ജിദ്ദ : അടുത്ത മാസം ജിദ്ദയിൽ ആരംഭിക്കുന്ന സിഫ് ഫുട്ബോൾ ടൂർണമെന്റിൽ അരങ്ങേറ്റം കുറിക്കുന്ന റോയൽ എഫ് സി ജിദ്ദ ടീമിന്റെ പുതിയ ജേഴ്‌സി പ്രകാശനവും ടീം മീറ്റിങ്ങും നടന്നു . ഷറഫിയ സഫൈർ ഹോട്ടലിൽ നടന്ന പരിപാടി SRPC ന്യൂസ് മീഡിയ വിങ് അംഗം ശ്രീ : അബ്ദുൽ ജബ്ബാർ വലിയാട്ട് ഉദ്ഘടാനം ചെയ്‌തു . വളരെ ചുരുങ്ങിയ കാലം കൊണ്ട് ജിദ്ദയിലെ മുൻനിര ടീമുകളുടെ ഇടയിലേക്ക് എത്തുകയും സിഫ് ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ച റോയൽ എഫ് സിയുടെ വളർച്ച വളരെ അഭിനന്ദനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .ക്ലബ് പ്രസിഡന്റ് അബ്ദുൽ മുഹൈമിൻ അധ്യക്ഷത വഹിച്ച പരിപാടി ക്ലബ്ബിന്റെ പ്രധാന സ്പോൺസറായ നക്കാ ഡ്രിങ്കിങ് വാട്ടർ സി ഇ ഓ മക്ബൂൽ അഹമ്മദ് ഷൗഖ് ജേഴ്‌സി പ്രകാശനം ചെയ്തു .
ഇന്റർനാഷണൽ ബിസിനസ് ട്രെയിനെർ എം എ റഷീദ്, റിയാദിലെ ബിസിനസ് മേധാവി അഷറഫ് എറമ്പത് എന്നിവർ ചേർന്ന് ക്ലബിന് നൽകിയ ഉപഹാരം ഹാരിസ് വണ്ടൂർ ഏറ്റുവാങ്ങി . ടീമിന്റെ വിവിധ സ്‌പോൺസർമാരായ ജലീൽ കോൽതൊടി , ഹുസൈൻ കോൽതൊടി , സവാഫ് മുസ്തഫ , വോഡ ഡ്രിങ്ക്സ് എംഡി റഫീഖ് കെസി , എംഐസ് ഡയറക്ടർ അബ്ദുൽ റൗഫ് എന്നിവർ ടീമിന് വിജയാശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു .
തുടർന്ന് നടന്ന ടീം മീറ്റിംഗിൽ എത്തിഹാദ് മുൻ കളിക്കാരനും ടീമിന്റെ കോച്ചുമായ മുഹമ്മദ് ഹിജാസ് , ഗോൾ കീപ്പർ കോച് വലീദ് എന്നിവർ കളിക്കാർക്ക് മോട്ടിവേഷൻ ക്ലാസ് എടുത്തു . ഓരോ കളിക്കാരനും ടീമിന് വേണ്ടി ഗ്രൗണ്ടിൽ തന്റെ കഴിവ് മുഴുവൻ പുറത്തെടുക്കണമെന്നും ശാരീരികമായും മാനസികമായും ഫിറ്റ്നസ് നിലനിർത്തണമെന്നും ഗ്രൗണ്ടിന് പുറത്തു ഒരുപാട് പേർ മികച്ച കളി പ്രതീക്ഷിച്ചിരിക്കുകയാണെന്ന ബോധം കളിക്കാർക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു . ഓരോ മത്സരത്തിന് വരുമ്പോഴും പ്രാർത്ഥന ഒരു പ്രധാന ഘടകമാണെന്നും അത് ശീലമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ക്ലബ് ഭാരവാഹികളായ ഹാശിം, അനീഷ് , ശിഹാബ് ചുണ്ടക്കാടൻ ,റഷാദ് , ഷമീം വെള്ളാടത്ത്, എന്നിവർ സംസാരിച്ചു . ജനറൽ സെക്രട്ടറി അബ്ദുൽ റഊഫ് കരുമാറ സ്വഗതവും വൈസ് പ്രസിഡന്റ് മൻസൂർ ചെമ്പൻ നന്ദിയും പറഞ്ഞു .
റിപ്പോർട്ട് : മൻസൂർ എടക്കര ജിദ്ദ


