പ്രളയത്തില്‍ നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാൻ നവംബർ 6 ന് മലപ്പുറം മുനിസിപ്പൽ ടൗൺ ഹാളില്‍ വെച്ച് അദാലത്ത് നടത്തും. രാവിലെ 10.00 മുതല്‍ വൈകുന്നേരം 5.00 മണി വരെയാണ് അദാലത്ത്. ജില്ലാ ഭരണകൂടവും കേരള സ്റ്റേറ്റ് ഐടി മിഷനും ചേര്‍ന്നാണ് അദാലത്ത് നടത്തുന്നത്. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.
എസ്.എസ്.എല്‍.സി ബുക്ക്, പ്ലസ് ടു സർട്ടിഫിക്റ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍, ഡ്രൈവിംഗ് ലൈസൻസ് ,ആധാരം, ഇ-ഡിസ്ട്രിക്ട് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവക്കുള്ള അപേക്ഷകള്‍ അദാലത്തില്‍ സ്വീകരിക്കും. ഒരു രേഖയും ഇല്ലെങ്കിലും പേരും മറ്റു വിവരങ്ങളും ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ സേര്‍ച്ച് ചെയ്യുന്നതിനുള്ള സൗകര്യം ഐടി മിഷന്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റൈലൈസഡ് ലോക്കര്‍ സംവിധാനത്തിലേക്ക് മാറ്റും. ഇതിനായി വ്യക്തികളുടെ പേരില്‍ ആധാര്‍ അധിഷ്ഠിത അക്കൗണ്ടുകള്‍ തുടങ്ങും. തല്‍സമയം വിവാഹം, ജനനം, മരണം തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കുക. ബാക്കിയുള്ളവര്‍ക്ക് ബന്ധപ്പെട്ട ഓഫിസുകളില്‍ നിന്നോ അല്ലെങ്കില്‍ തപാല്‍ വഴിയോ സർട്ടിഫിക്കറ്റ് എത്തിക്കുന്നതിന് സൗകര്യം ഒരുക്കും. പ്രളയ ദുരിത ബാധിതർക്കുള്ള ജില്ലയിലെ ആദ്യ അദാലത്ത് കഴിഞ്ഞ ആഴ്ച ചുങ്കത്തറ വെച്ച് നടന്നിരുന്നു.



