ലോകകപ്പ് യോഗ്യതാമത്സരത്തിൽ ബ്രസീലിനെ തകർത്ത് അർജൻ്റീന. ഇതിഹാസതാരം ലയണൽ മെസി ഇല്ലാതെ ഇറങ്ങിയിട്ടും ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വീഴ്ത്താൻ അർജൻ്റീനയ്ക്ക് സാധിച്ചു. ഹൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക്അലിസ്റ്റർ, ഗിലിയാനോ സിമിയോണി എന്നിവരാണ് അർജൻ്റീനയ്ക്കായി ഗോൾ നേടിയത്. മാത്യൂസ് കുൻഹ ബ്രസീലിൻ്റെ ആശ്വാസ ഗോൾ സ്വന്തമാക്കി. ജയത്തോടെ അർജൻ്റീന 2026 ലോകകപ്പ് യോഗ്യതയും നേടി.
സമസ്ത മേഖലയിലും അർജൻ്റീന നിറഞ്ഞുനിന്ന മത്സരമാണ് ബ്യൂണസ് അയേഴ്സിലെ എസ്റ്റാഡിയോ മോണ്യുമെൻ്റൽ സ്റ്റേഡിയത്തിൽ നടന്നത്. തുടക്കം മുതൽ ഒത്തിണക്കത്തോടെ ആക്രമിച്ചുകളിച്ച അർജൻ്റീനയ്ക്ക് മുന്നിൽ ബ്രസീൽ പലപ്പോഴും പതറി. നാലാം മിനിട്ടിൽ തന്നെ ലോക ചാമ്പ്യന്മാർ ആദ്യ ഗോളടിച്ചു. ഹൂലിയൻ അൽവാരസാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. ആക്രമണം തുടർന്ന അർജൻ്റീന 12ആം മിനിട്ടിൽ എൻസോയിലൂടെ അടുത്ത ഗോൾ കണ്ടെത്തി. ഗോൾ മടക്കാനുള്ള ബ്രസീലിൻ്റെ തുടർശ്രമങ്ങൾക്ക് ഒടുവിൽ ഫലം കണ്ടു. 26ആം മിനിട്ടിൽ മാത്യൂസ് കുൻഹയിലൂടെ ബ്രസീൽ ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ, ഈ ഒരൊറ്റ ഗോളോടെ ബ്രസീലിനെ തളച്ച അർജൻ്റീന 37ആം മിനിട്ടിൽ വീണ്ടും ബെൻ്റോയെ മറികടന്നു. മക്അലിസ്റ്ററാണ് അർജൻ്റീനയുടെ മൂന്നാം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ബ്രസീൽ അതിജീവനത്തിന് ശ്രമിച്ചപ്പോൾ അർജൻ്റീന ആധിപത്യത്തിൻ്റെ അനായാസതയിലായിരുന്നു. ഇതിനിടെ 71ആം മിനിട്ടിൽ സിമിയോണി കൂടി ഗോൾ പട്ടികയിൽ ഇടം നേടിയതോടെ അർജൻ്റീനയുടെ ജയം പൂർണമായി.
അർജൻ്റീന ആകെ 12 ഷോട്ടുകൾ ഗോളിലേക്ക് തൊടുത്തപ്പോൾ ബ്രസീലിന് സാധിച്ചത് വെറും മൂന്നെണ്ണം. ഇതിൽ ഓൺ ടാർഗറ്റ് കേവലം ഒന്ന്. അത് ഗോളാവുകയും ചെയ്തു. ബോൾ പൊസിഷനും ആക്രമണവും പ്രതിരോധവും ഉൾപ്പെടെ എല്ലാ മേഖലയിലും ആധിപത്യം നേടിയാണ് അർജൻ്റീനയുടെ വിജയം. ഇതോടെ നിലവിലെ ബ്രസീൽ ടീമിൻ്റെ നിലവാരവും ആരാധകർ ചർച്ച ചെയ്യുന്നുണ്ട്. 14 മത്സരങ്ങളിൽ 10ഉം വിജയിച്ച് 31 പോയിൻ്റുമായി രാജകീയമായാണ് അർജൻ്റീന ലോകകപ്പ് യോഗ്യത നേടിയത്. 14 മത്സരങ്ങളിൽ ആറ് ജയം സഹിതം 21 പോയിൻ്റുള്ള ബ്രസീൽ നാലാമതാണ്. ഇക്വഡോർ (23 പോയിൻ്റ്), ഉറുഗ്വെ (21 പോയിൻ്റ്) എന്നിവർ രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ്.
Content Summary: MArgentina beats Brazil in World Cup qualifier
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !