ജിന്നയുടെ ലീഗിന്റെ ശൈലിയാണ് ഇന്ന് ലീഗ് പയറ്റുന്നത്. 1946ല്‍ ബംഗാളിനെ വര്‍ഗീയ കലാപത്തിലേക്ക് നയിച്ചത് മുസ്‌ലി ലീഗാണെന്നും അന്നത്തെ അക്രമ ശൈലിയാണ് ലീഗ് കേരളത്തില്‍ പ്രയോഗിക്കുന്നതെന്നും പാര്‍ട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കോടിയേരി ആരോപിക്കുന്നു.
'ഹിന്ദുരാജ്യ' നയത്തില്‍ മിണ്ടാട്ടമില്ലാത്ത ലീഗ് എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. മതം, വര്‍ണം, ജാതി, സമുദായം, ഭാഷ തുടങ്ങിയവയുടെ പേരില്‍ വെറുപ്പും വിദ്വേഷവും ശത്രുതയും ഉണ്ടാക്കുന്നതിനെതിരെ നിലകൊള്ളുന്നതാണ് ഇന്ത്യന്‍ ഭരണഘടന. അതിന്റെ സത്തയെ വെല്ലുവിളിക്കുന്ന നടപടികളിലാണ് മുസ്‌ലിം ലീഗ്. മലപ്പുറം അടക്കം ലീഗ് തങ്ങളുടെ ഉരുക്കുകോട്ടകളായി കരുതുന്ന ഇടങ്ങളില്‍പ്പോലും എല്‍ഡിഎഫ് വിജയക്കൊടി പാറിക്കുകയാണ്. ഈ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുന്നതിന് പച്ചയായ വര്‍ഗീയതയെ പുറത്തെടുത്തിരിക്കുകയാണ് ലീഗ്. അതിന്റെ വിളംബരമായിരുന്നു വഖഫ് ബോര്‍ഡ് നിയമനത്തിന്റെ പേരുപറഞ്ഞ് മുസ്‌ലിം ലീഗ് കോഴിക്കോട്ട് നടത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍വിരുദ്ധ പ്രകടനവും സമ്മേളനവും. സ്വന്തം പ്രവൃത്തികൊണ്ട് ലീഗ് അകപ്പെട്ട ഒറ്റപ്പെടലിലും രാഷ്ട്രീയ പ്രതിസന്ധിയിലും നിന്ന് രക്ഷനേടാന്‍ ലീഗ് കണ്ടെത്തിയിരിക്കുന്നത് വിപത്തിന്റെ വഴിയാണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
രാഹുല്‍ ഗാന്ധിയുടെ ജയ്പുര്‍ റാലിയും, മുസ്‌ലിം വഖഫ് ബോര്‍ഡ് നിയമനവിരുദ്ധ കോഴിക്കോട് റാലിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വഴിതെറ്റലുകളുടെ ചൂണ്ടുപലകയാണ്. രണ്ടും മതനിരപേക്ഷ രാഷ്ട്രീയത്തിനുമേലുള്ള അപായമണി മുഴക്കലാണ്. ഇതിന് ഇടയാക്കിയത് കോണ്‍ഗ്രസും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗും അകപ്പെട്ടിരിക്കുന്ന അഗാധമായ രാഷ്ട്രീയ പ്രതിസന്ധിയാണ്. ഒരുകൂട്ടര്‍ക്ക് ദേശീയമായും മറ്റൊരു കൂട്ടര്‍ക്ക് സംസ്ഥാനതലത്തിലും തുടര്‍ച്ചയായി അധികാരം നഷ്ടപ്പെട്ടിരിക്കുകയാണ്.
കോണ്‍ഗ്രസാകട്ടെ ദേശീയമായി മാത്രമല്ല, സംസ്ഥാന തലങ്ങളിലും കൂടുതല്‍ മെലിയുകയാണ്. മുസ്‌ലിം ലീഗാകട്ടെ ദേശീയമായിത്തന്നെ പിടിച്ചുനിന്നത് കേരളത്തില്‍ ഇടയ്ക്കുംമുറയ്ക്കും ലഭിക്കുന്ന അധികാരം ഉപയോഗിച്ചു നടത്തുന്ന അഴിമതികളുടെ ബലത്തിലാണ്. ഇക്കൂട്ടര്‍ അകപ്പെട്ടിരിക്കുന്ന വാരിക്കുഴിയില്‍നിന്നും കരകയറാന്‍ മാര്‍ഗം കാണാതെ ഉഴലുകയാണ്.
മതനിരപേക്ഷത നിലനിര്‍ത്താന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന എല്‍.ഡി.എഫ് ഭരണം ഇവിടെയുള്ളതുകൊണ്ടാണ് നാട് വര്‍ഗീയ ലഹളകളിലേക്ക് വീഴാത്തത്. ഇന്ത്യയിലെ വലിയ പ്രതിപക്ഷ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, ബിജെപിയുടെ ഹിന്ദുരാഷ്ട്രത്തെ എതിര്‍ക്കുന്നതിലും തുറന്നുകാട്ടുന്നതിലും വന്‍പരാജയമാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.ഹിന്ദുത്വ വര്‍ഗീയതയുടെ വിപത്ത് തുറന്നുകാട്ടുന്നതിനല്ല, ബി.ജെ.പിയെക്കാള്‍ വിശ്വസിക്കാവുന്ന ഹിന്ദുവാണ് തങ്ങളെന്ന് സ്ഥാപിക്കുന്നതിനാണ് രാഹുലിന്റെയും കൂട്ടരുടെയും യത്‌നം. ഈ മൃദുഹിന്ദുത്വ നയം വന്‍ അപകടമാണെന്ന് പറയുന്നതിനുള്ള ഉള്ളുറപ്പുപോലുമില്ലാത്ത മുസ്‌ലിം എങ്ങനെ ന്യൂനപക്ഷ സംരക്ഷണ പാര്‍ട്ടിയാകുമെന്നും ലേഖനത്തില്‍ ചോദിക്കുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !