നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേ നവീകരണം; നവംബര്‍ 20 മുതല്‍ എട്ട് മണിക്കൂര്‍ റണ്‍വേ അടച്ചിടും




നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശീതകാല സമയപ്പട്ടിക ഞായറാഴ്ച നിലവില്‍വരും. നവംബര്‍ 20 മുതല്‍ മാര്‍ച്ച് 28 വരെ നിശ്ചയിച്ചിട്ടുള്ള റണ്‍വേ നവീകരണം കൂടി കണക്കിലെടുത്താണ് ശീതകാല സര്‍വീസുകള്‍ ക്രമപ്പെടുത്തിയിട്ടുള്ളത്. റണ്‍വേ നവീകരണ സമയത്ത് രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെ വിമാനസര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. ഈ സമയത്തുള്ള വിമാനങ്ങള്‍ രാത്രിയിലേയ്ക്ക് പുന:ക്രമീകരിച്ചിട്ടുണ്ട്.

രാജ്യാന്തര വിഭാഗത്തില്‍ രണ്ടും ആഭ്യന്തര വിഭാഗത്തില്‍ നാലും സര്‍വീസുകള്‍ മാത്രമാണ് റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ടുള്ള സമയ പുന:ക്രമീകരണത്തില്‍ നഷ്ടപ്പെട്ടിട്ടുള്ളത്. പ്രതിവര്‍ഷം ഒരുകോടിയിലേറെ യാത്രക്കാര്‍ കൊച്ചി വിമാനത്താവളം വഴി കടന്നുപോകുന്നുണ്ട്. റണ്‍വേ നവീകരണം സുഗമമായി നടക്കാന്‍ വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തിരക്ക് ഒഴിവാക്കാന്‍ ആഭ്യന്തര യാത്രക്കാര്‍ക്കുള്ള ചെക്ക്-ഇന്‍ സൗകര്യം മൂന്ന് മണിക്കൂര്‍ മുമ്പുതന്നെ തുടങ്ങിയിട്ടുണ്ട്.

മാര്‍ച്ച് 28 വരെ പ്രാബല്യമുള്ള ശീതകാല പട്ടികയില്‍ സൗദി അറേബ്യയിലെ ദമാമിലേയ്ക്കും മാലിയിലെ ഹനിമാധുവിലേയ്ക്കും പുതിയ സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശീതകാല സമയപ്പട്ടികയനുസരിച്ച് ആഴ്ചയില്‍ 1346 സര്‍വീസുകള്‍ കൊച്ചി വിമാനത്താവളത്തിലുണ്ട്. സൗദിയിലെ ദമാമിലേയ്ക്ക് ഫ്ളൈ നാസ് എയര്‍ലൈന്‍ പുതിയ സര്‍വീസ് തുടങ്ങും.

നിലവില്‍ സൗദിയ, എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഇന്ത്യ എന്നീ എയര്‍ലൈനുകള്‍ സൗദിയിലെ വിവിധ വിമാനത്താവളങ്ങളിലേയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് ഫ്ളൈ നാസിന്റെ ദമാം സര്‍വീസ്. ഇന്‍ഡിഗോ നിലവിലുള്ള ജിദ്ദ സര്‍വീസിന് പുറമെ ദമാമിലേയ്ക്ക് പുതിയ സര്‍വീസ് നടത്തും.

മാലി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐലന്‍ഡ് ഏവിയേഷന്‍ സര്‍വീസ് കൊച്ചിയില്‍ നിന്ന് മാലിയിലേയ്ക്കും ഹനിമാധു വിമാനത്താവളത്തിലേയ്ക്കും പുതിയ സര്‍വീസ് തുടങ്ങും. നിലവില്‍ മാലിയിലേയ്ക്ക് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്. ആഭ്യന്തര മേഖലയില്‍ ഗോ എയര്‍ ഡല്‍ഹിയിലേയ്ക്കും എയര്‍ ഏഷ്യ ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും സ്പൈസ്ജെറ്റ് കൊല്‍ക്കത്ത, ചെന്നൈ, തിരുപ്പതി എന്നിവിടങ്ങളിലേയ്ക്കും അധിക സര്‍വീസുകള്‍ നടത്തും.

ആഭ്യന്തരമേഖലയില്‍ ബാംഗ്ലൂര്‍, ഡല്‍ഹി എന്നിവിടങ്ങളിലേയ്ക്ക് പ്രതിദിനം പത്തിലേറെ നേരിട്ടുള്ള സര്‍വീസുകള്‍ കൊച്ചിയില്‍നിന്നുണ്ട്. ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേയ്ക്ക് എട്ടുവീതം നേരിട്ടുള്ള സര്‍വീസുകളും കൊച്ചിയില്‍നിന്നുണ്ട്.

ഹൈദരാബാദ്, തിരുപ്പതി, പുണെ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഗോവ, ഹൂബ്ലി, കണ്ണൂര്‍, തിരുവനന്തപുരം, ഗോവ എന്നീ നഗരങ്ങളിലേയ്ക്കും കൊച്ചിയില്‍ നിന്ന് വിവിധ എയര്‍ലൈനുകള്‍ നേരിട്ട് സര്‍വീസ് നടത്തുന്നു. രാജ്യാന്തര മേഖലയില്‍ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും കുലാലംപുര്‍, സിംഗപ്പുര്‍, കൊളംബോ, ബാങ്കോക്ക്, ടെല്‍-അവീവ് എന്നീ നഗരങ്ങളിലേയ്ക്കും കൊച്ചിയില്‍നിന്ന് നേരിട്ടുള്ള സര്‍വീസുകളുണ്ട്.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !