പെരിന്തൽമണ്ണ: റോഡുകളുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചു സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. പെരിന്തൽമണ്ണയിൽ നിന്നും ഉൗട്ടി റോഡ് വഴി പാണ്ടിക്കാട് വരെയും പുലാമന്തോൾമുതൽ പട്ടാന്പി വരെയും ട്രാഫിക് ജംഗ്ഷൻ മുതൽ ചെർപ്പുളശേരി വരെയും ആയിശാ കോംപ്ലക്സ് ജംഗ്ഷൻ മുതൽ ബൈപാസ് റോഡ് മുഴുവനും കുണ്ടും കുഴിയുമായി പാടെ തകർന്നിരിക്കുകയാണ്.
ഇതിൽ പ്രതിഷേധിച്ച് ഇതിലൂടെയുള്ള സർവീസ് നിർത്തിവയ്ക്കാന്‍ സ്വകാര്യ ബസുടമകൾ തീരുമാനിച്ചു. 15നു ഇതുവഴിയുള്ള സർവിസുകൾ ഒരു ദിവസം സൂചനയായി നിർത്തിവയ്ക്കുമെന്ന് ബസുടമകൾ അറിയിച്ചു.
സ്ഥലം എംഎൽഎയുടെ നിർദേശമനുസരിച്ചാണ് ഇത്രയും കാലം ഇതെല്ലാം സഹിച്ച് സ്വകാര്യബസുകൾ സർവീസ് നടത്തിയിരുന്നത്. ഇനി സമരവുമായി മുന്നോട്ട് പോവുകയാണന്നും ബസ് ഓപ്പറേറ്റിവ് അസോസിയേഷൻ ഭാരവാഹികളായ കെ.മുഹമ്മദാലി, സഫാന മുഹമ്മദാലി, പി.സി ഹംസപ്പ എന്നിവർ അറിയിച്ചു.


