ഏഴ് വയസ്സ് പൂർത്തിയായ കുട്ടികളുടെ ആധാർ വിവരങ്ങൾ നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആവശ്യപ്പെട്ടു. അപ്‌ഡേറ്റ് ചെയ്യാത്ത പക്ഷം വിവിധ ആനുകൂല്യങ്ങൾ നഷ്ടമാകുമെന്നും മുന്നറിയിപ്പുണ്ട്. അതിനാൽ, അക്ഷയ സെന്ററുകൾ, ആധാർ സേവാ കേന്ദ്രങ്ങൾ എന്നിവ വഴി ആധാർ അപ്‌ഡേറ്റ് ചെയ്യണമെന്നും യുഐഡിഎഐ വ്യക്തമാക്കി.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഫോട്ടോ, പേര്, ജനനത്തീയതി, വിലാസം എന്നിവ നൽകി ആധാർ എടുക്കാവുന്നതാണ്. നിലവിൽ അവരുടെ വിരലടയാളമോ ഐറിസ് ബയോമെട്രിക്സോ ആധാറിൽ ഉൾപ്പെടുത്തില്ല. എന്നാൽ കുട്ടിക്ക് അഞ്ച് വയസ്സ് തികയുമ്പോൾ ആധാറിൽ വിരലടയാളങ്ങൾ, ഐറിസ് സ്കാനുകൾ, ഫോട്ടോ എന്നിവ നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.
അഞ്ച് മുതൽ ഏഴ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ബയോമെട്രിക് അപ്‌ഡേറ്റ് സൗജന്യമായി ചെയ്യാവുന്നതാണ്. ഏഴ് വയസ്സിന് ശേഷമുള്ള കുട്ടികൾക്ക് 100 രൂപ നിശ്ചിത ഫീസ് ഈടാക്കും. കുട്ടിക്ക് 7 വയസ്സ് തികയുകയും ബയോമെട്രിക് അപ്‌ഡേറ്റ് പൂർത്തിയാക്കാതിരിക്കുകയും ചെയ്താൽ ആധാർ അസാധുവാകും.
സ്കൂൾ പ്രവേശനം, പ്രവേശന പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യൽ, സ്കോളർഷിപ്പുകൾ, മറ്റ് സർക്കാർ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിന് ബയോമെട്രിക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത സാധുവായ ആധാറുകൾ മാത്രമേ പരിഗണിക്കൂ. അതിനാൽ, മാതാപിതാക്കൾ നിർബന്ധമായും കുട്ടികളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യണമെന്നും ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തരുതെന്നും യുഐഡിഎഐ മുന്നറിയിപ്പ് നൽകി.
ഈ വാർത്ത കേൾക്കാം