റിയാദ്: സമസ്ത ഇസ്‌ലാമിക് സെന്റർ നടത്തിയ ഹദീസ് ക്യാമ്പയിൻ ദേശീയ മത്സര വിജയികളെ പ്രഖ്യാപിച്ചു. ദേശീയ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി ആണ് മൂന്ന് മാസം നീണ്ടു നിന്ന ഹദീസ് ക്യാമ്പയിൻ വിജയികളെ പ്രഖ്യാപിച്ചത്. ആദ്യ ഒന്നും, മൂന്നും റാങ്കുകൾ ജിദ്ദ സെൻട്രൽ കമ്മിറ്റിയും രാണ്ടാം റാങ്ക് ദമാം സെൻട്രൽ കമ്മിറ്റിയുമാണ് അർഹരായത്. ജിദ്ദയിലെ അബ്ദുൽ ജലീൽ വടകര ഒന്നാം റാങ്കും സ്ഥാനം സുമയ്യ നജീബ് (ദമാം) രണ്ടാം റാങ്കും മുബഷിറ ഇ (ഉമ്മു ഹാമിദ) ജിദ്ദ മൂന്നാം റാങ്കും കരസ്ഥമാക്കി.
ഇമാം ബുഖാരിയുടെ അതുല്യവും അമൂല്യവുമായ അദബുൽ മുഫ്റദ് എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് ഹദീസ് ക്യാമ്പയിൻ നടത്തിയത്. യൂണിറ്റ് തലങ്ങളിൽ നിന്നും വിജയിച്ചവരെ സെൻട്രൽ കമ്മിറ്റി തലങ്ങളിൽ പങ്കെടുപ്പിച്ചും അവിടെ നിന്നും വിജയിച്ചവർ പ്രവിശ്യ തലത്തിൽ നടത്തിയ പരീക്ഷകളിലും പങ്കടുത്തിരുന്നു. പ്രവിശ്യ തലങ്ങളിലെ വിജയികളാണ് ദേശീയ തല മത്സരത്തിൽ മാറ്റുരച്ചത്.
ഹദീസ് ക്യാമ്പയിൻ ഭാഗമായി പുസ്‌തക വിതരണം, ഹദീസ് വിശകലനങ്ങൾ, ഓൺലൈൻ ക്ളാസുകൾ എന്നിവയടക്കം വിവിധ പരിപാടികൾ നടന്നിരുന്നു. പ്രവാചക വചനങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ തീർത്തും നിർണ്ണായക പങ്കാണ് ഹദീസ് ക്യാമ്പയിൻ വഹിച്ചത്.


