നിലന്പൂർ: ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നുവെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി അഭിപ്രായപ്പട്ടു. ഇതര സംസ്ഥാനങ്ങളിൽ പോയി കുട്ടികൾ തെരുവിൽ അലയേണ്ടിവരുന്നത് ഗുണനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇപ്പോഴും കേരളത്തിൽ കുറവാണെന്നതുകൊണ്ടാണെന്ന് യൂസഫലി പറഞ്ഞു.
നിലന്പൂർ യതീംഖാനയുടെ സുവർണ ജൂബിലി ആഘോഷം മൈലാടി അമൽ കോളജ് ക്യാംപസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നൈയിലും ബാംഗ്ലൂരിലും, മറ്റു ഇതരസംസ്ഥാനങ്ങളിലും പോയി പഠിച്ച് മക്കൾ മരണത്തിലേക്കും മറ്റും വഴുതിവീഴുന്ന വാർത്തകൾ നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ നമ്മുടെ കുട്ടികൾ ഉയർന്ന ചിന്തയുള്ളവരാണ്. അതിനാൽ നമ്മുടെ നാട്ടിൽ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുക്കാനാണ് ഭരണ കർത്താക്കൾ തയാറാവേണ്ടത്. ഇവരെ പഠിപ്പിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. നല്ല ഗുണമേൻമയുള്ള ഭാവി തലമുറയെ വാർത്തെടുക്കാൻ രാഷ്ട്രീയ നേതാക്കളുടേയും ഉദ്യോഗസ്ഥരുടെയും സഹകരണം വേണം.
പഠിക്കാനുള്ള സാഹചര്യം കേരളത്തിൽ തന്നെ ഒരുക്കാൻ കേരളത്തിലെ ഭരണാധികാരികൾ ശ്രദ്ധിക്കണം. പി.വി.അബ്ദുൽ വഹാബ് എംപി അധ്യക്ഷനായി. മുൻമന്ത്രി ആര്യാടൻ മുഹമ്മദ്, പി.വി.അൻവർ എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു. അമൽ കോളജ് പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ചടങ്ങിൽ നടന്നു. അനാഥമക്കൾക്ക് സംരക്ഷണം നൽകുന്ന സ്ഥാപനമെന്ന നിലയിൽ അമൽ കോളജിന് അഞ്ചുകോടി രൂപയുടെ കെട്ടിടം നിർമിക്കാൻ യൂസഫലി തുക വാഗ്ദാനം ചെയ്തു. മജീഷ്യൻ രാഗിൻ മലയത്തിന്റെ മൈൻഡ് മാജിക്കും അരങ്ങേറി. വ്യവസായ പ്രമുഖൻമാരായ പി.വി.അഹമ്മദ്, തെരുവത്ത് ഖാദർ, യതീംഖാന പ്രസിഡന്റ് പി.വി.അലി മുബാറക്, അമൽ കോളജ് പ്രിൻസിപ്പൽ ഡോ.പി.എം.അബ്ദുൽ സാക്കിർ, എം.എം.നദ്വി തുടങ്ങിയവർ സംബന്ധിച്ചു. ഗ്രാഫിക് നോവൽ പ്രകാശനവും ചടങ്ങിൽ നടന്നു.
നിലന്പൂർ യത്തീംഖാനയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി നിർവഹിക്കുന്നു


