കുറ്റിപ്പുറം : കോഴിക്കോട്–എറണാകുളം ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിലെ രാത്രികാല ഗതാഗത നിരോധനം ഇന്നു മുതൽ. രാത്രി 9 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിർത്തിവയ്ക്കും. പാലത്തിന്റെ അറ്റകുറ്റപ്പണിക്കായാണ് ഇതുവഴിയുള്ള രാത്രികാല ഗതാഗതം നിരോധിക്കുന്നത്.ഇന്നുമുതൽ അടുത്ത 8 ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം. പാലത്തിലൂടെ കാൽനടയാത്ര അനുവദിക്കും.
തൃശൂർ ഭാഗത്തേക്ക്
∙ തിരുനാവായയിൽ എത്തുന്ന വാഹനങ്ങൾക്ക് ആലത്തിയൂർ ജംക്‌ഷൻ ഒഴിവാക്കി ബീരാഞ്ചിറയിൽ നിന്ന് തിരിഞ്ഞ് വേഗത്തിൽ ചമ്രവട്ടത്ത് എത്താം.
∙ താനൂരിൽ നിന്ന് തിരക്ക് കുറഞ്ഞ തീരദേശത്തെ ടിപ്പുസുൽത്താൻ റോഡ് വഴി ബിപി അങ്ങാടിയിലും മംഗലം–പുറത്തൂർ റോഡ് വഴി ചമ്രവട്ടത്തും എത്താം. തീരദേശത്തു കൂടി യാത്രതുടരുന്ന വാഹനങ്ങൾക്ക് തിരൂർ ടൗൺ, തകരാറിലായ താനൂർ റോഡ്, ചമ്രവട്ടം പാതയിലെ ഗതാഗതക്കുരുക്ക് എന്നിവ ഒഴിവാക്കി പൊന്നാനിയിലും നടുവട്ടത്തും എത്തി മുന്നോട്ടുപോകാം.
∙ കോഴിക്കോട് ഭാഗത്തു നിന്നുള്ള വാഹനങ്ങൾക്ക് തീരദേശപാത വഴി പടിഞ്ഞാറെക്കരയിൽ എത്തി ജങ്കാർ വഴിയും പൊന്നാനിയിൽ എത്തിച്ചേരാം.
കോഴിക്കോട്ടേക്ക്
∙ ചങ്ങരംകുളം, നടുവട്ടം, എടപ്പാൾ, കണ്ടനകം, തവനൂർ ജംക്‌ഷൻ, മിനിപമ്പ എന്നിവിടങ്ങളിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞുള്ള റോഡുകൾ വഴി ചമ്രവട്ടം പാലം വഴി തിരൂരിൽ എത്തി കോഴിക്കോട്ടേക്ക് യാത്ര തുടരാം.
∙ ചമ്രവട്ടം പാതയിൽ നിന്ന് പെരുന്തല്ലൂർ, ആലത്തിയൂർ, ബിപിഅങ്ങാടി എന്നിവിടങ്ങളിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് തിരുനാവായയിൽ എത്തി പുത്തനത്താണി വഴി തിരക്കിൽ പെടാതെ കോഴിക്കോട് പാതയിൽ എത്താനാകും.
∙ ചമ്രവട്ടത്തു നിന്ന് കാവിലക്കാട്, ആലിങ്ങൽ വഴി മംഗലത്ത് എത്തിയും ചെറിയ വാഹനങ്ങൾക്ക് തീരദേശ റോഡ് വഴി താനൂരിൽ എത്താം.
∙ ആലത്തിയൂർ, മാങ്ങാട്ടിരി ജംക്‌ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തിരൂർ നഗരവും താനൂർ വരെ തകർന്ന് കിടക്കുന്ന റോഡും ഒഴിവാക്കി കോഴിക്കോട് റോഡിൽ പ്രവേശിക്കാം.
∙ പൊന്നാനിയിൽ എത്തി ജങ്കാർ വഴി ടിപ്പുസുൽത്താൻ റോഡിലൂടെയും താനൂരിൽ എത്തിച്ചേരാനാകും.
ഇരുവശത്തേക്കും
∙ കോഴിക്കോട് ഭാഗത്തു നിന്ന് തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ എത്തിച്ചേരാൻ ചമ്രവട്ടം പാലം, കൊപ്പം–പട്ടാമ്പി പാലം–പെരുമ്പിലാവ്, പുത്തനത്താണി–തിരുനാവായ– ചമ്രവട്ടം പാലം – പൊന്നാനി വഴികളിലൂടെ വലിയ വാഹനങ്ങൾക്ക് യാത്ര തുടരാം.
∙ വളാഞ്ചേരിയിൽ നിന്ന് വെള്ളിയാങ്കല്ല് പാലം വഴി തൃത്താലയിൽ എത്തിയാൽ പെരുമ്പിലാവ്, ചങ്ങരംകുളം, എടപ്പാൾ എന്നിവിടങ്ങളിലും തിരിച്ച് അതുവഴി കോഴിക്കോട് റോഡിലും എത്താനാകും.


