ജിദ്ദ: നിലമ്പൂർ എക്സ്പാറ്റ്സ് ഓർഗനൈസേഷൻ 'നിയോ' ജിദ്ദ അൽറയാൻ പോളിക്ലിനിക്കുമായി സഹകരിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച.
നവംബർ 15 ന് കാലത്ത് 8 മണി മുതൽ ഷറഫിയ അൽറയാനിൽ വെച്ച് നടത്തുന്ന മെഡിക്കൽ ക്യാംപ് പതിവ് മെഡിക്കൽ ക്യാമ്പുകളിൽ നിന്നും വ്യത്യസ്‍തമായി കൊണ്ട് ഒട്ടനവധി ലാബ് ടെസ്റ്റുകൾ പൂർണ്ണമായും സൗജന്യമായി നൽകുമെന്ന് റയാൻ മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു.
വിവിധ പരിശോധനകൾക്കൊപ്പം ജീവിത ശൈലീ രോഗങ്ങളെ കുറിച്ചുള്ള അവബോധം നൽകുന്ന ക്ലാസ്സുകളും വൃക്ക സംബന്ധമായ രോഗ ലക്ഷണങ്ങളുള്ളവർക്ക് ക്രിയാറ്റിനിൻ ടെസ്റ്റിനും അവസരമൊരുക്കുന്നതാണ് 'നിയോ' യുടെ ക്യാമ്പിന്റെ പ്രത്യേകത.
വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുക. ഡോ. സമ്പത്ത്, ഡോ. വിനീതാ പിള്ള, ഡോ. ഷഫ്ന, ഡോ. താജ് മൊയ്തീൻ (ഗൈനക്) എന്നിവരാണ് പരിശോധനക്ക് മേൽനോട്ടം വഹിക്കുക.
രക്തത്തിലെ പഞ്ചസാര, കൊഴുപ്പ്, രക്തസമ്മർദ്ദം, യൂറിൻ ടെസ്റ്റ് എന്നിവയ്ക്കു പുറമേ ആവശ്യക്കാർക്ക് ഡോക്ടറുടെ ഉപദേശ പ്രകാരം ക്രിയാറ്റിനിൻ ടെസ്റ്റും ചെയ്തു കൊടുക്കുന്നതാണ്.
പ്രിൻസാദ് പറായി, കെബീർ കൊണ്ടോട്ടി എന്നിവരാണ് ബോധവൽക്കരണ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുക.
കാലത്ത് 8 മണിക്ക് ജെഎൻഎച്ച് എംഡി ശ്രീ. വിപി മുഹമ്മദാലി ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. നാല്പതോളം സാങ്കേതിക വിദഗ്ധരും, വളണ്ടിയർമാരും ക്യാമ്പിന്റെ നടത്തിപ്പിനായി പരിശീലനം നേടിക്കഴിഞ്ഞതായി മെഡിക്കൽ ക്യാമ്പ് കൺവീനർ ഗഫൂർ എടക്കരയും, ചെയർമാൻ ബശീർ പുതുക്കൊള്ളിയും അറിയിച്ചു. 'നിയോ' ഭാരവാഹികളായ റഷീദ് വരിക്കോടൻ, ജുനൈസ് കെ.ടി, പി.സി.എ റഹ്മാൻ, ഹുസൈൻ ചുള്ളിയോട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.
ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 0538658255, 0507439295 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
റിപ്പോർട്ട്: മൻസൂർ എടക്കര ജിദ്ദ


