കണ്ണൂര്‍: കേരളത്തില്‍ നിന്നുള്ള പ്രമുഖ വാന്‍ ലൈഫ് യുട്യൂബ് ചാനലാണ് ഇ-ഇബുള്‍ജെറ്റ്. എബിന്‍-ലിബിന്‍ എന്നീ സഹോദരങ്ങള്‍ ആരംഭിച്ച ഈ ചാനല്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വളരെ വിജയകരമായി മാറുകയും ചെയ്തു. വലിയൊരു ആരാധാക സമൂഹവും ഇവരുടെ ചാനലിനുണ്ട്. എന്നാല്‍ ഇവരുടെ വാഹനമായ നെപ്പോളിയന്‍ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്.
ഇന്ന് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഇരുവരും കണ്ണൂരിലെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഓഫീസില്‍ എത്തിയപ്പോള്‍ നാടകീയമായ രംഗങ്ങളാണ് ഉണ്ടായിരിക്കുന്നത്. ആര്‍ടിഒ ഓഫീസിനുള്ളില്‍ പ്രതിഷേധിച്ച ഇരുവരേയും പൊലീസെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയും ചെയ്തു.
നിയമങ്ങള്‍ ലംഘിച്ച് രൂപമാര്രം വരുത്തിയതും നികുതി ഇനത്തില്‍ അടക്കേണ്ട തുകയില്‍ വീഴ്ച വരുത്തിയെന്നും കാണിച്ചായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഇവരുടെ കാരവാനായ നെപ്പോളിയിന്‍ പിടിച്ചെടുത്തത്. വാഹനത്തില്‍ നിയമവിരുദ്ധമായി നടത്തിയിട്ടുള്ള രൂപമാറ്റത്തിന് പിഴയായി ഏകദേശം 42000 രൂപ പിഴയായി ഈടാക്കുമെന്നാണ് കണ്ണൂര്‍ ആര്‍ടിഒ ഓഫീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ഇന്ന് ആര്‍ടിഒ ഓഫീസില്‍ എത്തിയ ഇ-ബുള്‍ജെറ്റ് നടത്തിപ്പുകാരായ എബിനും ലിബിനും ഓഫീസിന് അകത്ത് അനധികൃതമായി ആള്‍ക്കൂട്ടമുണ്ടാക്കുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തപ്പോഴാണ് പൊലീസിനെ വിളിച്ചതെന്നും ആര്‍ടിഒ ഓഫീസ് അധികൃതര്‍ വ്യക്തമാക്കുന്നു.
ടാക്സ് അടച്ചതില്‍ കുറവുണ്ടെന്നുള്ള കാരണത്താലാണ് വാഹനം പിടിച്ചെടുത്തത്. നിയമപരമല്ലാത്ത നിരവധി രൂപമാറ്റങ്ങള്‍ ഈ വാഹനത്തില്‍ നടത്തിയിട്ടുണ്ട്. ഇതുപോലുള്ള വാഹനം റോഡില്‍ ഓടുമ്പോള്‍ മറ്റ് യാത്രക്കാര്‍ക്ക് അപകടം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതൊക്കെയുള്ള കാരണങ്ങള്‍ വെച്ചാണ് വണ്ടി പിടിച്ചെടുത്തത്. ചെക്ക് റിപ്പോര്‍ട്ട് എഴുതിക്കൊടുത്തതിനെ തുടര്‍ന്ന് അവര്‍ തന്നെയാണ് വണ്ടി ഇവിടെ കൊണ്ടുവിട്ടതെന്നും ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥനായ പത്മലാല്‍ പറയുന്നു.
മനപ്പൂര്‍വ്വം പ്രക്ഷോഭം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു. ഓഫീസിന് അകത്ത് കയറി ജോലി തടസ്സപ്പെടുത്തുകയായിരുന്നു. ചെക്ക് റിപ്പോര്‍ട്ട് എഴുതി എന്നുള്ളത് അന്തിമ വാക്കല്ല. അവര്‍ക്ക് അതിനെ കോടതിയില്‍ നേരിടാന്‍ കഴിയുന്നതാണ്. അല്ലാതെ ഓഫീസില്‍ വന്ന് പ്രശ്നം ഉണ്ടാക്കുകയല്ല വേണ്ടത്. നിയമങ്ങളെ കുറിച്ചുള്ള അജ്ഞത കൊണ്ടാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത്. ചെക്ക് റിപ്പോര്‍ട്ടിനെതിരായ പരാതി കണ്‍ട്രോള്‍ റൂമില്‍ തന്നാല്‍ അതിനെ വിശകലനം ചെയ്യാന്‍ കഴിയുന്ന അധികാരികള്‍ ഇവിടെയുണ്ട്.
അത്തരത്തിലുള്ള ഓഫീസര്‍മാര്‍ ഇവിടെ ഉള്ളപ്പോഴാണ് വന്ന് പ്രശ്നം ഉണ്ടാക്കിയത്. ഇത് കൃത്യമായ നിയമലംഘനമാണ്. നിയമത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നുള്ളത് ഒരോ ഇന്ത്യന്‍ പൗരന്‍റേയും കടമയാണ്. അത് ചെയ്യാത്തിടത്തോളം കാലം നടപടിയുണ്ടാവും. യഥാര്‍ത്ഥത്തില്‍ ഇന്ന് ഇവിടെ കണ്ടത് ഒരു നാടകമാണ്. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കി ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാമെന്നുള്ള തെറ്റായ സന്ദേശം നല്‍കുകയാണ് അവരെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.
നിയമപ്രകാരം അല്ലാത്ത ഒരു കാര്യവും മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അതിനെ അവര്‍ക്ക് കോടതികളില്‍ ചലഞ്ച് ചെയ്യാം. അല്ലാതെ തന്നെ അന്വേഷണം നടത്താനുള്ള മാര്‍ഗ്ഗങ്ങളുണ്ട്. അല്ലാതെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിക്കാതെ ആളുകളെ വിളിച്ച് കൂട്ടി ഓഫീസില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയല്ല വേണ്ടത്. അതിനെ അംഗീകരിക്കാന്‍ കഴിയില്ല.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുകയും ഓഫീസിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തപ്പോഴാണ് പൊലീസിനെ വിളിച്ച് വരുത്തേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു. ആര്‍ടിഒയുടെ പരാതി അനുസരിച്ച് കേസ് എടുക്കുന്നത് പരിഗണിക്കുമെന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് വ്യക്തമാക്കിയത്. ഇരുവരും ഇപ്പോള്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. ഇത് സംബന്ധിച്ച് ആര്‍ടിഒയുടെ പരാതി ഉടന്‍ ലഭിക്കുമെന്ന് ടൗണ്‍ പൊലീസ് വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പോലീസില്‍ പരാതി നല്‍കുമെന്നും വാഹനം പോലീസിന് കൈമാറുമെന്നും കണ്ണൂര്‍ എം വി ഐ പദ്മലാല്‍ വ്യക്തമാക്കി. അതേസമയം ആര്‍ടിഒ ഓഫീസില്‍ നിന്നും യുവാക്കള്‍ ചിത്രീകരിച്ച വൈകാരികമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
തങ്ങളെ പൊലീസും ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥരും മര്‍ദ്ദിച്ചുവെന്ന് അടക്കമുള്ള ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കലും പൂര്‍ത്തിയാക്കിയ വാഹനം കഴിഞ്ഞ ദിവസമാണ് എറണാകുളത്ത് നിന്നും എത്തിയത്. ഇതിന് ശേഷമാണ് എംവിഡി വാഹനം പിടിച്ചെടുത്തത്. പിന്നീട് നികുതി അടച്ചെന്ന കാര്യം വ്യക്തമാക്കിയപ്പോള്‍ വാഹനം വിട്ടുനല്‍കി. എന്നാല്‍ പിറ്റേ ദിവസം വാഹനം വീണ്ടും പിടിച്ചെടുക്കുകയായിരുെന്നും ഇ-ബുള്‍ജെറ്റ് ഉടമകള്‍ യുട്യൂബ് വീഡിയോയില്‍ പറയുന്നു.
രാജ്യത്ത് ഉടനീളം യാത്ര ചെയ്യുന്ന വാഹനമാണിത്. അവിടുത്തെ സാഹചര്യങ്ങളില്‍ കൂടി ഓടിക്കാന്‍ കഴിയുന്ന സൗകര്യത്തിലുള്ള ലൈറ്റുകളാണ് വാഹനത്തില്‍ പിടിപ്പിച്ചിട്ടുള്ളതെന്നും എബിനും ലിബിനും പറയുന്നു. അതേസമയം. ഇവരുടെ പേജിലും യൂട്യൂബിലും എംവിഡിക്കെതിരെ വലിയ വിമര്‍ശനമാണ് നടക്കുന്നത്. ഇതില്‍ പലതും വ്യക്തിപരമായ പരാമാര്‍ശങ്ങളാണെന്നും. അത്തരത്തിലുള്ളതിനെതിരായ പരിശോധിച്ച് നടപടി എടുക്കുമെന്നും എംവിഡി അധികൃതര്‍ വ്യക്തമാക്കുന്നു.
'ഒരു സ്വപ്നം യാഥാർത്ഥ്യമാക്കാൻ വർഷങ്ങളോളം എടുക്കും പക്ഷേ ആ സ്വപ്നം ഇല്ലാതാക്കാൻ ഒരു സ്റ്റേ യോ ഒരു പരാതിയോ മതി എന്ന് ഞങ്ങൾക്ക് മനസ്സിലായി മടുത്തു ഇനി ഈ നാട്ടിൽ ഇല്ല ഇ-ബുള്‍ജെറ്റ് എല്ലാം നിർത്തുന്നു നെപ്പോളിയന്‍ കയ്യിൽ നിന്ന് പോയപ്പോൾ എന്തോ ഒരു വിഷമം ഇത്രയും നാൾ പിടിച്ച വളയം കയ്യിൽ നിന്ന് പോയപ്പോൾ ഉള്ള വിഷമം അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ഇത്രയും നാൾ ഞാൻ എൻറെ നാടിനു വേണ്ടി സംസാരിച്ചു എല്ലാം നേരിട്ട് അനുഭവിച്ചപ്പോൾ ഞങ്ങൾക്കുണ്ടായ ദുഃഖം അത് ജീവിതത്തിൽ മറക്കാൻ പറ്റാത്ത രീതിയിലായി ജീവിതം ഒന്നേയുള്ളൂ അതും കുറച്ചു നിമിഷങ്ങൾ മാത്രം ഒരു പുതിയ യാത്രാ രീതി തുടങ്ങി വിജയിപ്പിച്ചു ഇനി അത് അവസാനിപ്പിച്ചതായി എല്ലാരോടും അറിയിക്കുന്നു ഇനി ഞങ്ങൾ ഉണ്ടാകുന്നതല്ല ഇ ബുള്‍ജെറ്റ് ഉണ്ടാകുന്നതല്ല'- എന്നൊരു കുറിപ്പും ഇ ബുള്‍ജെറ്റ് ഇന്‍സ്റ്റഗ്രാം പേജില്‍ കഴിഞ്ഞ ദിവസം വന്നിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !