കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി) കോട്ടയം ജില്ലാ എൻവയൺമെന്റ് എൻജിനിയറുടെ ആലങ്ങാട്ടുള്ള ഫ്ളാറ്റിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം 17 ലക്ഷത്തോളം രൂപയും രേഖകളും കണ്ടെടുത്തു.
പന്തളം മങ്ങാരം മദീനയിൽ എ.എം.ഹാരിസിന്റെ ആലങ്ങാട് ചേർത്തനാടുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫ്ലാറ്റിൽ കോട്ടയത്ത് നിന്നുള്ള വിജിലൻസ് സംഘം ഇന്നലെ പുലർച്ചെ ഒരുമണിവരെ 5 മണിക്കൂറോളം നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.
അൻപതിനായിരത്തിന്റെ കെട്ടുകളാക്കി അലമാരയിലും അടുക്കളയിലെ കബോർഡിലും അരിക്കലത്തിലും കുക്കറിലും വരെ പ്ലാസ്റ്റിക് പൊതികളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. എണ്ണിത്തീരില്ലെന്ന് ഉറപ്പായതോടെ ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നോട്ട് എണ്ണൽ മെഷീൻ ഉപയോഗിച്ചാണ് 16,89,610 രൂപ തിട്ടപ്പെടുത്തിയത്. സീൽ ചെയ്ത പണം കസ്റ്റഡിയിലെടുത്തു. ഇയാളുടെ ലാപ്ടോപ്പും പെൻഡ്രൈവും പരിശോധിച്ചപ്പോൾ അനധികൃത സമ്പാദ്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 18തവണ വിദേശത്ത് പോയതായും തെളിഞ്ഞു.
18.50ലക്ഷത്തോളം രൂപയുടെ ബാങ്ക് നിക്ഷേപവും തിരുവനന്തപുരത്ത് 2000 സ്ക്വയർ ഫീറ്റ് വീടും പന്തളത്ത് 33 സെന്റ് സ്ഥലവും വീടും ഉള്ളതായി ഇയാൾ വിജിലൻസിനോട് വെളിപ്പെടുത്തി.വീട്ടിൽ നിന്ന് ഏതാനും സ്വർണനാണയങ്ങൾ കണ്ടെത്തിയെങ്കിലും കസ്റ്റഡിയിലെടുത്തില്ല. ഒരു കോടിയോളം രൂപ വില വരുന്ന ആലങ്ങാട്ടെ ഫ്ലാറ്റിൽ ഇയാൾ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കോട്ടയത്തെ ഓഫീസിലേയ്ക്ക് ദിവസവും ഔദ്യോഗിക വാഹനത്തിൽ ഇവിടെ നിന്ന് പോയിവരികയായിരുന്നു.
പാലാ സ്വദേശിയായ ജോസ് സെബാസ്റ്റ്യനിൽ നിന്ന് ടയർ റീട്രെഡിംഗ് സ്ഥാപനത്തിന് ലൈസൻസ് പുതുക്കി നൽകുന്നതിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബുധനാഴ്ച ഹാരിസിനെ വിജിലൻസ് ഡിവൈ.എസ്.പിമാരായ കെ.എ. വിദ്യാധരൻ, എ.കെ. വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം പിടികൂടിയത്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !