കൗമാരകലയുടെ കേളികൊട്ട് മേലാറ്റൂരിന് ആഘോഷ പ്പൊലിമയേകിയപ്പോൾ റവന്യൂ ജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനം ജനകീയമായി.16 വേദികളിലായി 52 ഇനങ്ങളിൽ 2696 മത്സരാർത്ഥികളാണ് വ്യാഴാഴ്ച്ച കലോത്സവത്തിൽ മാറ്റുരച്ചത്. ജനകീയ മത്സര ഇനങ്ങളായ ഒപ്പന, മാപ്പിളപ്പാട്ട്, മിമിക്രി, മോണോ ആക്ട് എന്നിവ അരങ്ങേറിയ മുഖ്യവേദികളിൽ നിറഞ്ഞ ജനപങ്കാളിത്തമാണ് മേളയെ വർണ്ണാഭമാക്കിയത്.കൂടാതെ കഥകളി, പൂരക്കളി, പരിചമുട്ട്, മദ്ദളം, ചെണ്ടമേളം, വട്ടപ്പാട്ട്, ചാക്യാർകൂത്ത്, നങ്ങ്യാർ കൂത്ത്, മൃദംഗം, തബല, കേരള നടനം, തുടങ്ങിയവയും വ്യാഴാഴ്ച്ച നടന്നു.
മേളയുടെ മൂന്നാം ദിവസമായ ഇന്ന് ശാസ്ത്രീയ നൃത്ത ഇനങ്ങളായ ഭരതനാട്യം, കുച്ചുപ്പിടി തുടങ്ങിയവയും ജനകീയ ഇനങ്ങളായ തിരുവാതിരക്കളി മോണോ ആക്ട് ,നാടകം തുടങ്ങിയവയും നടക്കും. 2195 മത്സരാർത്ഥികൾ വെള്ളിയാഴ്ച്ച കലോത്സവ വേദികളിൽ മാറ്റുരയ്ക്കും.
പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചുള്ള മേള ചിട്ടയായ സംഘാടന മികവ് കൊണ്ട് ശ്രദ്ധ നേടി.
വേദികൾ തമ്മിലുള്ള ദൂരക്കൂടുതൽ മാത്രമാണ് അൽപ്പമെങ്കിലും മത്സരാർത്ഥികളെ വലച്ചത്.
മേള ഞായറാഴ്ച്ച സമാപിക്കും
അദ്ധ്യാപകൻ എഴുതി , വിദ്യാർത്ഥികൾ പാടി
സ്വന്തം വിദ്യാർത്ഥികൾക്കായി ദേശഭക്തിഗാനത്തിന് വരികളെഴുതിയ സുരേഷ് നടുവത്തിന് ഇത്തവണയും പിഴച്ചില്ല .ഹൈസ്കൂൾ വിഭാഗം ദേശഭക്തിഗാനത്തിൽ പാലേമാട് ശ്രീ വിവേകാനന്ദ എച്ച്.എസ്.എസിലെ സംഘത്തിന് ഒന്നാം സ്ഥാനം. കഴിഞ്ഞ അഞ്ച് വർഷമായി എച്ച്.എസ് , എച്ച്.എസ്.എസ് ദേശഭക്തി ഗാനസംഘങ്ങൾക്ക് വരികളെഴുതുന്നത് സ്കൂളിലെ എച്ച്.എസ്.എസ് അദ്ധ്യാപകനായ സുരേഷാണ്. മോഹിനിയാട്ടത്തിനും പാട്ട് ചിട്ടപ്പെടുത്താറുണ്ട്. ഖലിഫ എന്ന സിനിമയ്ക്കായും പാട്ടെഴുതിയിട്ടുണ്ട്. ഒരു നവഭാരത യുഗ ഗീതമെന്ന് തുടങ്ങുന്ന വരികൾക്ക് നേബി ബെൻടെക്സാണ് ഈണം പകർന്നത്. അനഘ, ഫർസാന, നീലിമ , ഗൗരി ,അർച്ചന, വൈഷ്ണ, അതിഥി എന്നിവരായിരുന്നു സംഘാംഗങ്ങൾ.
മൈലാഞ്ചി മൊഞ്ചിന്റെ വെണ്ണിലാവ്
വർണപ്പൊലിമയിൽ വസ്ത്രങ്ങളണിഞ്ഞ് മണവാട്ടി ചമഞ്ഞൊരുങ്ങിയപ്പോഴേക്കും വെള്ളക്കാച്ചിയും മുണ്ടും തട്ടവുമിട്ട് തോഴിമാരും തയ്യാറായി. കല്യാണ രാവുകളെ അനുസ്മരിപ്പിച്ച് കലോത്സവ നഗരിയിലും ഒരുക്കം തന്നെയായിരുന്നു പ്രധാനം. മണവാളനടുത്തേയ്ക്കക്കുന്ന മൊഞ്ചത്തിയെ ഒരുക്കിയിട്ടും അണിയിച്ചിട്ടും മതി വന്നില്ല തോഴിമാർക്ക്. ഒപ്പനയുടെ താളപ്പെരുക്കത്തിന് വളകിലുക്കം അണിയറയിൽ ഏറെ മുമ്പുതന്നെ തുടങ്ങി. പിന്നെ മണിയറ രാവിന്റെ മോഹങ്ങൾ പറഞ്ഞ് പാട്ടിന്റെ താളപ്പെരുമ.
ഇത്തവണയും റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ അരങ്ങുവാണു ജനകീയമായി ഒപ്പന മത്സരം. മണവാട്ടിയും സംഘങ്ങളും എത്തിയ നാലാം വേദിക്ക് കല്യാണത്തിളക്കമായിരുന്നു. മൂന്ന് വിഭാഗങ്ങളിൽ നിരവതി സ്കൂളുകളാണ് ഒപ്പന മത്സരത്തിൽ പങ്കെടുത്തത് .
ഓരോ ഒപ്പന സംഘങ്ങളേയും കാണികൾ ഹർഷാരവത്തോടെ എതിരേറ്റപ്പോൾ മത്സരം കടുത്തതായി. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഓരോ സംഘങ്ങളും പുറത്തെടുത്തത്.
അച്ഛന് ഗുരുദക്ഷിണയായി പുണ്യയുടെ ഒന്നാംസ്ഥാനം
അച്ഛൻ പഠിപ്പിച്ച പാഠങ്ങളത്രയും കുറിക്കുകൊള്ളും വിധംഅരങ്ങിൽ ഫലിപ്പിച്ച് എച്ച്.എസ്.എസ് പെൺകുട്ടികളുടെ വിഭാഗം മിമിക്രി മത്സരത്തിൽ ടി.പുണ്യ ഒന്നാം സ്ഥാനത്തോടെ പിതാവിന് ഗുരുദക്ഷിണ നൽകി. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് സ്കൂളിലെ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ പുണ്യ അഞ്ച് പേരോട് മത്സരിച്ചാണ് റവന്യൂ ജില്ലാ കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയത്. കഴിഞ്ഞ വർഷവും ജില്ലയിൽ ഒന്നാംസ്ഥാനമുണ്ടായിരുന്നു. ഇംഗ്ലീഷ് സിനിമാ ട്രെയ്ലറോടെ തുടങ്ങി എഫ്.എം റേഡിയോ അവതാരകയായും ചാക്യാരായും പുണ്യ അരങ്ങു തകർത്തു. ഉന്തുവണ്ടിയിൽ പഴവിൽപ്പനക്കാരനായ പിതാവ് സജീവൻ ചെറുപ്പം മുതലേ പുണ്യയെ മിമിക്രി പരിശീലിപ്പിച്ചിരുന്നു. അജിതയാണ് അമ്മ.


