മലപ്പുറം: ജില്ലയിൽ ദേശീയപാത വികസനത്തിന് ഭൂമി എറ്റെടുക്കാൻ ആദ്യഘട്ടമായി 49.86 കോടി രൂപ ലഭിച്ചതായി കളക്ടർ ജാഫർ മാലിക് അറിയിച്ചു. തിരൂർ താലൂക്ക് പരിധിയിലെ നടുവട്ടം വില്ലേജിൽനിന്ന് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും വൃക്ഷങ്ങളുടെയും കാർഷികവിളകളുടെയും നഷ്ടപരിഹാരം നൽകുന്നതിനാണ് ഈ തുക വിനിയോഗിക്കുക. 49.86 കോടി പ്രോജക്ട് ഡയറക്ടറുടെയും ഡെപ്യൂട്ടി കളക്ടറുടെയും സംയുക്ത അക്കൗണ്ടിൽ എത്തി.
നടുവട്ടം വില്ലേജിൽനിന്ന് ആകെ ഏറ്റെടുക്കേണ്ടത് 2.6735 ഹെക്ടർ ഭൂമിയാണ്. ഇതിൽ സർക്കാർ ഭൂമി 0.1254 ഹെക്ടറും സ്വകാര്യ ഭൂമി 2.5481 ഹെക്ടറുമാണ്. ഒരു സെന്റ് ഭൂമിക്ക് ഗുണനഘടകവും സമാശ്വാസ പ്രതിഫലവും അടക്കം 4,18,254 രൂപ ലഭിക്കും.
ഇതിനുപുറമെ വിജ്ഞാപനത്തീയതി മുതൽ അവാർഡ് തീയതിവരെ 12 ശതമാനം നിരക്കിൽ വർധനവും നഷ്ടപരിഹാരമായി ലഭിക്കും. കെട്ടിടങ്ങൾക്കും മരങ്ങൾക്കും കാർഷികവിളകൾക്കും ബന്ധപ്പെട്ട വകുപ്പുകൾ നിശ്ചയിക്കുന്ന വിലയുടെ ഇരട്ടിത്തുകയും നഷ്ടപരിഹാരമായി ലഭിക്കും.
ദേശീയപാത വികസനം സംബന്ധിച്ച് ഹൈക്കോടതിയിൽ കേസുകൾ നിലനിൽക്കുന്നതിനാൽ കോടതിയിൽനിന്ന് അനുമതി ലഭിച്ചാലുടൻ തുക വിതരണംചെയ്യുമെന്നും കളക്ടർ പറഞ്ഞു.


