ബെംഗളൂരു: ബെംഗളൂരില്‍ യുവതിയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത് ‘ഇൻസ്റ്റാഗ്രാം ജ്യോത്സ്യന്‍’ മുങ്ങി. ബെംഗളൂരുവിലെ വിനയ്കുമാറെന്ന ജ്യോത്സനാണ് യുവതിയില്‍നിന്ന് പണം തട്ടി മുങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇന്‍സ്റ്റാഗ്രാമില്‍ ജ്യോതിഷിയെന്ന് സ്വയം വിശേഷിപ്പിച്ച ഇയാള്‍ ബെംഗളൂരുവില്‍ നിന്നുള്ള ഇരുപത്തിനാലുകാരിയായ യുവതിയെയാണ് തന്ത്രപൂര്‍വ്വം വലയിലാക്കിയത്. യുവതിയുടെ ഭാവിയില്‍ നടക്കാന്‍ പോകുന്ന പ്രണയ വിവാഹത്തിലെ പ്രശ്‌നങ്ങള്‍ ചില പൂജകളിലൂടെ പരിഹരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാള്‍ ആറ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ആദ്യം ചെറിയ തുകയില്‍ തുടങ്ങിയ തട്ടിപ്പ് പിന്നീട് ലക്ഷങ്ങളില്‍ അവസാനിക്കുകയായിരുന്നു. വിജയകുമാര്‍ എന്നാണ് ജ്യോതിഷി സ്വയം പരിചയപ്പെടുത്തിയത്.
ഇലക്ട്രോണിക്‌സ് സിറ്റിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി ജനുവരിയിലാണ് വ്യാജ ജ്യോതിഷിയുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ പരിചയപ്പെടുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൊഫൈലില്‍ ജ്യോതിഷ സേവനങ്ങള്‍ നല്‍കുന്നുവെന്ന് അവകാശപ്പെടുകയും ഒരു അഘോരി ബാബയുടെ ചിത്രം ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇന്‍സ്റ്റാ പ്രൊഫൈലിലെ വാഗ്ദാനങ്ങളില്‍ ആകൃഷ്ടയായി, യുവതി അക്കൗണ്ടിലേക്ക് സന്ദേശമയച്ചു, വിജയ് കുമാര്‍ ഉടന്‍ തന്നെ മറുപടി നല്‍കി. തുടര്‍ന്ന് ജാതകം പരിശോധിക്കാന്‍ യുവതിയുടെ പേരും ജനനത്തീയതിയും ആവശ്യപ്പെട്ടു.
ജാതകം പരിശോധിച്ചപ്പോള്‍ യുവതിയുടേത് ഒരു പ്രണയ വിവാഹം ആയിരിക്കുമെന്നും അതില്‍ ധാരാളം പ്രശ്‌നങ്ങള്‍ കാണുന്നുണ്ടെന്നും ഇയാള്‍യ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാല്‍, ചില പൂജകളിലൂടെ തനിക്ക് അത് പരിഹരിച്ചു തരാന്‍ കഴിയുമെന്നും ഇയാള്‍ അവകാശപ്പെട്ടു. പ്രാരംഭ പൂജയ്ക്ക് 1,820 രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. അത് ന്യായമാണെന്ന് കരുതിയ യുവതി ഡിജിറ്റല്‍ പെയ്‌മെന്റ് വഴി പണം കൈമാറി. എന്നാല്‍, ജ്യോതിഷിയുടെ ആവശ്യങ്ങള്‍ അവിടെ അവസാനിച്ചില്ല.
അയാള്‍ യുവതിയുടെ ജാതകത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ കണ്ടെത്തിക്കൊണ്ടേയിരുന്നു. ഒപ്പം പ്രശ്‌ന പരിഹാരത്തിന് പൂജകള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. അങ്ങനെ പൂജകള്‍ക്കായി ഇയാള്‍ യുവതിയില്‍ നിന്നും തട്ടിയെടുത്തത് 5.9 ലക്ഷം രൂപയാണ്. ഒടുവില്‍ താന്‍ വഞ്ചിപ്പെടുകയാണെന്ന് മനസ്സിലായി. ഇതോടെ യുവതി പണം തിരികെ നല്‍കണമെന്നും ഇല്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്നും വ്യാജ ജ്യോതിഷിയോട് പറഞ്ഞു. അങ്ങനെ 13,000 രൂപ ഇയാള്‍ തിരികെ നല്‍കി. ഒപ്പം ബാക്കി തുക ആവശ്യപ്പെട്ടാല്‍ താന്‍ ജീവന്‍ അവസാനിപ്പിക്കുമെന്ന് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി.
അധികം വൈകാതെ പ്രശാന്ത് എന്ന് പരിചയപ്പെടുത്തിയ ഒരു വ്യക്തി അഭിഭാഷകനെന്ന വ്യാജേന യുവതിയെ വിളിച്ചു. തുടര്‍ന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ട് കൊണ്ട് യുവതിയെ നിരന്തരമായി ഭീഷണിപ്പെടുത്തി. ശല്യം സഹിക്കവയ്യാതായ യുവതി പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണത്തില്‍ തട്ടിപ്പ് പുറത്തുവരികയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, ബിഎന്‍എസ് സെക്ഷന്‍ 318 പ്രകാരം വിജയ് കുമാറിനും ഇയാളുടെ കൂട്ടാളികള്‍ക്കും എതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
Content Summary: 'Problems in love marriage, solution is puja'; Instagram astrologer dupes woman of Rs 6 lakh in Bengaluru
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !