മദ്രസ അധ്യാപക ക്ഷേമനിധി ആനുകൂല്യങ്ങൾ അടുത്ത സാന്പത്തിക വർഷത്തോടെ വർധിപ്പിക്കുമെന്നു ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ ഹജ്ജ് വഖഫ് കാര്യവകുപ്പ് മന്ത്രി കെ.ടി ജലീൽ. മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നുള്ള 2019 -2020 വർഷത്തെ ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാലിക്കട്ട് സർവകലാശാല ഇസ്ലാമിക് ചെയറിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പത്തു മാസത്തിനുള്ളിൽ മദ്രസ അധ്യാപക ക്ഷേമനിധിയിൽ അന്പതിനായിരത്തിലധികം അംഗങ്ങളെ ചേർക്കലാണ് ലക്ഷ്യം. അന്പതിനായിരത്തിലധികം അംഗങ്ങളായാൽ ക്ഷേമനിധി ആനുകൂല്യം സർക്കാർ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിമാസ പെൻഷൻ ആയിരത്തിൽ നിന്നു 1200 ആയും വിവാഹ ധനസഹായം പതിനായിരത്തിൽ നിന്നു 25000 രൂപയായും ഉയർത്താനാണ് തീരുമാനം. ചികിത്സാ സഹായം, മരണാനന്തര സഹായം, വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് എന്നിവയിലും വർധന വരുത്തും. നിലവിൽ അർഹരായ 230 പേർക്കാണ് പെൻഷൻ നൽകുന്നത്. പതിനായിരം രൂപ വീതം 210 പേർക്കു ഇതിനകം വിവാഹ ധനസഹായവും നൽകി. 4.5 ലക്ഷം രൂപ ചികിത്സ ധനസഹായമായും അനുവദിച്ചു. അഞ്ചുപേർക്കു 15000 രൂപ വീതം പ്രസവ ആനുകൂല്യവും നൽകി. ഈയിനത്തിലുള്ള ആനുകൂല്യം അടുത്ത വർഷം 25000 രൂപയായി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ എം.പി. അബ്ദുൾ ഗഫൂർ അധ്യക്ഷനായിരുന്നു. കാലിക്കട്ട് വിസി ഡോ. കെ. മുഹമ്മദ് ബഷീർ മുഖ്യാതിഥിയായിരുന്നു. പി. അബ്ദുൾ ഹമീദ് എംഎൽഎ, സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൾ വഹാബ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ്, പള്ളിക്കൽ, തേഞ്ഞിപ്പലം പഞ്ചായത്തംഗങ്ങളായ കെ. സാബിറ, കെ. ഷിജു, ഉമ്മർ ഫൈസി മുക്കം, ഹാജി പി.കെ. മുഹമ്മദ്, എ.കെ. ഇസ്മായിൽ വഫ, സിദിഖ് മൗലവി അയിലക്കാട്, എ. ഖമറുദീൻ മൗലവി, പി.സി. സഫിയ, ഒ.പി.ഐ. കോയ, ഒ.ഒ. ഷംസു എന്നിവർ പ്രസംഗിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻ കുട്ടി സ്വാഗതവും മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എം ഹമീദ് നന്ദിയും പറഞ്ഞു.


