കൊച്ചി|പുലിപ്പല്ല് കൈവശംവെച്ച കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ഹിരൺദാസ് മുരളി എന്ന റാപ്പര്‍ വേടന്‍. പുലിപ്പല്ല് കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും അതേസമയം, പുകവലിയും മദ്യപാനവും തെറ്റാണെന്നും തന്നോട് ക്ഷമിക്കണമെന്നും വേടന്‍ പറഞ്ഞു. നല്ലൊരു മനുഷ്യനായി മാറാന്‍ താന്‍ ശ്രമിക്കുമെന്നും വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
'പുലിപ്പല്ല് കേസിനെക്കുറിച്ച് ഒന്നും പറയാന്‍ പറ്റില്ല. അത് കോടതിയുടെ കൈയിലിരിക്കുന്ന കാര്യമാണ്. എനിക്കുവേണ്ടി പ്രാർത്ഥിച്ച ഒരുപാട് ആള്‍ക്കാരോട് നന്ദിയുണ്ട്. എനിക്ക് ഒരുകാര്യം പറയാനുള്ളത് എന്നെ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന സഹോദരന്മാരോടാണ്. എന്റെ പുകവലിയും മദ്യപാനവും ഭയങ്കര തെറ്റാണ്, അത് ബാഡ് ഇന്‍ഫ്‌ളുവന്‍സ് ആണ് എന്ന് എനിക്കറിയാം. ചേട്ടനോട് ക്ഷമിക്കണം. നല്ലൊരു മനുഷ്യനായി മാറാന്‍പറ്റുമോ എന്ന് ഞാന്‍ നോക്കട്ടെ. പോയിട്ടുവരാം. പോയിട്ടുവരാം മക്കളേ'- വേടന്‍ പറഞ്ഞു.
പുലിപ്പല്ലുമായി വേടന് യാതൊരു ബന്ധവുമില്ലെന്ന് കോടതിയെ അറിയിച്ചെന്നും കോടതി അത് കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനും പ്രതികരിച്ചു. കേസില്‍ അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. ജാമ്യത്തിന് പല ഉപാധികളുമുണ്ട്. അതെല്ലാം വേടന്‍ പാലിക്കേണ്ടതുണ്ട്. ജാമ്യ ഉത്തരവിന്റെ മുഴുവന്‍ വിശദാംശങ്ങളും ലഭ്യമായിട്ടില്ല. പുലിപ്പല്ലുമായി വേടന് യാതൊരു ബന്ധവുമില്ലെന്ന് കോടതിയില്‍ പറഞ്ഞു. കോടതി അത് കണക്കിലെടുത്തു. അത് വേടന് സമ്മാനിച്ചതാണെന്ന് കോടതിയെ ധരിപ്പിച്ചെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.
പുലിപ്പല്ല് കൈവശംവെച്ചതിന് വനംവകുപ്പ് രജിസ്റ്റര്‍ചെയ്ത കേസില്‍ ബുധനാഴ്ചയാണ് വേടന് ജാമ്യം കിട്ടിയത്. പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വേടന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേരളം വിട്ട് പോകരുത്, ഏഴുദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ഹാജരാക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികള്‍.
പുല്ലിപ്പല്ല് കേസില്‍ കഴിഞ്ഞദിവസം വേടനെ കോടതി വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് വേടനുമായി തെളിവെടുപ്പ് നടത്തിയശേഷം കോടതിയുടെ നിര്‍ദേശമനുസരിച്ച് ബുധനാഴ്ച വൈകിട്ട് തിരികെ വീണ്ടും കോടതിയില്‍ ഹാജരാക്കി. ഈ ഘട്ടത്തിലാണ് വേടന്റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.
താന്‍ മനഃപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നും ആരാധകര്‍ സമ്മാനിച്ച വസ്തു സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും വേടന്‍ ജാമ്യാപേക്ഷയില്‍ കോടതിയില്‍ പറഞ്ഞു. ഇത് യഥാർത്ഥ പുലിപ്പല്ല് ആണെന്ന് അറിയില്ലായിരുന്നു. കോടതി നിര്‍ദേശിക്കുന്ന ഏത് ജാമ്യവ്യവസ്ഥകളും അംഗീകരിക്കാന്‍ തയ്യാറാണ്. മാത്രമല്ല, മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തെങ്കിലും കോടതി ഇത് തള്ളി. തുടര്‍ന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
Content Summary: 'Smoking and drinking are wrong, I'm sorry, I'll try to be a good person': Vedan
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !