കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ കള്ളത്തെളിവുണ്ടാക്കാന്‍ ശ്രമിച്ചത് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവര്‍ത്തനം ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. കമ്മിഷന്റെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് കോടതിയുടെ ഉത്തരവ്.
കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന ഇഡിയുടെ വാദം കോടതി അംഗീകരിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണെന്നും ഏജന്‍സിക്കെതിരെ അന്വേഷണം നടത്താന്‍ കോടതിക്കു മാത്രമേ കഴിയൂവെന്നും ഇഡി ബോധിപ്പിച്ചു.
ഹര്‍ജി നിലനില്‍ക്കില്ലെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം ഭരണഘടയുടെ 131-ാം അനുച്‌ഛേദത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും സുപ്രീം കോടതിയാണ് തിരുമാനമെടുക്കേണ്ടതെന്നുമുള്ള സര്‍ക്കാരിന്റെ വാദം ഹൈക്കോടതി തള്ളി.
കേന്ദ്ര സര്‍ക്കാരിലെ ഒരു വകുപ്പ് മാത്രമായ ഇഡി സംസ്ഥാന സര്‍ക്കാരിനെതിരെ നല്‍കുന്ന ഹര്‍ജി എങ്ങനെ നിലനില്‍ക്കുമെന്നും ഇഡി നിയമാനുസൃത ഹര്‍ജിക്കാരനല്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. കേന്ദ്ര സര്‍ക്കാരിലെ ഒരു വകുപ്പിനു കമ്മിഷന്‍ നിയമനം ചോദ്യം ചെയ്യാനാവില്ലെന്ന സര്‍ക്കാര്‍ ഹര്‍ജിയുടെ നിയമസാധുതയാണ് കോടതി പരിശോധിച്ചത്.
സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഇഡി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളത്തെളിവുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സാമ്പത്തിക കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി തന്നെ സര്‍ക്കാരിനെ അനുവദിച്ചിട്ടുണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.
ഒരു മന്ത്രിക്കെതിരായ ലൈംഗികാരോപണക്കേസില്‍ ഓഡിയോ ടേപ്പിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനുള്ള അധികാരം ഹൈക്കോടതി ശരിവച്ചിട്ടുണ്ട്. ഇഡിയുടെ ഹര്‍ജിയില്‍ മതിയായ ആവശ്യങ്ങളില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
മുഖ്യമന്ത്രിക്കെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിനാണ് കമ്മിഷന്‍ ഓഫ് എന്‍ക്വയറി പ്രകാരം ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി.മോഹനന്‍ അധ്യക്ഷനായി സര്‍ക്കാര്‍ കമ്മിഷനെ വച്ചത്. മുഖ്യമന്ത്രിക്കെതിരെ തെളിവ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.
സ്വപ്ന സുരേഷിന്റെ ശബ്ദരേഖയും തെളിവു നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയെന് ചൂണ്ടിക്കാട്ടി സന്ദീപ് നായര്‍ വിചാരണക്കോടതി ജഡ്ജിക്ക് എഴുതിയ കത്തും അനുബന്ധ തെളിവുകളുമാണ് കമ്മിഷന്റെ പരിഗണനയ്ക്കു വിട്ടത്. നേരത്തേ ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മൊഴി നല്‍കിയതായി ചൂണ്ടിക്കാട്ടി മറ്റൊരു പ്രതി സരിത്തിനു കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടിസ് നൽകി.
മുഖ്യമന്ത്രി 2017 ൽ നടത്തിയ വിദേശ യാത്രയ്ക്കിടെ കൊണ്ടുപോകാൻ മറന്ന പൊതി അറ്റാഷെ വഴി എത്തിച്ചു നൽകിയെന്നും അതിൽ ഡോളറായിരുന്നുവെന്നും സരിത്ത് സ്വപ്നയോടു പറഞ്ഞുവെന്നാണ് മൊഴി. സെക്രട്ടേറിയറ്റിലെ ഒരു ഉദ്യോഗസ്ഥന്റെ കയ്യില്‍നിന്ന് പൊതി വാങ്ങിയ സരിത്ത് അതിൽ എന്താണെന്നറിയാന്‍ കോണ്‍സുലേറ്റിലെ എക്‌സറേ സ്‌കാനറില്‍ പരിശോധിച്ചപ്പോൾ നിറയെ ഡോളറണെന്ന് മനസിലായെന്നു സരിത്ത് പറഞ്ഞതായി സ്വപ്ന മൊഴി നല്‍കിയെന്നാണ് നോട്ടിസിൽ പറയുന്നത്.
പൊതി സ്വപ്നയുടെ നിർദേശപ്രകാരം സരിത്ത് അറ്റാഷെയെ ഏൽപിച്ചുവെന്നും അദ്ദേഹം ഇവ വിദേശത്തേക്കു കൊണ്ടുപോയി മുഖ്യമന്ത്രിക്കു കൈമാറിയെന്നും മൊഴിയിലുണ്ട്. മുന്‍ സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്റെ വസതിയില്‍ സ്വപ്‌ന ഭര്‍ത്താവുമായി പോവുകയും അവിടെ നിന്ന് കൈപ്പറ്റിയി പെട്ടിയിലും പണം ആയിരുന്നെന്നും മൊഴിയില്‍ പറയുന്നു.
മൊഴി സംബന്ധിച്ച അന്വേഷണം കാര്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിരുന്നില്ലെന്നു കാരണംകാണിക്കല്‍ നോട്ടീസിൽ പറയുന്നു. വിദേശത്തേക്ക് പോയതിനാല്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതുകാരണം മൊഴി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് നോട്ടിസില്‍ പറയുന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !