കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന പരാതിയിൽ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. കൊച്ചിയിലെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിന്റെ (2010) ലംഘനം നടന്നെന്ന പരാതിയിലാണ് നടപടി. കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല.
പ്രാഥമികമായി വിദേശത്തുനിന്ന് വന്ന പണം അതിന്റെ ഉദ്ദേശത്തിന് വിരുദ്ധമായി ചെലവഴിച്ചതായുള്ള ആരോപണത്തിന്‍മേലാണ് കേസ്. കൊച്ചിയില്‍ പ്രത്യേക കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് സിബിഐ വ്യക്തമാക്കുന്നു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി അനില്‍ അക്കര എംഎല്‍എ സിബിഐക്ക് പരാതി നല്‍കിയിരുന്നു. റെഡ് ക്രസന്റുമായടക്കം പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ നിയമവിരുദ്ധമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പദ്ധതിക്കു വേണ്ടി പണം നല്‍കിയപ്പോള്‍ ഒരു കോടി രൂപ കമ്മിഷന്‍ കിട്ടിയെന്നു സ്വപ്ന മൊഴി നല്‍കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
നിര്‍മാണക്കരാര്‍ ഒപ്പിട്ടത് യു.എ.ഇ. കോണ്‍സുലേറ്റും യൂണിടാകും തമ്മിലാണെന്ന രേഖ പുറത്തുവന്നിരുന്നു. ലൈഫ് മിഷന്‍ സി.ഇ.ഒ.യും റെഡ് ക്രസന്റ് പ്രതിനിധികളും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പിട്ട ധാരണാപത്രത്തില്‍ പറഞ്ഞതുപ്രകാരമല്ല ഉപകരാറുണ്ടാക്കിയത്. സംസ്ഥാന സര്‍ക്കാരോ സര്‍ക്കാരുമായി ധാരണയിലെത്തിയ റെഡ് ക്രസന്റോ നിര്‍മാണക്കരാറില്‍ ഉള്‍പ്പെടാത്തതും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
കേന്ദ്രാനുമതിയില്ലാതെയാണ് കരാര്‍ ഒപ്പിട്ടതെന്നതും വിവാദമായി. ഇതിനുപിന്നാലെ, ഇ.ഡി. ലൈഫ് മിഷന്‍ സി.ഇ.ഒ.യില്‍നിന്നും ചീഫ് സെക്രട്ടറിയില്‍നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ യു.വി. ജോസില്‍നിന്ന് ഇ.ഡി. മൊഴിയെടുക്കുകയും ചെയ്തിരുന്നു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷണമല്ല സിബിഐ അന്വേഷണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !