രാത്രിയിലെ സല്‍കര്‍മങ്ങള്‍ ലൈലതുല്‍ ഖദ്ർ ഇല്ലാത്ത ആയിരം മാസങ്ങളിലെ സല്‍കര്‍മങ്ങളെക്കാള്‍ ശ്രേഷ്ഠമാണ്. ‘യഥാര്‍ഥ വിശ്വാസത്തോടെയും പ്രത്യേകം പരിഗണിച്ചും ലൈലതുല്‍ ഖദ്‌റില്‍ ആരെങ്കിലും നിസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടും’ എന്ന് നബി(സ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്. 

മുഹമ്മദ് നബിയുടെ സമുദായത്തിനുള്ള പാരിതോഷികമായാണ് ഈ രാവിനെ അല്ലാഹു പരിചയപ്പെടുത്തുന്നത്. ആയുർദൈർഘ്യം കൂടുതലുള്ളവരായിരുന്നു മുൻകാല സമുദായങ്ങൾ. ഇക്കാരണത്താൽത്തന്നെ നൂറ്റാണ്ടുകളോളം ദൈവാരാധന നടത്താൻ അവർക്കു കഴിഞ്ഞു. എന്നാൽ, 60 നും 70നും ഇടയിലാണ് മുഹമ്മദീയ സമുദായത്തിന്റെ ആയുസ്സ് (ഹദീസ്). ആരാധനകളുടെ കാര്യത്തിൽ മുൻകാല സമുദായങ്ങളുമായി കിടപിടിക്കുവാനും അവരെ മറികടക്കുവാനും ലൈലത്തുൽ ഖദ്ർ സഹായിക്കുന്നു. 

ലൈലത്തുൽ ഖദ്റിനെക്കുറിച്ച് പ്രത്യേകമായൊരു അധ്യായംതന്നെയുണ്ട് ഖുർആനിൽ. ‘നിശ്ചയം നാം ഇതിനെ (ഖുർആനിനെ) ലൈലത്തുൽ ഖദ്റിൽ അവതരിപ്പിച്ചിരിക്കുന്നു. ലൈലത്തുൽ ഖദ്ർ എന്താണെന്ന് നിങ്ങൾക്കറിയാമോ? ആയിരം മാസങ്ങളേക്കാൾ ഉത്തമമാകുന്നു അത്. മാലാഖമാരും ആത്മാവും ദൈവാനുമതിപ്രകാരം എല്ലാ കാര്യങ്ങളുമായി അന്ന് ഇറങ്ങിവരുന്നു. പ്രഭാതോദയംവരെ അത് സമാധാനമത്രെ’ (97:15).

ശരാശരി മനുഷ്യൻ തന്റെ ആയുഷ്കാലമത്രയും ആരാധനാ കർമങ്ങൾക്കായി ചെലവഴിച്ചാലും നേടിയെടുക്കാൻ കഴിയാത്ത മഹത്വം ലൈലത്തുൽ ഖദ്റിന്റെ ഒരേയൊരു രാത്രിയിലൂടെ നേടിയെടുക്കാനാകും. അറുപതും എഴുപതും വർഷം മാത്രം നീണ്ടുനിൽക്കുന്ന നമ്മുടെ ജീവിതചക്രത്തെ ഈ ഒരൊറ്റ രാത്രികൊണ്ട് നന്മയുടെ ആധിക്യവുമായി മറികടക്കാൻ  കഴിയുന്നത് ഇക്കാരണത്താലാണ്.

നബി തിരുമേനി ഒരിക്കൽ ബനൂ ഇസ്റാഈൽ സമുദായത്തിലെ ഒരു യോദ്ധാവിനെ അനുയായികൾക്കു പരിചയപ്പെടുത്തി. ശക്തനായ ഈ യോദ്ധാവിനു മുന്നിൽ നിരന്തര പരാജയം നേരിട്ട ശത്രുക്കൾ ഭർത്താവിനെ കീഴടക്കാൻ തങ്ങൾക്ക് അവസരമൊരുക്കിത്തന്നാൽ സമ്പത്ത് നൽകാമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയെ പ്രലോഭിപ്പിച്ചു. ഭാര്യയുടെ വഞ്ചനയ്ക്കു വിധേയനായി ശത്രുസൈന്യം യോദ്ധാവിനെ കീഴടക്കുന്നു. ഈ സമയം തന്റെ രക്ഷയ്ക്കായി ഇയാൾ അല്ലാഹുവിനോടു പ്രാർഥിക്കു കയും പ്രാർഥന കേട്ട അല്ലാഹു രക്ഷപ്പെടാനുള്ള വഴി കാണിക്കുകയും ചെയ്തു. ഇതുപോലെ നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം കിട്ടാൻ എന്തു ചെയ്യണമെന്ന് അനുയായികൾ പ്രവാചകനോടു ചോദിച്ചു. വിശുദ്ധ റമദാനിലെ അനുഗ്രഹീത രാത്രികളിലെ പ്രാര്ഥനകളിലൂടെ നേടിയെടുക്കാൻ സാധിക്കുമെന്ന് പ്രവാചകൻ (സ) വിശദീകരിച്ചു.

റമസാനിലെ അവസാന പത്തു ദിനങ്ങൾ പ്രവാചകൻ പ്രത്യേകമായി ആരാധനകൾക്കു തയാറെടുക്കുമായിരുന്നു. അല്ലാഹുവിന്റെ അടുക്കല്‍ മഹത്തായ പദവി നേടിയെടുക്കാന്‍ അവ മുഖേന വിശ്വാസിക്ക് സാധിക്കുന്നതാണ്. പാപങ്ങളില്ലാത്ത നബി (സ) പോലും ഈ ദിനങ്ങളില്‍ കഠിനാധ്വാനം ചെയ്തതിനുള്ള കാരണവും മറ്റൊന്നല്ല. ആഇശ(റ) പറയുന്നു:’ അവസാന പത്തില്‍ പ്രവേശിച്ചാല്‍ തിരുമേനി(സ) രാത്രിയില്‍ ഉറക്കമൊഴിക്കുകയും കുടുംബത്തെ ഉണര്‍ത്തുകയും മുണ്ട് മുറുക്കിയുടുത്ത് തയാറാവുകയും ചെയ്യാറുണ്ടായിരുന്നു’. 
പ്രതിഫലങ്ങളുടെ ആ പവിത്ര രാവ് എന്നാണെന്നു പ്രവാചകൻ (സ) വ്യക്തമായി പറഞ്ഞുതരാത്തതു റമസാൻ മുഴുവനും നഷ്ടപ്പെടുത്താതെ ജീവസുറ്റതാക്കാൻ വേണ്ടിയാണ്. ലൈലതുല്‍ ഖദ്ര്‍ ഏത് ദിവസമാണെന്ന് കൃത്യമായി പറയുക സാധ്യമല്ല. ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു: ”നബി (സ) ലൈലതുല്‍ ഖദ്ർ ഏതു ദിവസമാണെന്നറിയിക്കാന്‍ ഞങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടു. അപ്പോള്‍ മുസ്‌ലിംകളില്‍ പെട്ട രണ്ടു പേര്‍ ശണ്ഠകൂടുന്നത് കണ്ടു. അപ്പോള്‍ നബി ((സ)പറഞ്ഞു. ലൈലതുല്‍ ഖദ്‌റിന്റെ ദിവസം പ്രഖ്യാപിക്കാന്‍ വന്നതായിരുന്നുഞാന്‍. അപ്പോഴാണ് ഈ രണ്ടുപേര്‍ ബഹളം വയ്ക്കുന്നത്. അതോടെ അല്ലാഹു അത് ഉയര്‍ത്തിക്കളഞ്ഞു. ഒരു പക്ഷെ അതുനിങ്ങള്‍ക്ക് ഗുണത്തിനായേക്കാം. ഏതെങ്കിലും ഒരു പ്രത്യേകദിനത്തില്‍ മാത്രം ഇബാദത്തുകള്‍ ചെയ്ത് ബാക്കി ദിനങ്ങളില്‍ അലസരാകുന്നത് അല്ലാഹു ഇഷ്ടപ്പെട്ടില്ല. നിശ്ചിതരാവാണെന്ന് വ്യക്തമായാല്‍ മറ്റ് രാവുകള്‍ വൃഥാ പാഴാക്കാന്‍ കാരണമാകുന്നു. 

അന്ത്യനാളില്‍ വിശ്വാസികളുടെ നന്മകള്‍ക്ക് എങ്ങനെ എങ്കിലും വര്‍ധനവ് ഉണ്ടാകണമെന്നാണ് കാരുണ്യവാനായ അല്ലാഹു ഉദ്ദേശിക്കുന്നത്. മലക്കുകളുടെ മുന്‍പില്‍ അല്ലാഹു അഭിമാനത്തോടെ ഇങ്ങനെ പറയും: ലൈലത്തുല്‍ ഖദ്‌റ് കൃത്യമായി അറിയാതിരിന്നിട്ടുപോലും എന്റെ അടിമകള്‍ രാത്രിയില്‍ ഇബാദത്തിലാണ്. ഇത് അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ എത്രമാത്രം ഇബാദത്ത് ചെയ്യുമായിരുന്നു. റമദാന്റെ അവസാന പത്തിലാണ് അതെന്നാണ് ശക്തമായ നിഗമനം. ആഇശാ ബീവി പറയുന്നു: ‘നബി (സ) പറഞ്ഞു: നിങ്ങള്‍ റമദാനിന്റെ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ പ്രതീക്ഷിക്കുക’ (ബുഖാരി) 

