![]() |
| പൊലീസ് പിടിയിലായ കൊള്ളസംഘാംഗങ്ങൾ | ടിവി ദൃശ്യം |
തൃശൂരിലെ മൂന്ന് എടിഎമ്മുകള്‍ കവര്‍ച്ച ചെയ്ത കൊള്ളസംഘം തമിഴ്‌നാട്ടില്‍ പിടിയില്‍. നാമക്കലില്‍ നിന്നാണ് കവര്‍ച്ചാ സംഘത്തെ തമിഴ്‌നാട് പൊലീസ് പിടികൂടിയത്. ഹരിയാന, രാജസ്ഥാന്‍ സ്വദേശികളായ തസ്‌കരസംഘമാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. പൊലീസും കൊള്ളസംഘവുമായി ഏറ്റുമുട്ടലുണ്ടായി. പൊലീസിന്റെ വെടിവെപ്പില്‍ കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടു.
ആറംഗ സംഘമാണ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്. ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് ഇവരെ ബലമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കണ്ടെയ്‌നര്‍ ലോറിയില്‍ സഞ്ചരിക്കുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്. കോയമ്പത്തൂര്‍ വഴി ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി തൃശൂര്‍ പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് വിവരം തമിഴ്‌നാട് പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് പിന്തുടര്‍ന്നതോടെ കവര്‍ച്ചാസംഘം പൊലീസിനു നേര്‍ക്ക് വെടിയുതിര്‍ത്തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടര്‍ന്ന് പൊലീസും തിരിച്ചടിച്ചു. ഇതേത്തുടര്‍ന്ന് ഇറങ്ങിയോടിയ സംഘത്തെ പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. തൃശൂരില്‍ മൂന്നിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലായിരുന്നു കവര്‍ച്ച നടത്തിയത്. തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Thrissur ATM robbery gang arrested in Tamil Nadu; Clash with police, one shot dead
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !