60ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിയാൻ ഇനി നിമിഷങ്ങൾ മാത്രം. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തിയതോടെ യുവജനോത്സവത്തിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമായി. നടൻ ജയസൂര്യ മുഖ്യാതിഥിയാവും.
കാഞ്ഞങ്ങാട് ഐങ്ങോത്തെ പ്രധാന വേദിയിലാണ് ഉദ്ഘാടന ചടങ്ങുകൾ.
മന്ത്രിമാരായ ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് ചടങ്ങ്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രധാന വേദിയിലുണ്ട്.
വേദിയിൽ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി എന്നിവർ ചെണ്ടമേളത്തിനൊപ്പം പങ്കുചേരുന്നു.
കലോത്സവം ഹൈടെക്കാക്കി കൈറ്റ്
നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ കാഞ്ഞങ്ങാട്ട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവവും ഹൈടെക് ആക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കി.
രജിസ്ട്രേഷന് മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിൻറിങ്ങും ഉള്‍പ്പെടെ മുഴുവന്‍ പ്രക്രിയകളും പൂർണമായും ഓണ്‍ലൈന്‍ രൂപത്തിലാക്കി. മത്സരാർഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, പാര്ട്ടിസിപ്പൻറ് കാര്‍ഡ് ലഭ്യമാക്കുക, ടീം മാനേജര്‍മാര്‍ക്കുള്ള റിപ്പോര്‍ട്ടുകള്‍, സ്റ്റേജുകളിലെ വിവിധ ഇനങ്ങള്‍, ഓരോ സ്റ്റേജിലെയും ഓരോ ഇനങ്ങളും യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാള്‍ഷീറ്റ്, സ്കോര്‍ഷീറ്റ്, ടാബുലേഷന്‍ തുടങ്ങിയവ തയാറാക്കല്‍ ലോവര്‍ - ഹയര്‍ അപ്പീല്‍ നടപടിക്രമങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും പോര്‍ട്ടല്‍ വഴിയായിരിക്കും. മത്സരഫലങ്ങള്‍ www.schoolkalolsavam.in വഴി തത്സമയം അറിയാന്‍ കഴിയും.
പോര്‍ട്ടലിലെ വിവരങ്ങള്‍ ‘പൂമരം’ എന്ന മൊബൈല്‍ ആപ് വഴിയും ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘KITE poomaram’ ആപ് ഡൗണ്‍ലോഡ് ചെയ്യാം. രചനാ മത്സരങ്ങള്‍ (കഥ, കവിത, ചിത്രരചന തുടങ്ങിയവ) ഫലപ്രഖ്യാപനത്തിനു ശേഷം സ്കൂള്‍ വിക്കിയില്‍ (www.schoolwiki.in) അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മത്സര ഇനങ്ങളും ഫലങ്ങള്‍ക്കൊപ്പം വിവിധ വേദികളില്‍ നടക്കുന്ന ഇനങ്ങള്‍ www.victers.kite.gov.in വഴിയും KITE VICTERS എന്ന മൊബൈല്‍ ആപ് വഴിയും തത്സമയം കാണാം. കലോത്സവം തത്സമയം സ്കൂളുകളില്‍ കാണുന്നതിനും അവസരമൊരുക്കുന്നുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.


