തേഞ്ഞിപ്പലം: ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ. കാലിക്കട്ട് സർവകലാശാല കാന്പസിൽ സുവർണ ജൂബിലി കംപ്യൂട്ടേഷണൽ സയൻസസ് സെന്ററിന്റെയും ഏകീകൃത ലൈബ്രറി മാനേജ്മെന്റ്, ഓപ്പണ്‍ സോഴ്സ് ഡിസ്കവറി സംവിധാനങ്ങളുടെയും വിദ്യാർഥി വികസന വെബ് പോർട്ടലുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാലിദ്വീപുമായി വിദ്യാഭ്യാസ വിനിമയത്തിനു നടപടികളായതായും താൻ ഉടൻ മാലിദ്വീപ് സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു.
സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദേശത്ത് നിന്ന് ഉൾപ്പെടെ വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകൾ വിദ്യാർഥികൾക്കു ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനു നടപടികൾ സ്വീകരിച്ചു വരികയാണ്. പോസ്റ്റ് മോഡറേഷൻ വിഷയത്തിൽ വിവാദങ്ങൾ ഒഴിവാക്കാൻ രക്ഷിതാക്കൾ, വിദ്യാർഥികൾ, വിദ്യാർഥി സംഘടന പ്രതിനിധികൾ എന്നിവരുടെ പങ്കാളിത്തത്തിൽ തുറന്ന സംവാദം സമൂഹത്തിന്റെ പൊതുമണ്ഡലത്തിൽ നടത്തേണ്ടതുണ്ട്. പരീക്ഷ ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ അധ്യാപകർ കുറെക്കൂടി ശ്രദ്ധ ചെലുത്തണം. സർക്കാറിന് സാമ്പത്തിക ബാധ്യതകൾ വരാത്ത രീതിയിൽ അധ്യാപകരുടെ അക്കഡേമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് വിദേശരാജ്യങ്ങളിൽ പോകുന്നതിന് സർക്കാറിന്റെ മുൻകൂട്ടിയുള്ള അനുവാദം വേണമെന്ന നിബന്ധന ഒഴിവാക്കിയെന്നും മന്ത്രി പറഞ്ഞു.
3750 സ്ക്വയർ മീറ്ററിൽ നാല് നിലകളിലായി റൂസ ഫണ്ടിൽ ലഭിച്ച 6.42 കോടി രൂപ വിനിയോഗിച്ചാണ് സുവർണ ജൂബിലി കംപ്യൂട്ടേഷണൽ സയൻസ് കെട്ടിടം നിർമിച്ചത്. കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിലെ മുഴുവൻ പഠനവകുപ്പുകളിലെ ലൈബ്രറി സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് യൂണിഫൈഡ് ലൈബ്രറി മാനേജ്മെന്റ് സിസ്റ്റം. ഇതോടെ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇന്റർനെറ്റ് ഉപയോഗിച്ച് ഈ ലൈബ്രറികളുടെ സേവനം ഉപയോഗിക്കാം.
പുസ്തകം ബുക്ക് ചെയ്യൽ, പുതുക്കൽ, കാറ്റലോഗ് പരിശോധിക്കൽ തുടങ്ങിയ സേവനങ്ങൾ ഇതു വഴി സാധിക്കും. വിദ്യാർഥികളെ സംബന്ധിച്ച വിവരങ്ങൾ, ഓണ്‍ലൈൻ സേവനങ്ങൾ തുടങ്ങിയവ സ്റ്റുഡന്റ് പോർട്ടലിൽ ലഭ്യമാകും.
ഓരോ പഠനവകുപ്പിന്റെയും സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഡിപ്പാർട്ടുമെന്റ് പോർട്ടലിൽ ഉണ്ടാകും. ഓരോ ഡിപ്പാർട്ടുമെന്റിന്റെയും സിസിഎസ്എസ് വർക്കുകൾ കംപ്യൂട്ടറൈസ് ചെയ്ത് കടലാസ് രഹിതമാകും.
വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അധ്യക്ഷനായിരുന്നു. യൂണിവേഴ്സിറ്റി എൻജിനിയർ വി.ആർ. അനിൽകുമാർ പ്രോജക്ട് റിപ്പോർട്ടും സ്റ്റാറ്റിസ്റ്റിക്സ് പഠന വിഭാഗം മേധാവി ഡോ. കെ. ജയകുമാർ അക്കഡേമിക് റിപ്പോർട്ടും അവതരിപ്പിച്ചു. സിൻഡിക്കറ്റംഗങ്ങളായ ടോം കെ. തോമസ്, ഡോ. പി. വിജയരാഘവൻ, എൻ.വി അബ്ദുൾറഹ്മാൻ, എം.എ യുജിൻ മോർലി, റൂസ പ്രതിനിധി ഡോ. സുധീർകുമാർ, ഡിപ്പാർട്ടുമെന്റ് സ്റ്റുഡന്റ്സ് യൂണിയൻ പ്രതിനിധി സച്ചിൻ എന്നിവർ പ്രസംഗിച്ചു.
പിവിസി ഡോ. പി. മോഹൻ സ്വാഗതവും രജിസ്ട്രാർ ഡോ. സി.എൽ ജോഷി നന്ദിയും പറഞ്ഞു.


