മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന് ത്രസിപ്പിക്കുന്ന ജയം. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് റൺസിനാണ് രാജസ്ഥാൻ കീഴടക്കിയത്. ബട്ലർ സെഞ്ചുറി നേടിയ മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയാണ് യുസ്വേന്ദ്ര ചാഹൽ രാജസ്ഥാന്റെ വിജയം ആഘോഷമാക്കിയത്. സ്കോർ: രാജസ്ഥാൻ 217-5, കോൽക്കത്ത 210-10.
രാജസ്ഥാൻ ഉയർത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കോൽക്കത്തയ്ക്കായി നായകൻ ശ്രേയസ് അയ്യർ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. ആരോണ്‍ ഫിഞ്ചിനെ ഒപ്പം ചേർത്ത് 107 റണ്‍സിന്റെ കൂട്ടുകെട്ടാണ് അയ്യർ പടുത്തുയർത്തത്.
28 പന്തിൽ 58 റണ്‍സാണ് ഫിഞ്ച് അടിച്ചെടുത്തത്. 51 പന്തിൽ നാല് ഫോറും ഏഴ് സിക്സും ഉൾപ്പെടെ 85 റണ്‍സാണ് അയ്യർ നേടിയത്. നിതീഷ് റാണ 18 റണ്‍സും ഉമേഷ് യാദവ് 21 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല. സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ, ശിവം മവി, പാറ്റ് കമ്മിൻസ് എന്നിവർ പൂജ്യത്തിന് പുറത്തായതും കോൽക്കത്തയ്ക്ക് തിരിച്ചടിയായി.
17-ാം ഓവറിൽ രണ്ട് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ചാഹലിന്റെ പ്രകടനമാണ് രാജസ്ഥാന് കരുത്തായത്. നാല് ഓവറിൽ 40 റണ്‍സ് വഴങ്ങിയാണ് ചാഹൽ അഞ്ച് വിക്കറ്റ് നേടിയത്. ഒബെദ് മക്കോയ് അവസാന ഓവറിൽ രണ്ട് വിക്കറ്റും വീഴ്ത്തി.
ജോസ് ബട്ലറുടെ തകർപ്പൻ സെഞ്ചുറിയാണ് രാജസ്ഥാനെ മികച്ച നിലയിലെത്തിച്ചത്. രാജസ്ഥാന് ഓപ്പണറുമാരായ ബട്ലറും ദേവദത്ത് പടിക്കലും ചേർന്ന് മിന്നും തുടക്കമാണ് ഒരുക്കിയത്. ഇരുവരും ചേർന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തു. 18 പന്തിൽ 24 റണ്‍സെടുത്ത പടിക്കലിനെയാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്.
പിന്നീട് കളത്തിലെത്തിയ നായകൻ സഞ്ജു സാംസണും മിന്നും പ്രകടനം കാഴ്ചവച്ചു. 19 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 38 റണ്‍സാണ് സഞ്ജു നേടിയത്. ഷിമ്രോണ്‍ ഹെറ്റ്മെയർ പുറത്താകാതെ 13 പന്തിൽ 26 റണ്‍സും നേടി.
61 പന്തിൽ അഞ്ച് സിക്സും ഒൻപത് ഫോറും ഉൾപ്പെടെ 103 റണ്‍സാണ് ബട്ലർ അടിച്ചെടുത്തത്. കോൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
ജയത്തോടെ രാജസ്ഥാൻ എട്ട് പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. കോൽക്കത്ത ആറാം സ്ഥാനത്താണ്.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !