സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

0

ന്യൂഡല്‍ഹി
സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. ദിവസങ്ങളായി ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു യെച്ചൂരി. 2015 ഏപ്രിൽ മാസത്തിൽ സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയോ​ഗിതനായ യെച്ചൂരി ഏറ്റവും ഒടുവിൽ 2022 ഏപ്രിലിൽ കണ്ണൂരിൽ വെച്ച നടന്ന സിപിഐഎമ്മിൻ്റെ 23-ാം പാർട്ടി കോൺ​ഗ്രസിൽ മൂന്നാംവട്ടവും ജനറൽ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. സിപിഐഎമ്മിൻ്റെ 24-ാം പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്. സാമ്പത്തിക ശാസ്ത്രം, ചരിത്രം, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം എന്നിവയിൽ വലിയ അവ​ഗാഹമുള്ള നേതാവായാണ് സീതാറം യെച്ചൂരി പരി​ഗണിക്കപ്പെടുന്നത്.

എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തന രം​ഗത്തെത്തിയ യെച്ചൂരി വിദ്യാഭ്യാസ കാലത്ത് തന്നെ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സൈദ്ധാന്തികൻ എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. 1974-ൽ സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ)യിൽ ചേർന്ന യെച്ചൂരി തൊട്ടടുത്ത വർഷം സിപിഐഎം അം​ഗമായി. ഒരു വർഷത്തിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) (സിപിഐ (എം)) യിൽ ചേർന്നു. 1975-ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് സീതാറാം അറസ്റ്റിലായിരുന്നു. പിന്നീടുള്ള ആറുമാസം ഒളിവിലായിരുന്നു യെച്ചൂരിയുടെ പ്രവർത്തനം. ഇതോടെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായും യെച്ചൂരി മാറി.

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡന്റായിരുന്ന യെച്ചൂരി ജെഎൻയുവിനെ എസ്എഫ്ഐയുടെ സ്വാധീനകേന്ദ്രമാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. 1978ൽ എസ്എഫ്ഐ ദേശീയ ജോയിൻ്റ് സെക്രട്ടറിയായ അദ്ദേഹം പിന്നീട് ദേശീയ പ്രസിഡൻ്റ് പദവിയും വഹിച്ചു. 1984ൽ 33-ാമത്തെ വയസ്സിൽ യെച്ചൂരി സിപിഐഎമ്മിൻ്റെ കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985 പാർട്ടി ഭരണഘടന ഭേദ​ഗതി ചെയ്ത് സിപിഐഎം രൂപീകരിച്ച അഞ്ചം​ഗ സെൻട്രൽ സെക്രട്ടറിയറ്റിലും യെച്ചൂരി അം​ഗമായി. പിന്നീട് ഇംഎംഎസും ഹർകിഷൻ സിങ്ങ് സുർ‌ജിതും പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഘത്തിൽ സിപിഐഎമ്മിൻ്റെ പ്രധാനപ്പെട്ട സൈദ്ധാന്തിക മുഖമായി മാറാൻ യെച്ചൂരിക്ക് സാധിച്ചു. 1992ൽ 14-ാം പാർ‌ട്ടി കോൺ​ഗ്രസിൽ യെച്ചൂരി സിപിഐഎമ്മിൻ്റെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്രത്തിൽ മുന്നണി സർക്കാരുകൾ രൂപം കൊണ്ട ഘട്ടങ്ങളിലെല്ലാം സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ഇത്തരം ചർച്ചകളിൽ നേതൃപരമായി ഇടപെട്ടത് സീതാറാം യെച്ചൂരിയായിരുന്നു. 1996ൽ ഐക്യമുന്നണി സർക്കാരിൻ്റെ രൂപീകരണഘട്ടത്തിലും 2004ൽ ഒന്നാം യുപിഎ സർക്കാരിൻ്റെ രൂപീകരണ കാലത്തും പൊതുമിനിമം പരിപാടി രൂപപ്പെടുത്തുന്നതിൽ യെച്ചൂരിയുടെ പങ്കാളിത്തം നി‍ർണ്ണായകമായിരുന്നു. 1996ൽ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കണമെന്ന പ്രതിപക്ഷ സഖ്യത്തിൻ്റെ ആവശ്യത്തെ സിപിഐഎം നിരാകരിക്കുമ്പോൾ ആ തീരുമാനത്തിന് പ്രത്യയശാസ്ത്രപരമായ വ്യക്തത നൽകിയതും അതിനായി പാർട്ടിയിൽ വാദിച്ചവരിലും യെച്ചൂരിയുണ്ടായിരുന്നു.

2004ൽ ഒന്നാം യുപിഎ സർക്കാർ രൂപീകരിക്കുമ്പോൾ അതിൽ സിപിഐഎമ്മിൻ്റെ സാന്നിധ്യം എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നിലും യെച്ചൂരി നേതൃപരമായ പങ്കുവഹിച്ചു. യുപിഎയുടെ പൊതുമിനിമം പരിപാടിയിൽ ഇടതുപക്ഷ ആഭിമുഖ്യമുള്ള നയസമീപനങ്ങൾ ഉൾക്കൊള്ളിക്കാൻ സാധിച്ചത് യെച്ചൂരിയുടെ ശ്രദ്ധേയമായ ഇടപെടലായാണ് കണക്കാക്കപ്പെടുന്നത്. തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ ഒന്നാം യുപിഎ സർക്കാർ നടപ്പിലാക്കിയ ജനപക്ഷ പദ്ധതികളിലെല്ലാം യെച്ചൂരിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഒന്നാം യുപിഎ സർക്കാർ അമേരിക്കയുമായി ആണവകരാറിൽ ഒപ്പുവെയ്ക്കുന്നതിനെ സിപിഐഎം ആശയപരമായി എതിർത്തപ്പോൾ പാർലമെൻ്റിൽ സിപിഐഎം നിലപാട് ഉയർത്തിപ്പിടിച്ച് സംസാരിച്ചതും യെച്ചൂരിയായിരുന്നു. യെച്ചൂരിയുടെ വിയോജിപ്പ് അവ​ഗണിച്ചാണ് ആണവ കരാറിൻ്റെ പേരിൽ യുപിഎ സർക്കാരിനുള്ള പിന്തുണ സിപിഐഎം പിൻവലിച്ചതെന്ന അഭ്യൂഹം പാർട്ടി രഹസ്യമായി ഇപ്പോഴും ബാക്കിയാണ്.


പിന്നീട് ബിജെപിക്കെതിരായി ഇൻഡ്യ സഖ്യം രൂപീകരിക്കുമ്പോഴും പ്രതിപക്ഷ നേതാക്കളെ കൂട്ടിയോജിപ്പിക്കാനും അഭിപ്രായ ഐക്യം ഉണ്ടാക്കാനും യെച്ചൂരി നേതൃപരമായ ഇടപെടൽ നടത്തിയിരുന്നു. പാർലമെൻ്റിൽ ഇടതുപക്ഷത്തിൻ്റെ ശക്തിക്ഷയിച്ച ഘട്ടത്തിലും ബിജെപി വിരുദ്ധ പ്രതിപക്ഷ സഖ്യത്തിൻ്റെ പ്രധാനപ്പെട്ട നേതാവ് എന്ന സ്വീകാര്യത യെച്ചൂരിക്കുണ്ടായിരുന്നു. 2005ൽ രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി ഏതാണ്ട് ഒരു വ്യാഴവട്ടം രാജ്യസഭയിൽ സിപിഐഎമ്മിൻ്റെ ശബ്ദമായി മാറി. 2017ൽ രാജ്യസഭാ പദവി ഒഴിഞ്ഞ യെച്ചൂരിക്ക് വീണ്ടും ഊഴം നൽകണമെന്ന് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ആവശ്യം ഉയർന്നത് യെച്ചൂരിയുടെ പാർലമെൻ്ററി ഇടപെടലുകൾക്കുള്ള അം​ഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

1952 ആഗസ്റ്റ് 12 ന് ചെന്നൈയിൽ ജനിച്ച സീതാറാം യെച്ചൂരി തൻ്റെ സ്‌കൂൾ വിദ്യാഭ്യാസത്തിൻ്റെ ഭൂരിഭാഗവും ആന്ധ്രാപ്രദേശിലാണ് പൂർത്തിയാക്കിയത്. ആന്ധ്രാപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ എഞ്ചിനീയറായിരുന്നു യെച്ചൂരിയുടെ പിതാവ്. അമ്മയും സർക്കാർ ഉദ്യോ​ഗസ്ഥയായിരുന്നു. ഹൈദരാബാദിലെ ഓൾ സെയിൻ്റ്സ് ഹൈസ്കൂളിൽ പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം. പിന്നീട് 1969ൽ തെലങ്കാന പ്രക്ഷേഭത്തെ തുടർന്ന് ഉപരിപഠനത്തിനായി ഡൽഹിയിലെത്തി.

ഡൽഹിയിലെ പ്രസിഡൻറ്സ് എസ്റ്റേറ്റ് സ്കൂളിൽ ചേർന്ന യെച്ചൂരി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഹയർ സെക്കൻഡറി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയാണ് വിജയിച്ചത്. ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബി എ (ഓണേഴ്‌സ്) ഒന്നാം റാങ്കും ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എംഎയും നേടി. അദ്ദേഹം ജെഎൻയുവിൽ സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡിയും ചെയ്തു.
Content Summary: CPM General Secretary Sitaram Yechury passed away

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !