ജിദ്ദ : പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി റുവൈസ് കമ്മിറ്റി പ്രസിഡന്റും പെരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി-ജിദ്ദ വൈ. പ്രസിഡന്റുമായ മുജാഫർ പുതുകുളങ്ങരക്ക് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയും പെരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി യാത്രയയപ്പു നൽകി. യാത്രയയപ്പു സമ്മേളനം പ്രവാസി കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും മനുഷ്യാവകാശ പ്രവർത്തകയുമായ ജമീല അഹമ്മത്, ഒഐസിസി നേതാക്കളായ എ.പി. കുഞ്ഞാലി ഹാജി, ചെമ്പൻ അബ്ബാസ്, സി. എം. അഹമ്മത്, എൻ. ഹുസൈൻ, നൗഷാദ് ചാലിയാർ, അലവി ഹാജി കാരിമുക്ക്, സക്കീർ അലി കണ്ണേത്ത്, കുഞ്ഞിമുഹമ്മത് കൊടശ്ശേരി, എന്നിവർ ആശംസകളർപ്പിച്ചു. ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ചെമ്പൻ അബ്ബാസും ഒഐസിസി പെരുവള്ളൂർ കമ്മിറ്റിയുടെ ഉപഹാരം എ.പി. കുഞ്ഞാലി ഹാജിയും നൽകി. മാതൃപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ ആത്മാർത്ഥതയോടെ പ്രവർത്തന രംഗത്തുണ്ടാകുമെന്നും പരിമിതികൾക്കുള്ളിൽ നിന്നും ജീവകാരുണ്യ പ്രവർത്തനമുൾപ്പെടെ ജനഹൃദയങ്ങളിൽ സ്വാധീനം ചെലുത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുന്ന പ്രവാസ ലോകത്തെ സംഘടനാ പ്രവർത്തനം മാതൃകാപരമാണെന്നും യാത്രയയപ്പിനു നന്ദി പറഞ്ഞു സംസാരിച്ച മുജാഫർ പറഞ്ഞു.
ഒഐസിസി പെരുവള്ളൂർ കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് അഞ്ചാലൻ സ്വാഗതവും ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി വൈ: പ്രസിഡണ്ട് ആസാദ് പോരൂർ നന്ദിയും പറഞ്ഞു. അസ്‌ക്കർ കാളികാവ്, ഷാനവാസ്. ഇ, സി.സി. ഷംസു, അസീസ് ലാക്കൽ, ലത്തീഫ് പെരിന്തൽമണ്ണ, മരക്കാർ ഹാജി, എ.പി. യാസർ നായിഫ്, അസീസ് വള്ളിക്കുന്ന്, അലിബാപ്പു പെരുമണ്ണ, കുഞ്ഞാൻ പൂക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.
:മൻസൂർ എടക്കര


