പ്രളയം: പാസ്പോർട്ട് നഷ്ടമായവർക്ക് സൗജന്യമായി ലഭിക്കില്ല


മലപ്പുറം : ഉരുൾപൊട്ടലിലും പ്രളയത്തിലും പാസ്പോർട്ട് നഷ്ടമായവർക്ക് സൗജന്യമായി പുതിയതു നൽകണമെന്ന അഭ്യർഥന കേന്ദ്രസർക്കാർ തള്ളി. സൗജന്യമായി പാസ്പോർട്ട് അനുവദിക്കണമെന്ന പി.കെ.കുഞ്ഞാലിക്കുട്ടി എംപിയുടെ അഭ്യർഥന അംഗീകരിക്കാൻ കഴിയില്ലെന്ന്  വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.കേന്ദ്രം അനുകൂല തീരുമാനം എടുക്കുമെന്നു കരുതി കാത്തിരുന്നവർക്കെല്ലാം ഇരട്ടി നിരക്കായ 3,000 രൂപ അടയ്ക്കേണ്ടി വന്നിരുന്നു. ആവശ്യം തള്ളിയതായി സർക്കാർ അറിയിച്ചതോടെ ബാക്കിയുള്ളവരും ഇത്രയും തുക അടയ്ക്കേണ്ടി വരും.കഴിഞ്ഞ പ്രളയത്തിൽ പാസ്പോർട്ട് നഷ്ടമായവർക്ക് അന്നത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നിർദേശപ്രകാരം സൗജന്യമായി പാസ്പോർട്ടുകൾ നൽകിയിരുന്നു.

ഈ വർഷത്തെ പ്രളയത്തിൽ പാസ്പോർട്ട് സൗജന്യമായി നൽകാമോ എന്ന് അന്വേഷിച്ച് പാസ്പോർട്ട് ഓഫിസിൽ എത്തിയവരെ നിർദേശമില്ലെന്നു മറുപടി നൽകി തിരിച്ചയയ്ക്കുകയായിരുന്നു. ഇത്തവണത്തെ പ്രളയം ഏറ്റവുമധികം ബാധിച്ച മലപ്പുറം ജില്ലയിൽ, നഷ്ടപ്പെട്ട രേഖകൾ തിരിച്ചുനൽകാൻ ജില്ലാ ഭരണകൂടം അദാലത്തുകൾ നടത്തുന്നുണ്ട്.

ഇതിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും സൗജന്യ പാസ്പോർട്ട് നൽകുന്നത് പരിഗണിക്കണമെന്ന് അഭ്യർഥിച്ചിരുന്നു.പുതിയ പാസ്പോർട്ടിന് 1,500 രൂപയാണ് ഫീസ്. കാലാവധിയുള്ള പാസ്പോർട്ടുകൾ നഷ്ടമാവുകയോ കേടുവരുകയോ ചെയ്താൽ, പാസ്പോർട്ട് ഉടമയുടെ അശ്രദ്ധയെന്ന നിലയിൽ പുതിയതിന് 3,000 രൂപ നൽകണം. പ്രകൃതിദുരന്തത്തിൽ പാസ്പോർട്ട് നഷ്ടമായവരും ഇപ്പോൾ ഇതേ നിരക്ക് നൽകാൻ നിർബന്ധിതരായിരിക്കുകയാണ്.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !