വേഗമേറിയതും സുഗമവുമായ വാഹന ഗതാഗതത്തിന് വഴിയൊരുക്കി പനവേല്‍ - കന്യാകുമാരി ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തികള്‍ ദ്രുദഗതിയില്‍. കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കല്‍ മുതല്‍ മലപ്പുറം-തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ കാപ്പിരിക്കാട് വരെ 76 കിലോമീറ്ററിലാണ് പുതിയ പാത നിര്‍മിക്കുന്നത്. ഇടിമുഴിക്കല്‍ മുതല്‍ വളാഞ്ചേരി വരെയും വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെയുമായി രണ്ടു റീച്ചുകളിലായാണ് ജില്ലയിലെ ദേശീയപാത വികസന പ്രവൃത്തി. 3496.45 കോടിരൂപ ചെലവഴിച്ചാണ് ജില്ലയില്‍ ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നത്. ദേശീയപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയിലെ 80 ശതമാനം മരങ്ങളും മുറിച്ചുമാറ്റിയിട്ടുണ്ട്. നിലവില്‍ ഈ ഭാഗങ്ങള്‍ നിരപ്പാക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കോട്ടക്കല്‍, വളാഞ്ചേരി, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ പാലങ്ങളുടെ നിര്‍മാണവും നടന്നുവരുന്നു. രാമനാട്ടുകര മുതല്‍ കാപ്പിരിക്കാട് വരെ ഏഴ് പാലങ്ങളാണ് ദേശീയപാതയില്‍ വരുന്നത്. കൊളപ്പുറം, കുറ്റിപ്പുറം, പുതുപൊന്നാന്നി എന്നിവിടങ്ങളില്‍ പുഴയ്ക്ക് കുറുകെയാണ് പാലങ്ങള്‍. മറ്റിടങ്ങളില്‍ വയഡക്റ്റുകളിലൂടെയുമാണ് പാത കടന്നുപോകുക.
കുറ്റിപ്പുറത്ത് ഭാരതപ്പുഴയില്‍ പുതിയ പാലത്തിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. മഴക്കാലത്തിന് മുമ്പേ ദേശീയ പാതയിലെ പാലങ്ങളുടെ പൈലിങ് ജോലികളും ഭൂമി നിരപ്പാക്കിയ സ്ഥലങ്ങളില്‍ ടാറിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തികളും പൂര്‍ത്തീകരിക്കാനാണ് ശ്രമമെന്ന് കരാര്‍ ഏറ്റെടുത്ത കെ.എന്‍.ആര്‍.സി.എല്‍ അധികൃതര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി പൊന്നാനിയില്‍ മറവഞ്ചേരിയിലും കോട്ടക്കലില്‍ രണ്ടത്താണിയിലും പാതയുടെ ആദ്യഘട്ട ടാറിങ് പുരോഗമിക്കുന്നതായും നിര്‍മാണ കമ്പനി അധികൃതര്‍ വ്യക്തമാക്കി.ദേശീയപാത 66 ന്റെ വികസനത്തിനായി മലപ്പുറം ജില്ലയില്‍ നിന്നും ഏറ്റെടുത്തത് 203.4 ഹെക്ടര്‍ ഭൂമിയാണ്. ഇതില്‍ 32.82 ഹെക്ടര്‍ പ്രദേശം സര്‍ക്കാര്‍ ഭൂമിയാണ്. 7843 പേരില്‍ നിന്നായി ഏറ്റെടുത്ത ഭൂമിയ്ക്ക് ഇതിനകം 3028.29 കോടി രൂപ നഷ്ടപരിഹാരമായി നല്‍കി കഴിഞ്ഞു. ശേഷിക്കുന്ന ഭൂമിയിന്മേല്‍ കേസുകള്‍ നില നില്‍ക്കുന്നതിനാല്‍ അവ തീര്‍പ്പാകുന്ന മുറയ്ക്ക് അതത് ഭൂവുടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഭൂമിയേറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി. പത്മചന്ദ്രകുറുപ്പ് പറഞ്ഞു. നഷ്ടപരിഹാരത്തിന് പുറമെ 395 ചെറുകിട വ്യാപാരികളുടെ പുനരധിവാസത്തിനായി 2.96 കോടി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. ദേശീയപാത 66 ന്റെ വികസനത്തിനായുള്ള ഭൂമിയേറ്റെടുക്കലിന് നഷ്ടപരിഹാര തുകയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. ദേശീയപാത 66 ആറുവരിയാകുന്നതോടെ ജില്ലയിലെ സ്ഥിരം അപകടവളവുകളായ പാണമ്പ്ര, പാലച്ചിറമാട്, വട്ടപ്പാറ എന്നിവ ഒഴിവാകും. തിരക്കേറിയ കവലകളും നഗരപ്രദേശങ്ങളും ആറുവരിപാത യാഥാര്‍ത്ഥ്യമാകുന്നതോടെ അപ്രത്യക്ഷമാകും. ഇതോടെ യാത്രക്കാര്‍ക്ക് ചുരുങ്ങിയ സമയത്തിനകം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും. രണ്ടര വര്‍ഷത്തിനുള്ളില്‍ ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കി പൊതുഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് ദേശീയപാത അതോറിറ്റിയും കരാര്‍ ഏറ്റെടുത്ത ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെ.എന്‍.ആര്‍ സി.എല്ലും തമ്മിലുള്ള ധാരണ.
Content Highlights: NH 66 to get to six lanes faster: Attempt to complete first phase of tarring before rains


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !