മഞ്ചേരി: പയ്യനാട് ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ ഫ്‌ളഡ്‌ലിറ്റ് സ്ഥാപിക്കുന്നതിനുളള നടപടികൾ തുടങ്ങി.
നാലുകോടി രൂപ ചെലവിലാണ് വിളക്കുകൾ സ്ഥാപിക്കുന്നത്. 1000-1200 ലക്‌സ് പ്രകാശമുളള നാലു ഫ്‌ളഡ്‌ലിറ്റുകളാണ് സജ്ജമാക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ ലൈറ്റിങ് ടെക്‌നോളജിയാണ് കരാറെടുത്തത്. ജില്ലാകളക്ടർ ജാഫർ മാലികിനെ സന്ദർശിച്ച് കമ്പനി അധികൃതർ കരാറിൽ ഒപ്പുവച്ചു. ഈയാഴ്ച നിർമാണം തുടങ്ങാനാണ് ശ്രമം. ജനുവരി 10-ന് മുമ്പ് പണിപൂർത്തിയാവും. ഭാവിയിൽ 2000 ലക്‌സ് പ്രകാശമുള്ള ഫ്‌ളഡ്‌ലിറ്റുകൾ സ്ഥാപിക്കാനുള്ള സൗകര്യവും ഒരുക്കും. തത്സമയപ്രക്ഷേപണത്തിനുള്ള സാധ്യത മുൻനിർത്തിയാണ് ഇതുചെയ്യുന്നത്.
ഫ്‌ളഡ്‌ലിറ്റില്ലാത്തത് പയ്യനാട് സ്റ്റേഡിയത്തിന്റെ പുരോഗതിയെ പിന്നോട്ടുവലിച്ചിരുന്നു. ഫെഡറേഷൻകപ്പും സന്തോഷ് ട്രോഫിയും മുമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. വെളിച്ചത്തിന് താത്കാലികസംവിധാനമാണ് ഒരുക്കിയത്. എന്നാൽ അശാസ്ത്രീയമായ സംവിധാനം ടീമുകളിൽ ഏറെ പരാതിക്കിടയാക്കി. സ്ഥിരം ഫ്ളഡ്‌ലിറ്റിന് അഞ്ചുവർഷം മുമ്പ് തീരുമാനമെടുത്തെങ്കിലും പദ്ധതി സാങ്കേതികകുരുക്കിൽപ്പെടുകയായിരുന്നു. ഫ്‌ളഡ്‌ലിറ്റ് സ്ഥാപിച്ചാൽ സന്തോഷ് ട്രോഫി ഉൾപ്പടെയുളള ദേശീയമത്സരങ്ങളുടെ നടത്തിപ്പിന് അവകാശവാദം ഉന്നയിക്കാനും കഴിയും. ലൈറ്റിങ് ടെക്‌നോളജി ജനറൽ മാനേജർ സിബി ശ്രീനിവാസന്റെ നേതൃത്വത്തിൽ പയ്യനാട് സ്റ്റേഡിയം സന്ദർശിച്ചു. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ അനുഗമിച്ചു.


