ഇവാന്‍ വുകുമനോവിച്ച് തിരിച്ചെത്തി; ബ്ലാസ്റ്റേഴ്സി ന് സ്വന്തം തട്ടകത്തില്‍ ഒഡീഷ എഫ്‌സിക്കെതിരേ 2-1ന്റെ ജയം

0

പത്ത് മത്സരങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇവാന്‍ വുകുമനോവിച്ച് തിരിച്ചെത്തി; ഒപ്പം കേരളാ ബ്ലാസ്‌റ്റേഴ്‌സും. വിലക്കു മാറി തിരിച്ചുവന്ന പ്രിയ കോച്ചിന് ഉജ്ജ്വല ജയത്തോടെ വരവേല്‍പ് നല്‍കിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്നു നടന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സിയെയാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പിച്ചത്. സ്വന്തം തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. മഞ്ഞപ്പടയ്ക്കു വേണ്ടി സ്റ്റാര്‍ സ്‌ട്രൈക്കര്‍ ദിമിത്രി ഡയമെന്റക്കോസും നായകന്‍ അഡ്രിയാന്‍ ലൂണയുമാണ് സ്‌കോര്‍ ചെയ്തത്. ഡീഗോ മൗറീഷ്യോയുടെ വകയായിരുന്നു ഒഡീഷയുടെ ആശ്വാസ ഗോള്‍.

നനഞ്ഞ തുടക്കമായിരുന്നു മത്സരത്തിന്റേത്. കായികക്ഷമത കൂടുതല്‍ തോന്നിച്ച ഒഡീഷ താരങ്ങള്‍ പന്തടക്കത്തിനൊപ്പം അല്‍പം കൈയൂക്കും പുറത്തെടുത്തതോടെ പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ എതിരാളികളുടെ പ്രതിരോധപ്പൂട്ടില്‍ ഞെരുങ്ങി. ആദ്യപകുതിയില്‍ അവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍ മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് ആയിരുന്നെങ്കിലും അതു മുതലാക്കുന്നതില്‍ പിന്നിലായിരുന്നു.


മൂന്നാം മിനിറ്റില്‍ തന്നെ വലയിലേക്ക് ലക്ഷ്യം വയ്ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായി. എന്നാല്‍ ബോക്‌സിനു പുറത്തു നിന്ന് മലയാളി താരം കെപി രാഹുല്‍ തൊടുത്ത വലങ്കാലന്‍ ഷോട്ട് ഒഡീഷ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ് കൈപ്പിടിയിലൊതുക്കി. പിന്നീട് ആദ്യ 15 മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇരമ്പിക്കയറലിനാണ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒമ്പതാം മിനിറ്റില്‍ ഹോര്‍മിപാം റുയിവാഹും 11-ാം മിനിറ്റില്‍ രാഹുലും 12-ാം മിനിറ്റില്‍ പ്രീതം കോട്ടാലും നടത്തിയ മുന്നേറ്റങ്ങള്‍ ഫിനിഷിങ്ങിലെ പാളിച്ചകള്‍ കാരണം ലക്ഷ്യം കാണാതെ പാഞ്ഞു.

മത്സരം 15 മിനിറ്റ് പിന്നിട്ടപ്പോഴാണ് ആര്‍ത്തിരമ്പിയ ഗ്യാലറിയെ നിശബ്ദരാക്കി കളിയുടെ ഗതിക്ക് വിപരീതമായി ഒഡീഷ മുന്നിലെത്തിയത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധനിരയെ ആകെ കബളിപ്പിച്ച് ബ്രസീലിയന്‍ താരം ഡീഗോ മൗറീഷ്യോയാണ് അവര്‍ക്കായി ലക്ഷ്യം കണ്ടത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ഒരുക്കിയ ഓഫ്‌സൈഡ് കെണി സമര്‍ഥമായി പൊളിച്ചു മുന്നേറിയ മൗറീഷ്യോ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന് ഒരവസരവും നല്‍കാതെ ലക്ഷ്യം കണ്ടു.

അപ്രതീക്ഷിത ഗോളില്‍ പകച്ചുപോയ ബ്ലാസ്‌റ്റേഴ്‌സ് നിരയെ പിന്നീട് തുടര്‍ ആക്രമണങ്ങളിലൂടെ തകര്‍ക്കാനായിരുന്നു ഒഡീഷയുടെ ശ്രമം. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 22-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടാന്‍ അവര്‍ക്ക് സുവര്‍ണാവസരവും ലഭിച്ചു. ഒഡീഷ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധതാരം ഹ്യൂയിഡ്രോം നാഓച്ച പന്ത് കൈകൊണ്ടു തട്ടിയതിന് ഒഡീഷയ്ക്ക് അനുകൂലാമി റഫറി പെനാല്‍റ്റി വിധിച്ചു.

എന്നാല്‍ മൗറീഷ്യോ എടുത്ത സ്‌പോട്ട് കിക്ക് സമര്‍ഥമായി തട്ടിയകറ്റിയ സച്ചിന്‍ സുരേഷ് ബ്ലാസ്‌റ്റേഴ്‌സിനെ മത്സരത്തില്‍ നിലനിര്‍ത്തി. പെനാല്‍റ്റി സേവില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട ബ്ലാസ്‌റ്റേഴ്‌സ് പിന്നീട് പതിയെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഡിഫന്‍സീവ് റോളില്‍ നിന്ന് നായകന്‍ അഡ്രിയാന്‍ ലൂണ അറ്റാക്കിങ് മോഡിലേക്ക് ഷിഫറ്റ് ചെയ്തതോടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റ നിരയ്ക്ക് യഥേഷ്ടം പന്തെത്തിത്തുടങ്ങി.

എന്നാല്‍ മുന്‍നിരയില്‍ ഘാന താരം ക്വാമെ പെപ്‌റയുടെ മോശം ഫിനിഷിങ് മികവ് ടീമിന് തിരിച്ചടിയായി. ആദ്യ പകുതി അവസാനിക്കും മുമ്പ് മൂന്നോളം സുവര്‍ണാവസരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചത്. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ബോക്‌സിനുള്ളില്‍ ലഭിച്ച പന്ത് പെപ്‌റ പുറത്തേക്ക് അടിച്ചുകളഞ്ഞത് അവിശ്വസനീയതയോടെയാണ് ഗ്യാലറി കണ്ടുനിന്നത്.

ഒന്നാം പകുതിയില്‍ ഒരു ഗോള്‍ ലീഡ് വഴങ്ങി പിരിഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ഗെയിം പ്ലാന്‍ അടിമുടി മാറ്റിയാണ് കളത്തിലിറങ്ങിയത്. ഇടവേളയ്ക്കു ശേഷമുള്ള ആദ്യ നീക്കം തന്നെ ഒഡീഷ ഗോള്‍മുഖത്ത് ഭീതിവിതച്ച മഞ്ഞപ്പട്ട തിരിച്ചുവരവിന്റെ ആദ്യ സൂചനകള്‍ കാണിച്ചു. എന്നാല്‍ ഫിനിഷിങ്ങിലെ പോരായ്മകള്‍ നിഴലിച്ചു നിന്നു. 51-ാം മിനിറ്റില്‍ വിബിന്‍ മോഹനനും 54-ാം മിനിറ്റില്‍ ഡാനിഷ് ഫറൂഖിയും സുവര്‍ണാവസരങ്ങള്‍ തുലച്ചതോടെ കോച്ച് ഇവാന്‍ പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നു.

അധികം വൈകാതെ വിബിനെയും രാഹുലിനെയും പിന്‍വലിച്ച് ദിമിത്രി ഡയമെന്റക്കോസിനെയും ഫ്രെഡ്ഡി ലാല്ലാമാവ്മയെയും കളത്തിലിറക്കിയ ഇവാന്‍ നീക്കം പിഴച്ചില്ല. ഗ്രൗണ്ടിലിറങ്ങി എട്ടാം മിനിറ്റില്‍ തന്നെ ദിമിത്രി ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷയ്‌ക്കെത്തി. ഇടത് പാര്‍ശ്വത്തില്‍ നായകന്‍ ലൂണയുടെ ചടുലതയാണ് ഗോളിലേക്ക് വഴിവച്ചത്. മുന്നേറ്റത്തിനിടയില്‍ ഇടത് സൈഡ്‌ലൈനില്‍ തന്നെ വീഴ്ത്തിയതിനു ലഭിച്ച ഇന്‍ഡയറക്ട് ഫ്രീകിക്ക് അതിവേഗമെടുത്ത ലൂണയുടെ തന്ത്രം ഫലിച്ചു.


നായകന്‍ നീട്ടി നല്‍കിയ പന്ത് ബോ്ക്‌സിന്റെ ഇടതേ മൂലയില്‍ നിന്ന് സ്വീകരിക്കുന്ന മഞ്ഞപ്പടയുടെ ജാപ്പനീസ് താരം ദായ്‌സുകെ സകായിയെ തടയാന്‍ ഒരേയൊരു ഒഡീഷ താരം മാത്രം. എതിര്‍ പ്രതിരോധ താരത്തെ വെട്ടിയൊഴിഞ്ഞു സകായി നല്‍കിയ പാസ് അതിലും മനോഹരമായൊരു ഷോട്ടിലൂടെ ദിമിത്രി വലയിലാക്കി. സ്‌കോര്‍ 1-1. സമനില നേടിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത മഞ്ഞപ്പട പിന്നീട് ഒഡീഷ ഗോള്‍മുഖത്ത് നിരന്തരം ഭീതി വിതച്ചു.

മൂന്നു മിനിറ്റനകം തന്നെ ബ്ലാസ്‌റ്റേഴ്‌സ് ലീഡും നേടേണ്ടതായിരുന്നു. എന്നാല്‍ ലൂണ ഒരുക്കി നല്‍കിയ അവസരത്തില്‍ നിന്ന് ദിമിത്രി തൊടുത്ത ഇടങ്കാലന്‍ ഷോട്ട് ഒഡീഷ ഗോള്‍കീപ്പര്‍ പണിപ്പെട്ട് കുത്തിയകറ്റി. എന്നാല്‍ ലീഡ് നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. 84-ാം മിനിറ്റില്‍ ഒരു ലോകോത്തര ഫിനിഷിലൂടെ നായകന്‍ ലൂണ തന്നെ ടീമിനെ മുന്നിലെത്തിക്കുകയയും ചെയ്തു.

സ്വന്തം ഹാഫില്‍ ഇടത് മൂലയില്‍ ഒഡീഷ മുന്നേറ്റത്തിന്റെ മുന്നേറ്റത്തിന്റെ മുനയൊടിച്ച ബ്ലാസ്‌റ്റേഴ്‌സ് താരം മുഹമ്മദ് അസ്ഹര്‍ പന്ത് നീട്ടിയടിച്ചത് ഒഡീഷ ബോക്‌സിന്റെ വലതു മൂലയിലേക്ക്. ഉയര്‍ന്നു പറന്നിറങ്ങി പന്തിനു പിന്നാലെ ഓടിയ ലൂണ ഓട്ടത്തിനിടയില്‍ത്തന്നെ തകര്‍പ്പനൊരു വോളിയിലൂടെ പന്തിന്‍െ വലയിലേക്കയച്ചു. ലൂണയെ തടയാന്‍ അഡ്വാന്‍സ് ചെയ്തിറങ്ങിയ ഒഡീഷ ഗോള്‍കീപ്പര്‍ അപകടം മണക്കും മുമ്പേ ഇടത്തേ പോസ്റ്റിലുരുമ്മി പന്ത് വലയില്‍. സ്‌കോര്‍ 2-1. പിന്നീട് ശേഷിച്ച മിനിറ്റുകളില്‍ ലീഡ് ഉയര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ബ്ലാസ്‌റ്റേഴ്‌സിനായി. നിലവില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് മൂന്നു ജയവും ഒരു സമനിലയുമടക്കം 10 പോയിന്റുമായാണ് ബ്ലാസ്‌റ്റേഴ്‌സ് രണ്ടാമത് തുടരുന്നത്. നാലു മത്സരങ്ങളില്‍ നിന്ന് മൂന്നു ജയവും ഒരു സമനിലയുമടക്കം 10 പോയിന്റുള്ള എഫ്.സി ഗോവയാണ് നിലവില്‍ ഒന്നാമത്. നവംബര്‍ നാലിന് കൊല്‍ക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെതിരേ അവരുടെ തട്ടകത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
Watch ISL Highlights: click here

Content Highlights: 2-1 win against Odisha FC at home

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !