ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള മിക്സ് അക്കാദമി കഴിഞ്ഞ നാലു വർഷമായി ജിദ്ദയിൽ നടത്തിവരുന്ന വർക് ഷോപ്പിൻറെ നാലാമത്തെ ഭാഗമായി ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച MICS 2019 ശില്പശാലയിൽ വിവിധ സ്കൂളുകളിൽ നിന്നുമായി നിരവധി വിദ്യാർഥികൾ സംബന്ധിച്ചു. 9,10,11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ശില്പശാലയിൽ പ്രവേശനം നൽകിയത്.
ജുനൈന ഹമീദിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങ് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ മുഹമ്മദ് ഗസൻഫർ ആലം ഉദ്‌ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ രംഗത്തെ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ബോധവാന്മാരാവണമെന്നും വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചു ഉന്നത വിദ്യാഭ്യാസവും ജോലിയും കരസ്ഥമാക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മിക്സ് അക്കാദമി ചെയർമാൻ അബ്ദുൽ ഗനി മലപ്പുറം ആമുഖ പ്രസംഗം നടത്തി.പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഇ.എം അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫർഹദുന്നിസ, അൽ മവാരിദ് സ്കൂൾ പ്രിൻസിപ്പൽ ഡോ.പീറ്റർ റൊണാൾഡ്, ജുനൈദ്, കെ.പി. ആഷിഫ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. അലി കോയ സ്വാഗതവും, ഉമർ മുഖ്താർ നന്ദിയും പറഞ്ഞു.
സിവിൽ സർവീസ് മേഖലയിലും ഇതര ഉയർന്ന തസ്തികകളിലും ഉള്ള ജോലികളെക്കുറിച്ചും മത്സര പരീക്ഷകളെക്കുറിച്ചും അതിനു വേണ്ട തെയ്യാറെടുപ്പുകളെക്കുറിച്ചും വിശദമായി സംസാരിച്ചു കൊണ്ട് മിക്സ് ചീഫ് ഫാക്കൽറ്റി കെ. പി. ആഷിഫ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ഒ. അബു സാലി പരീക്ഷകൾ നിയന്ത്രിച്ചു.
സമാപന ചടങ്ങ് കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഫോറിൻ സർവീസിലേക്ക് താൻ എത്തിപ്പെട്ട നാൾവഴികൾ അദ്ദേഹം വിശദീകരിച്ചത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ പ്രചോദനം നൽകുകയുണ്ടായി.
അൽ അബീർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആലുങ്ങൽ മുഹമ്മദ്, ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ, ഐ.പി.സബ്ല്യു.എഫ് സെക്രട്ടറി ഖമർ സാദ, എസ് .ഐ.ബി.എൻ സെക്രട്ടറി മിർ ഗസ്നഫർ അലി സക്കി, അമൂബ അഡ്വൈസർ അസീസുറബ്ബ്, ഇന്ത്യാ ഫ്രാറ്റേണിറ്റി ഫോറം റീജിയണൽ പ്രസിഡന്റ് ഫയാസുദ്ദീൻ ചെന്നൈ, അസീം സീഷാൻ തുടങ്ങിയവർ സംബന്ധിച്ചു.
ശില്പശാലയോടനുബന്ധിച്ച് നടത്തിയ പരീക്ഷയിലെ ഉന്നത വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് വിതരണം ചെയ്തു. സമാപന ചടങ്ങിന് അൽ അമാൻ നാഗർ കോവിൽ സ്വാഗതവും മുബഷിർ കരുളായി നന്ദിയും പറഞ്ഞു.
മിക്സ് ശില്പശാലയിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പ്രത്യേക ക്ലാസും മുൻ വർഷങ്ങളിൽ മിക്സ് ശില്പശാലയിൽ സംബന്ധിച്ച വിദ്യാർത്ഥികൾക്ക് തുടർ പരിശീലനത്തെ സംബന്ധിച്ച സെഷനും മിക്സ് 2019 ൽ സംഘടിപ്പിച്ചിരുന്നു.
പ്രോഗ്രാം കമ്മറ്റി കൺവീനർ ഫൈസൽ തമ്പാറ, നാസർ ഖാൻ നാഗർകോവിൽ, ഹനീഫ കിഴിശ്ശേരി, കോയിസ്സൻ ബീരാൻ കുട്ടി, റഫീഖ് മംഗളൂരു, ഹംസ കരുളായി, മുജാഹിദ് പാഷ, ഷാഹുൽ ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസുകൾക്കും പരീക്ഷകൾക്കും ശേഷം ശനിയാഴ്ച വൈകിട്ട് പരിപാടി സമാപിച്ചു.


