വളാഞ്ചേരി: കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസിനായി സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിയ സ്ഥലങ്ങളിൽ ഒന്നാംഘട്ട പ്രവൃത്തി നടത്താനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കാലതാമസം ഒഴിവാക്കി റോഡ്‌നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ബൈപ്പാസിനായി 2012 ഫെബ്രുവരിയിൽ 25കോടി രൂപയ്ക്ക് അനുമതി നൽകിയിരുന്നു. ഇതിൽ പത്ത്‌കോടി ഭൂമി ഏറ്റെടുക്കുന്നതിനും 15കോടി നിർമാണപ്രവൃത്തികൾക്കുമായിരുന്നു.
2013 ഏപ്രിലിൽ ടെണ്ടർ ചെയ്യുകയും 2014 ഏപ്രിലിൽ കരാർവെക്കുകയും ചെയ്തു. വൈദ്യുതിത്തൂണുകൾ മാറ്റുന്നതിന് കെ.എസ്.ഇ.ബിക്ക് 25.40 ലക്ഷം രൂപയും കുടിവെള്ളക്കുഴലുകൾ മാറ്റിസ്ഥാപിക്കുന്നതിന് ജലവിഭവവകുപ്പിന് 31ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇത്കൂടാതെ ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യഭരണാനുമതിയിൽ നീക്കിവെച്ച പത്ത് കോടി രൂപ മതിയാകില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ട് പ്രാവശ്യമായി യഥാക്രമം പത്ത് കോടിയും 23.64 കോടിയും അനുവദിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടരുകയാണ്.
ഭൂമി ഏറ്റെടുത്ത് തടസ്സമില്ലാത്ത സ്ഥലങ്ങളിൽ ഘട്ടംഘട്ടമായി പ്രവൃത്തി നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ബാക്കി ഭാഗങ്ങളിൽ ഭൂമി ഏറ്റെടുത്ത് ടെണ്ടർ നടപടികൾ വേഗത്തിലാക്കും. ദേശീയപാത 66-ന് ബൈപാസായി ഉപയോഗിക്കാവുന്ന റോഡ് സജീവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.