ബുഖാരി തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്: ‘ഇബ്‌നുഉമറി(റ)ല്‍ നിന്ന് നിവേദനം. ചില സ്വഹാബികള്‍ക്ക് ലൈലതുല്‍ ഖദ്‌റിനെക്കുറിച്ചുള്ള സ്വപ്നദര്‍ശനമുണ്ടായി. റമദാനിന്റെ അവസാന ഏഴുദിവസങ്ങളിലായിരുന്നു ഇത്. ഇതറിഞ്ഞ നബി (സ) പറഞ്ഞു. നിങ്ങളുടെ സ്വപ്നദര്‍ശന പ്രകാരം ലൈലതുല്‍ ഖദ്‌റ് കാംക്ഷിക്കുന്നവര്‍ റമദാന്റെ ഒടുവിലത്തെ ഏഴു രാവുകളില്‍ പ്രതീക്ഷിക്കുക.’ ‘നിങ്ങള്‍ റമദാനിലെ അവസാനത്തെ പത്തില്‍ ലൈലതുല്‍ ഖദ്‌റ് പ്രതീക്ഷിക്കുക. അതില്‍ തന്നെ 21, 23, 25 രാവുകളില്‍’ (ബുഖാരി) അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) പറയുന്നു. ‘ലൈലതുല്‍ ഖദ്‌റിനെപ്പറ്റി നബി(സ്വ)യോടു ചോദിച്ചപ്പോള്‍ അത് എല്ലാ റമദാന്‍ മാസത്തിലുമാണെന്നായിരുന്നു അവിടുന്നു മറുപടി പറഞ്ഞത്.’ (അബൂദാവൂദ്, ത്വബ്‌റാനി). അബൂഹുറൈറ (റ) പറയുന്നു: ‘ഞങ്ങള്‍ നബി (സ)യുടെ അടുക്കല്‍ വച്ച് ലൈലതുല്‍ ഖദ്‌റിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അപ്പോള്‍ അവിടുന്നു ചോദിച്ചു. ഇനി ഈ മാസത്തില്‍ എത്രയുണ്ട് ബാക്കി? ഞങ്ങള്‍ പ്രതിവചിച്ചു: 22 ദിനങ്ങള്‍ കഴിഞ്ഞു. അപ്പോള്‍ നബി (സ) പറഞ്ഞു. 22 ദിവസം കഴിഞ്ഞു. ഇനി ഏഴുദിനങ്ങള്‍ കൂടി ബാക്കിയുണ്ട്. അതില്‍ 29-മത്തെ രാവില്‍ നിങ്ങള്‍ ലൈലതുല്‍ ഖദ്‌റ് പ്രതീക്ഷിക്കുക.’

ഖുര്‍ആനില്‍ നിന്നുള്ള സാഹചര്യ നിഗമനങ്ങളുടെയും ഹദീസ് പാഠങ്ങളുടെയും സച്ചരിതരായ പണ്ഡിത മഹത്തുക്കളുടെ മഹദ്‌വചനങ്ങളുടെയും അടിസ്ഥാനത്തില്‍ ലൈലതുല്‍ ഖദ്‌റ് റമദാന്‍ ഇരുപത്തിയേഴാം രാവില്‍ ആകാനുള്ള സാധ്യത ഏറെയാണ്. മുസ്‌ലിം ലോകം പ്രസ്തുത ദിവസത്തിന് പ്രാധാന്യം നല്‍കിയാണ് ആരാധനകളിലും ഇഅ്തികാഫിലുമായി കഴിയുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇരുപത്തിയേഴാം രാവാണ് മുസ്‌ലിം ലോകം ലൈലതുല്‍ ഖദ്‌റായി പൂര്‍വകാലം മുതല്‍ അനുഷ്ഠിച്ചുവരുന്നത്. ഇതു തന്നെയാണ് ഭൂരിഭാഗം പണ്ഡിതരുടെ വീക്ഷണവും.’ (തര്‍ശീഹ്, 1168, റാസി 3230). കുറഞ്ഞ ആയുസിൽ കൂടുതൽ കാലം ജീവിച്ച് പുണ്യങ്ങൾ കൊയ്‌തെടുക്കുന്ന ഒരു അനുഭൂതിയാണിത്.

സമൂഹ നിശാ നിസ്കാരങ്ങളും, സമൂഹ പ്രാർത്ഥനകളും സാമൂഹ്യ നന്മകളും അല്ലാഹുവിന്റെ ഭവനങ്ങളിലെ    ഇഅതികാഫ് പോലെയുളള അനേകം പുണ്യകർമ്മങ്ങളും  ഇന്ന് നമുക്ക് അസാധ്യമാണെന്നിരിക്കെ, നമ്മുടെ നന്മകൾ വർധിപ്പിക്കാൻ ഈ ഏകാന്തതയുടെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി, പാപമുക്തി തേടുന്നത്തിലൂടെ, ഹൃദയ വിമലീകരണത്തിന്റെ ലക്ഷ്യ സാക്ഷാത്കാരം നേടാൻ, ജീവിതം തന്നെ   സമ്പൂർണ്ണ  സമർപ്പണത്തിന്റെ ഉലയിൽ ഊതിക്കാച്ചിയെടുക്കാകാൻ ഈ വിലപ്പെട്ട സമയം നമുക്ക് വിനിയോഗിക്കാം.

പി.എം.എസ്.ഉബൈദുല്ല തങ്ങൾ ഐദറൂസി, മേലാറ്റൂർ
(SIC സഊദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട്) 


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !