പാലക്കാട് : നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് ഫോണിലൂടെ കയര്‍ത്ത് സംസാരിച്ച കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. പാലക്കാട് ഒറ്റപ്പാലം പാലപ്പുറം സ്വദേശിയായ വിഷ്ണുവെന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് മുകേഷിനോട് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫോണില്‍ ബന്ധപ്പെട്ടത്. എം.എല്‍.എ കുട്ടിയോട് കയര്‍ത്തു സംസാരിക്കുന്ന ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി. മുകേഷിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പരാതി നല്‍കുമെന്നും മുകേഷും വ്യക്തമാക്കി. പിന്നാലെയാണ് കുട്ടി പ്രതികരണവുമായി മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയത്. പ്രാദേശിക സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കുട്ടിയുടെ പ്രതികരണം.
കുട്ടിയുടെ പ്രതികരണത്തില്‍ നിന്ന് :
മുകേഷേട്ടനെ വിളിച്ചിരുന്നു. അപ്പോള്‍ മുകേഷേട്ടന്‍ ഗൂഗിള്‍ മീറ്റിങ്ങിലാണെന്ന് പറഞ്ഞു. കുറച്ചുകഴിഞ്ഞ് വിളിക്കാനും പറഞ്ഞു. പിന്നീട് ഞാന്‍ ആറ് തവണ വിളിച്ചു. ആറാമത്തെ തവണ വിളിച്ചപ്പോള്‍ ഗൂഗിള്‍ മീറ്റ് കട്ടായി എന്ന് പറഞ്ഞെു മുകേഷേട്ടന്‍ തിരിച്ചുവിളിച്ചു. ഞാന്‍ ഫോണ്‍ വിളിച്ചത് റെക്കോര്‍ഡ് ചെയ്തത് സിനിമാ നടനെ വിളിച്ചതുകൊണ്ടാണ്. സ്‌കൂളില്‍ ഒരുപാട് കുട്ടികള്‍ക്ക് ഫോണ്‍ ഇല്ലാത്തവര്‍ ഉണ്ട്. അതിനൊരു സഹായത്തിന് സിനിമാനടന്‍ കൂടി അല്ലേ..അതുകൊണ്ടാണ് വിളിച്ചത്. ആറ് പ്രാവശ്യം വിളിച്ചതുകൊണ്ടാവും ദേഷ്യപ്പെട്ടത്. എനിക്കതില്‍ ഒരു പ്രശ്‌നവും ഇല്ല. കൂട്ടുകാരന് ഫോണ്‍ കിട്ടാനാണ് മുകേഷിനെ വിളിച്ചത്. അദ്ദേഹം ഫോണ്‍ ഇല്ലാത്തവര്‍ക്ക് ഫോണ്‍ വാങ്ങിക്കൊടുക്കുന്നതായി കേട്ടിരുന്നു.
എനിക്ക് ഫോണ്‍ കിട്ടാന്‍ കുറേ ബുദ്ധിമുട്ടിയിരുന്നു. അമ്മയുടെ ശമ്പളം ഒക്കെ ഉപയോഗിച്ചാണ് ഫോണ്‍ വാങ്ങിയത്. ബാക്കിയുള്ള കുട്ടികള്‍ എത്ര കഷ്ടപ്പെടുന്നുണ്ടാകും അതുവിചാരിച്ചാണ് വിളിച്ചത്.
റെക്കോര്‍ഡ് ചെയ്ത സംഭാഷണം കൂട്ടുകാരന് മാത്രമെ ഷെയര്‍ ചെയ്തുകൊടുത്തുള്ളുവെന്നും കുട്ടി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ വോയിസ് പ്രചരിക്കപ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ലെന്നും വിഷ്ണു പറയുന്നു.
പാര്‍ട്ടി കുടുംബത്തിലെ അംഗമാണ് വിഷണുവെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും സിപിഎം പ്രദേശിക നേതൃത്വം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !