പച്ചക്കറിലോറിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന സ്ഫോടക വസ്തുക്കൾ വഴിക്കടവ് എക്സൈസ് ചെക്‌പോസ്റ്റിൽ പിടികൂടി. 4.25 ടൺ ജലറ്റിൻ സ്റ്റിക്കും 1000 ഡിറ്റനേറ്ററുമാണ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന 3 പേരെ അറസ്റ്റ് ചെയ്തു. തൃശൂർ പൊന്നൂക്കര കളപ്പുരയ്ക്കൽ സുനിൽ കുമാർ(50), വെളത്തൂർ അരിമ്പൂർ റാഞ്ചപ്പൻ വീട്ടിൽ ജിനോ(42), ഡ്രൈവർ എറണാകുളം കളയന്നൂർ ചേരണക്കാട്ട് ജിനദേവൻ(37) എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂരിലെ ക്വാറികളിൽ ഉപയോഗിക്കാൻ ഗുണ്ടൽപേട്ടിൽനിന്ന് കൊണ്ടുവന്നതാണ് സ്ഫോടകവസ്തുക്കളെന്ന് പ്രതികൾ മൊഴി നൽകി.
പച്ചക്കറി ലോഡ് എന്ന വ്യാജേന ഇന്നലെ ഉച്ചയ്ക്ക് 1.15ന് ആണ് ലോറി ചെക്‌പോസ്റ്റിലെത്തിയത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 4,275 ജലറ്റിൻ സ്റ്റിക്കും ഡിറ്റനേറ്ററുകളും ഉൾപ്പെടെ നാലര ടൺ സ്ഫോടകവസ്തു കണ്ടെത്തുകയായിരുന്നു. വഴിക്കടവ് പൊലീസിനു കൈമാറിയ പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് നിലമ്പൂർ കോടതിയിൽ ഹാജരാക്കും.
സ്ഫോടക വസ്തു കടത്താൻ ശ്രമിച്ചതിന് സുനിൽ കുമാറിനെതിരെ തൃശൂർ പട്ടിക്കാട്, ഒല്ലൂർ സ്റ്റേഷനുകളിൽ നേരത്തേ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ കെ.ടി.സജിമോന്റെ നേതൃത്വത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ പി.പ്രകാശൻ, പി.വി.സുഭാഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ സി.ടി.ഷംനാസ്, അബിൻരാജ് എന്നിവരാണ് പരിശോധന നടത്തിയത്.


