പെരിന്തൽമണ്ണ: കാർഷിക സംസ്കാരത്തെ അടുത്തറിയാൻ സ്കൂൾ വിദ്യാർഥികളുടെ കൊയ്ത്തുത്സവം ശ്രദ്ധേയമായി.
ആനമങ്ങാട് എയുപി സ്കൂളിലെ വിദ്യാർഥികളാണ് ആനമങ്ങാട് കുന്നിൻമേൽ ഭഗവതി ക്ഷേത്ര കണ്ടത്തിൽ നെൽകൃഷി കൊയ്തെടുത്തത്. പാഠപുസ്തകങ്ങളിൽ പഠിച്ചതിലുപരി കാർഷിക സംസ്കൃതിയെക്കുറിച്ചു കുട്ടികൾക്കു കൂടുതൽ മനസിലാക്കുന്നതിനാണ് ആനമങ്ങാട് യുപി സ്കൂളിലെ സോഷ്യൽ ക്ലബും ഹരിത സേനയും പരിപാടി സംഘടിപ്പിച്ചത്. കുന്നിൻമേൽ ഭഗവതിക്ഷേത്രം വക പാടശേഖരത്തിൽ നാല് ഏക്കർ സ്ഥലത്താണ് നെൽ കൃഷി ചെയ്തത്. രണ്ടാം വിള നെൽകൃഷിയാണ് ഇപ്പോൾ കൊയ്തത്.
ചിങ്ങം ഒന്നിനു കർഷക ദിനത്തിൽ വിദ്യാർഥികൾ കുന്നിൻമേൽ ഭഗവതി ക്ഷേത്രം വക കണ്ടത്തിലെത്തി ഞാറു നടീലിൽ പങ്കാളികളായിരുന്നു. തുടർന്നു വൃശ്ചികം എട്ടിനു വിളവെടുപ്പ് നടത്തുകയും ചെയ്തു. വിദ്യാർഥികൾക്കു പ്രോത്സാഹനവുമായി മഞ്ഞളാംകുഴി അലി എംഎൽഎയും പാടത്തെത്തിയിരുന്നു. തുടർന്നു കൊയ്ത്തുത്സവം എംഎൽഎ ഉദ്ഘാടനം ചെയ്തു. ആലിപ്പറന്പ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.പി മജീദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഷീജ മോൾ, ആലിപറന്പ് കൃഷി ഓഫീസർ കെ. റജീന, സ്കൂൾ
പ്രധാനാധ്യാപിക എൻ.പി റിത, മാനേജർ ഭാസ്ക്കരൻ, എൻ.പി മുരളി, ഇ.വി.മുകുന്ദൻ, കെ.എസ് പ്രിയ, നിഖിൽ, കെ.സി വന്ദന, സി. സിബി, കെ.മുരളീധരൻ, എൻ. പീതാംബരൻ, യൂസഫ് കൊടക്കാടൻ എന്നിവരും പങ്കെടുത്തു. കർഷകൻ പ്രകാശൻ മണലായ വിദ്യാർഥികൾക്കു കാർഷിക പ്രവൃത്തികളും കൊയ്ത്ത് രീതികളും പരിചയപ്പെടുത്തി. കർഷകരോടൊപ്പം വിദ്യാർഥികളും അധ്യാപകരും കൊയ്യാൻ കൂടി. കാർഷിക സംസ്കൃതിയെ അടുത്തറിഞ്ഞ ആഹ്ലാദത്തിലായിരുന്നു വിദ്യാർഥികളുടെ മടക്കം.


