ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം നൽകാന് വണ്ടൂർ വടക്കുംപാടത്ത് കൊത്തൊലെൻഗോ വൊക്കേഷണൽ റീഹാബിലിറ്റേഷൻ റിസർച്ച് സെന്റർ പ്രവർത്തനമാരംഭിച്ചു. എ.പി. അനിൽ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കംപ്യൂട്ടർ ലാബ് നിലന്പൂർ നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ എ. ഗോപിനാഥും തയ്യൽ യൂണിറ്റ് വണ്ടൂർ പഞ്ചായത്തംഗം ഷീലയും ഉദ്ഘാടനം ചെയ്തു. വണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സജിത അധ്യക്ഷത വഹിച്ചു. വണ്ടൂർ പഞ്ചായത്തംഗം പി.സതീഷ്, ഡയറക്ടർ ഫാ.ഷോണി മാത്യു പെരുന്പള്ളീൽ എസ്.എസ്.സി, കൊളാബ്രേററർ ഫാ.സേവ്യർ വർഗീസ് എസ്എസ്സി എന്നിവർ പ്രസംഗിച്ചു.
അംഗപരിമിതരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുക, സാമൂഹ്യനീതി, സമത്വം, തുല്യ അവസരം എന്നിവ സാക്ഷാത്കരിക്കുക, പൊതുസമൂഹത്തിലും കുടുംബത്തിലും നിലനിൽക്കുന്ന വേർതിരിവ് അകറ്റി മുഖ്യധാരയിലെത്തിക്കുക, മാനസികോല്ലാസം ഉറപ്പുവരുത്തുക, അതിർവരന്പുകളിലാത്ത സേവനം ഭിന്നശേഷിക്കാർക്ക് ലഭ്യമാക്കുക, പരിശീലനം ലഭിക്കുന്നവരിൽ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരിൽ 15 ശതമാനം പേർക്കും മറ്റ് വൈകല്യവിഭാഗങ്ങളിൽ പെട്ടവർക്ക് 40 ശതമാനവും ബന്ധപ്പെട്ട തൊഴിലിൽ ജോലി ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കൊത്തൊലെൻഗോ എഡ്യൂക്കേഷണൽ ആന്‍ഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ തൊഴിൽ പരിശീലനകേന്ദ്രം ആരംഭിച്ചത്.
തുടക്കത്തിൽ നിലന്പൂർ താലൂക്കിലുള്ള 20 പേർക്കാണ് തയ്യൽ, കംപ്യൂട്ടർ എന്നിവയിൽ പരിശീലനം നൽകുന്നത്. 1827ലാണ് വി. ജോസഫ് കത്തൊലെൻഗോ ഇറ്റലിയിൽ ദൈവപരിപാലനയുടെ ചെറുഭവനം എന്ന സന്നദ്ധ സംഘടന ആരംഭിച്ചത്. വിവിധ രാജ്യങ്ങളിൽ കൊത്തൊലെൻഗൊ സംഘടന പ്രവർത്തിക്കുന്നുണ്ട്.


